പാലക്കാട്: ഇത്തവണത്തെ വേനലിന് ദാഹമകറ്റാനും ശരീരത്തിന് കുളിര്‍മയേകാനും ഇളനീരിനും വലിയ വില കൊടുക്കേണ്ടിവരും. എന്തെന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഇളനീരിന് 10 മുതല്‍ 15 രൂപ വരെ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ 30 രൂപയുണ്ടായിരുന്ന ഇളനീരിന് ഇത്തവണ 40-45 രൂപയിലെത്തി നില്ക്കുന്നു.
പാചകവാതക വിലയും പച്ചക്കറി വിലയും ജനത്തിന്റെ നട്ടെല്ലൊടിക്കുമ്പോള്‍ ദാഹമകറ്റാനുള്ള ഇളനീരിനും വില കൂടുകയാണ്. സംസ്ഥാനത്തേക്ക് കൂടുതലായും ഇളനീരെത്തുന്നത് തമിഴ്നാട്ടില്‍ നിന്നുമാണ്. ഇന്ധനവില വര്‍ധിച്ചതോടെ ചരക്കുവാഹനങ്ങളുടെ വാടകയും കൂടി. ഇതാണ് ഇളനീര് വിലവര്‍ധനവിന് മുഖ്യകാരണം. ജില്ലയുടെ ഫ്രൂട്ട് സിറ്റിയെന്നറിയപ്പെടുന്ന കോട്ടമൈതാനമാണ് പ്രധാനമായും ഇളനീര് പാര്‍ലര്‍. നേരത്തെ ടൗണ്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡുകള്‍, ഒലവക്കോട് എന്നിവിടങ്ങളില്‍ കുടുംബശ്രീ യൂണിറ്റിന്റെ ഇളനീര് ബൂത്തുകളുണ്ടായിരുന്നതും ഇപ്പോള്‍ പൂട്ടിക്കിടക്കുന്നു.
ടൗണ്‍ ഹാളിന് സമീപത്തും സ്റ്റേഡിയം ബൈപാസിലും നിലവില്‍ ഇളനീര് കച്ചവടം നടക്കുന്നുണ്ട്. ജില്ലയിലെ ഇളനീര് കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍ എന്നിവിടങ്ങളില്നിന്നുമാണെത്തുന്നത്. തോട്ടങ്ങളില്‍ പണിക്കാരുടെ കൂലി വര്‍ധിച്ചതും ഒരു ലോഡിന് 1000-1500 രൂപയോളം വാടക കൂടിയതുമാണ് ഇളനീരിന് വിപണിയില്‍ വില വര്‍ധനക്കു കാരണം. വേനല്‍ കനക്കുന്നതോടെ ദേശീയ-സംസ്ഥാന പാതയോരത്തെ കച്ചവടവും സജീവമാവും. ഇളനീരിന് പുറമെ നൊങ്കിനും വിലകൂടിയിട്ടുണ്ട്. നേരത്തെ 100 രൂപക്ക് 15 എണ്ണം ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 12 ആയി കുറഞ്ഞു. വിലയല്‍പ്പം കൂടിയാലും ഇളനീരിനും നൊങ്കിനും കോട്ടമൈതാനത്തെ ഫ്രൂട്ട്സിറ്റിയില് ആവശ്യക്കാരേറെയാണ്. നിരവധിപേര്‍ ഇവിടെനിന്നും ഇളനീര് കുടിച്ച് ദാഹമകറ്റാറുണ്ട്.
ജനുവരി മുതല്‍ കുപ്പിവെള്ളത്തിനും ശീതളപാനീയങ്ങള്‍ക്കും വില വര്‍ധിപ്പിക്കാന്‍ കമ്പനികളൊരുങ്ങുമ്പോള് ഇളനീര് വില വര്‍ധനവ് സാധാരണക്കാരെ ബാധിക്കും. വേനല്‍ കനക്കുന്നതോടെ ഇളനീര് കച്ചവടം പൊടിപൊടിക്കാനൊരുങ്ങുമ്പോള് ഇനിയും വില വര്‍ധിക്കുമോ എന്നത് കച്ചവടക്കാരിലും ആശങ്കയിലാക്കുന്നു. വേനലില്‍ വഴിയോരത്ത് ദാഹമകറ്റാന്‍ വണ്ടി നിര്‍ത്തി ഇളനീര് വെട്ടി, വെള്ളം കുടിച്ച്, കരിക്ക് തിന്ന് ശരീരം തണുപ്പിക്കാന്‍ ഇത്തവണ വലിയ വില കൊടുക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: