തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഒമിക്രോണ്‍ കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. മുന്‍ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തെ പരീക്ഷകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇതുവരെ 65 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചിലര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം കൊണ്ടുവരും. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. രാത്രി പത്ത് മുതല്‍ മത- സാമൂഹ്യ- രാഷ്‌ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിര്‍ദ്ദേശം. ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
രാത്രി നിയന്ത്രണത്തില്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോള്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളില്‍ പുതുവത്സര പ്രാര്‍ത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്‌ട്രീയ സാംസ്‌ക്കാരിക കൂടിച്ചേരലുകള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്.
ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ ബാറുകള്‍ ക്ലബുകള്‍ അടക്കമുള്ളവയ്‌ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്‍ഡ് ഷോകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: