തിരുവല്ല: സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത് പുറപ്പെടുവിച്ച മിനിമം കൂലിയും തൊഴില്‍ വ്യവസ്ഥകളും നടപ്പാക്കത്തതിനെതിരെ സ്കൂള്‍ പാചകതൊഴിലാളികള്‍ സമരത്തിലേക്ക്. 2016ലാണ് സ്കൂള്‍ പാചകതൊഴിലാളി യൂണിയന് മിനിമം കൂലിയും തൊഴില്‍ വ്യവസ്ഥകളും നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ അഞ്ചര വര്‍ഷം പിന്നിട്ടിട്ടും ഇത് നടപ്പിലാക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. പ്രഖ്യാപിച്ച മിനിമം കൂലി നടപ്പിലാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനെതിരെ എഐടിയുസി അടക്കമുള്ള തൊഴിലാളികള്‍ സംഘടനകള്‍ രംഗത്ത് വന്നു.
സംസ്ഥാനത്തെ സ്കൂള്‍ പാചകതൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന അവകാശപത്രിക സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും അത് ചര്‍ച്ച ചെയ്യാനും അംഗീകരിക്കാനും ഇതുവരെ തയ്യാറായിട്ടില്ല. 25 കുട്ടികള്‍ക്ക് ഒരു പാചകതൊഴിലാളിയെന്നതാണ് കേന്ദ്ര നയം. എന്നാല്‍ 500 പേര്‍ക്ക് ഒരാളെന്ന വിധത്തിലാണ് സംസ്ഥാനത്ത് പാചകതൊഴിലാളികളെ നിയമിക്കുന്നത്. നിശ്ചിത സമയത്ത് ഇത്രയും കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കി നല്‍കുക എന്നത് മനുഷ്യസാധ്യമല്ല. അതുകൊണ്ട് തന്നെ തന്റെ പകുതി വേതനം നല്കി മറ്റൊരാളെ കൂടി സഹായത്തിന് തൊഴിലാളി തന്നെ നിയോഗിക്കുകയാണ് പലയിടത്തും നടക്കുന്നത്. സര്‍ക്കാര്‍ നല്‍കേണ്ട വേതനം തൊഴിലാളി തന്നെ നല്കേണ്ടുന്ന സ്ഥിതിയാണ് ഇത് മൂലം ഉണ്ടാകുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.
ഇഎസ്ഐ, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ യാതൊരു സുരക്ഷാ പദ്ധതികളും പാചകതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. പതിറ്റാണ്ടുകളുടെ സേവനത്തിന് ശേഷം ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് പോലും ഗ്രാറ്റുവിറ്റിയോ മറ്റാനുകൂല്യങ്ങളോ നല്‍കുന്നില്ല. സ്കൂളിലെ മറ്റ് ജീവനക്കാരെ പോലെ പാചകതൊഴിലാളികളെയും സ്കൂള്‍ ജീവനക്കാരായി അംഗീകരിച്ച് മാസ ശമ്പളം നല്കാന് സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: