ഇടുക്കി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജലശേഖരവുമായി വൈദ്യുതി ബോര്‍ഡ് പുതുവര്‍ഷത്തിലേക്ക്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞ സംഭരണികള്‍ ഒന്നരമാസത്തിലധികം സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും അധികം ആശങ്ക വരുത്താതെ ഇത് കൈകാര്യം ചെയ്യാന്‍ അധികൃതര്‍ക്കായി.
വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലെ ജലശേഖരം ഈ സീസണിലെ റിക്കാര്‍ഡിലാണ് ഇപ്പോള്‍. ഇന്നലെ രാവിലെ ഏഴ് മണിയിലെ കണക്കുപ്രകാരം 3733.633 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം എല്ലാ സംഭരണികളിലുമായുണ്ട്, സംഭരണശേഷിയുടെ 90 ശതമാനമാണ്.
പ്രളയ വര്‍ഷങ്ങളായിരുന്ന 2018, 2019 കാലഘട്ടത്തിലും ഡിസംബര്‍ 30ലെ ജലനിരപ്പ് ഏറെ താഴെയായിരുന്നു. 2020ല്‍ 3457.169 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ് ഈ സമയത്തുണ്ടായിരുന്നത്, 2019 (3155.802), 2018 (2953.931), 2017 (2999.107 ദശലക്ഷം യൂണിറ്റ്) എന്നിങ്ങനെയാണ് കണക്ക്. ഡിസംബര്‍ 1 മുതല്‍ 31 വരെ 217.032 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് കെഎസ്ഇബി ലോഡ് ഡെസ്പാച്ച് സെന്റര്‍ കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ വരെ മാത്രം 584.662 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. മൂന്നാഴ്ചയോളമായി അധികമായി മഴ മാറിയിട്ടും അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് തുടരുന്നുണ്ട്.
2018ല്‍ ആഗസ്റ്റ്, സപ്തംബര്‍ മാസത്തില്‍ കനത്ത മഴ ലഭിച്ചിരുന്നു. ഈ വര്‍ഷം ലഭിച്ചതിലും 2000ല്‍ അധികം മില്യണ്‍ യൂണിറ്റിനുള്ള വെള്ളമൊഴുകിയെത്തി. എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച വെള്ളം ഭൂരിഭാഗവും തുറന്ന് വിടേണ്ടി വന്നു. അതേ സമയം ഈ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ 10 വരെ മഴ ലഭിച്ചു. ഇടയ്ക്കിടക്ക് ഇടവേള ലഭിച്ചത് മൂലം അതാത് മാസത്തെ ജലം ഉപയോഗിക്കാനും കെഎസ്ഇബിക്കായി. തുറന്ന് വിടേണ്ടി വന്നത് താരതമ്യേനേ കുറച്ച് വെള്ളം മാത്രമാണ്. മുല്ലപ്പെരിയാര്‍ ഇടക്കിടെ തുറന്നത് മൂലം ഇടുക്കിയിലേക്ക് അധികമായി വെള്ളമെത്തുകയും ചെയ്തു.
കരുതല്‍ സംഭരണത്തിന്റെ ഭാഗമായി ആഭ്യന്തര വൈദ്യുതി ഉത്പാദനം വൈദ്യുതി ബോര്‍ഡ് നിലവില്‍ കുറച്ചിരിക്കുകയാണ്. വിലകുറച്ച് കിട്ടുന്ന സമയത്ത് വൈദ്യുതി വാങ്ങി കൂടുന്ന സമയത്ത് ചെറിയ തോതില്‍ വില്പനയും നടക്കുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ച 72.5947 മില്യണ്‍ യൂണിറ്റ് വൈദ്യുതിയില്‍ 17.4175 മില്യണ്‍ യൂണിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉത്പാദനം. 55.1772 മില്യണ്‍ യൂണിറ്റ് ദീര്‍ഘകാല കരാര്‍ വൈദ്യുതിയും കേന്ദ്ര പൂളുമാണ്.
അതേ സമയം തുലാവര്‍ഷത്തില്‍ 109 ശതമാനം മഴ കൂടിയപ്പോള്‍ കാലവര്‍ഷത്തില്‍ 16 മഴ കുറഞ്ഞിരുന്നു. 102.6 സെ.മീ. മഴയാണ് ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം തുലാവര്‍ഷത്തില്‍ മാത്രം ലഭിച്ചത്. നാളെ മുതല്‍ ലഭിക്കുന്ന ശൈത്യകാലത്തിലാകും ഉള്‍പ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: