കടയ്ക്കല്‍: കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തിരക്ക് വര്‍ധിക്കുമ്പോഴും സൗകര്യങ്ങള്‍ ഒരുക്കാതെ ആരോഗ്യവകുപ്പ്. താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ വന്‍തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
രാവിലെ മുതല്‍ ഉച്ചവരെ 1350 പേര് കഴിഞ്ഞ ദിവസം ചികിത്സതേടി എത്തി. ഉച്ചയ്ക്ക് ശേഷം അത്യാഹിത വിഭാഗവും സാധാരണ ഒപി പോലെ പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണ്. കൊവിഡ് മാനദണ്ഡം പാലിക്കാതെയാണ് ആശുപത്രിയില്‍ രോഗികളുടെ ക്യൂനില്പ്. ആശുപത്രി അധികൃതര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പനി ബാധിച്ച് എത്തുന്നവരാണ് കൂടുതലും. കടയ്ക്കല്‍, കുമ്മിള്‍, ചിതറ, ഇട്ടിവ, ഇളമാട്, ചടയമംഗലം, അലയമണ്‍, നിലമേല്‍ പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.
ചിതറ പഞ്ചായത്തിലെ ആദിവാസി കോളനിയില്‍ നിന്നുള്ളവരും എത്തുന്നു. രോഗികളുടെ തിരക്ക് അനുസരിച്ചു ഒപി വിഭാഗത്തില്‍ പരിശോധനയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കുന്നില്ല. 15 ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഒപിയില്‍ അഞ്ച് ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ശേഷം അത്യാഹിതത്തില്‍പെട്ട് വരുന്ന വര്‍ക്ക് പുറമേ മറ്റു അസുഖം ബാധിച്ചവരും അത്യാഹിത വിഭാഗത്തില്‍ എത്തുന്നുണ്ട്. അടുത്ത ദിവസം മുതല്‍ ഡെന്റല്‍, ഗൈനക്കോളജി ഒപി വിഭാഗം പ്രത്യേകം പ്രവര്‍ത്തിക്കുമെന്നു ആശുപത്രി സൂപ്രണ്ട് ഡോ. രാജ്കപൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: