കൊല്ലം: സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഫോര്‍മുല തയ്യാറായതായി വ്യവസായ മന്ത്രിയുടെ ഓഫീസ്. ഇതനുസരിച്ച് പത്ത് കോടി രൂപ വരെ വായ്പയെടുത്തവരുടെ പലിശ പൂര്‍ണ്ണമായി എഴുതിത്തള്ളും.
വിവിധ ബാങ്കുകളില്‍ നിന്ന് രണ്ട് കോടി രൂപവരെ വായ്പയെടുത്ത വ്യവസായികള്‍ക്ക് മുതലിന്റെ അമ്പത് ശതമാനം തുക തിരിച്ചടച്ച് ബാധ്യത തീര്‍ക്കാം. രണ്ട് കോടി മുതല്‍ 10 കോടി രൂപവരെ വായ്പയെടുത്തവര്‍ 60 ശതമാനം തുക തിരിച്ചടയ്ക്കണം. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി 500 കോടിയോളം രൂപ എഴുതിത്തള്ളേണ്ടി വരുമെന്ന് എസ്എല്‍ബിസി അധികൃതര്‍ പറഞ്ഞു.
2020 മാര്‍ച്ച് 31 വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഫോര്‍മുലയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചടവ് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ബാങ്കുകള്‍ക്ക് അടുത്തവര്‍ഷം ഫിബ്രവരി 28 വരെ സമയം നല്‍കും. ഈ സമയത്തിനുള്ളില്‍ ആദ്യ ഗഡുവായി പത്ത് ശതമാനം തുക അടക്കണം.
നിര്‍ദ്ദേശം അംഗീകരിച്ചതിനു ശേഷം ഒരു വര്‍ഷം കൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതിയാകും. കശുവണ്ടി ഫാക്ടറിയോടൊപ്പം വ്യാപാരവും നടത്തിയിരുന്ന വ്യവസായികളെക്കൂടി ആനുകൂല്യങ്ങള്‍ക്കുള്ള പരിധിയില്‍ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: