ചണ്ഡീഗഢ്: ലുധിയാന സ്ഫോടനത്തില്‍ പങ്കുള്ള, ജര്‍മ്മനിയില്‍ അറസ്റ്റിലായ ഖലിസ്ഥാന്‍ ഭീകരന് ജസ്വിന്തര്‍ സിങ് മുള്‍ട്ടാനിയെ ചോദ്യം ചെയ്യാന്‍ എന്‍ ഐഎ ജര്‍മ്മനിയിലേക്ക് പോകും.
സിഖ്സ് ഫോര്‍ ജസ്റ്റിസ്(എസ് എഫ്ജെ) എന്ന സിഖ് തീവ്രവാദ സംഘടനയിലെ അംഗമായ മുള്‍ട്ടാനിയെ ജര്‍മ്മന്‍ പൊലീസാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 23നാണ് ലുധിയാന കോടതി സമുച്ചയത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്ഫോടനം നടന്നത്. മുള്ട്ടാനിയ്ക്കും ലുധിയാന സ്ഫോടനത്തില്‍ പിടിയിലായ മറ്റുള്ളവര്‍ക്കും എതിരെ യുഎപിഎ പ്രകാരം എന്‍ ഐഎ കേസെടുത്തു. മുള്‍ട്ടാനിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കം പുരോഗമിക്കുകയാണ്.
ഖാലിസ്ഥാന്‍ സംഘടനകള്‍ സിഖ് യുവാക്കളെ തീവ്രവാദികളാക്കുന്നു
ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ സിഖ് യുവാക്കളെ വന്‍തോതില്‍ തീവ്രവാദികളാക്കി മാറ്റുകയാണെന്ന് എന്‍ ഐഎ പറയുന്നു. ഖലിസ്ഥാന്‍ സംഘടനകളുടെ അജണ്ടയും തീവ്രവാദ പ്രവര്‍ത്തനങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാണ് സിഖ് യുവാക്കളെ തീവ്രവാദത്തിന്റെ പാതയിലെത്തിക്കുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ ക്രമസമാധാനം തകര്‍ക്കാന്‍ വന്‍തോതിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സംഘടനകള്‍ നടത്തുന്നത്.
മുള്‍ട്ടാനിയെ വിശദമായി ചോദ്യം ചെയ്യാന്‍ എന്‍ ഐഎ സംഘം ജര്‍മ്മനിയിലേക്ക് പോകും. ലുധിയാന സ്ഫോടനത്തില്‍ മുള്‍ട്ടാനിയുടെ പങ്ക് തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മറ്റ് ഏതൊക്കെ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും അന്വേഷിക്കും.
മുള്‍ട്ടാനിയെ ജര്‍മ്മനിയില്‍ കുടുക്കിയതെങ്ങിനെ?
വിദേശകാര്യമന്ത്രാലയം ബെര്‍ലിന്‍ എംബസി വഴിയാണ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയത്. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത ജര്‍മ്മനിയെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചു. മുള്ട്ടാനിയെക്കുറിച്ചുള്ള വിശദമായ ഒരു റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. പിന്നീട് ജര്‍മ്മന്‍ പൊലീസാണ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്യുന്നത്.
ലുധിയാന കോടതി സമുച്ചയത്തില്‍ ബോംബ് സ്ഫോടനം നടത്തിയതെന്തിന്?
ഡിസംബര്‍ 23നാണ് ഇന്ത്യയെ നടുക്കിയ ലുധിയാന കോടതി സമുച്ചയത്തിലെ ബോംബ് സ്ഫോടനം നടന്നത്. രണ്ട് പേര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗഗന്‍ദീപ് സിങ് എന്ന ഭീകരന് തനിക്കെതിരായ മയക്കമരുന്ന കടത്ത് സംബന്ധിച്ച കേസുകളുടെ ഫയലുകള്‍ നശിപ്പിക്കാനാണ് സ്ഫോടനം നടത്തിയതെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ ചതോപാദ്ധ്യായ പറയുന്നു. അന്ന് ഗഗന്‍ദീപ് സിങിനെതിരായ കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: