ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തിവിവരങ്ങള്‍ ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്കിയ പോലീസുകാരനെ സസ്പെന്‍ഡു ചെയ്ത നടപടി ദേശീയ സംഘടനകള്‍ ഉയര്‍ത്തിയ ആരോപണളെയും, ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്കകളെയും ശരിവയ്ക്കുന്നതാണ്. പോലീസ് ഇന്റലിജന്റ്സ് ശേഖരിച്ച വിവരങ്ങള്‍ തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനിലെ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ടിലെ തന്റെ കൂട്ടാളിക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. മതനിന്ദയാരോപിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച കേസില്‍ പിടിയിലായ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പോലീസുകാരന് രഹസ്യവിവരം കൈമാറിയതായി അറിഞ്ഞത്. നിയമപാലകനായ ഒരു പോലീസുകാരന് തന്റെ ഔദ്യോഗിക ഡൊമൈന്‍ ഐഡി ഉപയോഗിച്ച് ചോര്‍ത്തി നല്കിയ രഹസ്യ വിവരങ്ങള്‍ തീവ്രവാദ സംഘടനകളില്‍പ്പെടുന്ന ഒരു പ്രതിയുടെ ഫോണില്‍ കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അതീവ ഗുരുതരമായ കുറ്റം ചെയ്ത പോലീസുകാരനെ രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. വിവരങ്ങള്‍ ചോര്‍ത്തിയത് സ്ഥിരീകരിച്ച് തൊടുപുഴ ഡിവൈഎസ്പി മേലുദ്യോഗസ്ഥനായ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് തടഞ്ഞുവച്ചതായാണ് വിവരം. പിന്നീട് പോലീസുകാരനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി പ്രശ്നം ഒതുക്കാനും ശ്രമം നടന്നു. എന്നാല്‍ പ്രതിഷേധം ശക്തമാവുകയും, ബിജെപിയും മറ്റും പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുകയും ചെയ്തതോടെയാണ് പോലീസുകാരനെ സസ്പെന്‍ഡു ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. എന്നാല്‍ പ്രശ്നം ഇവിടെ അവസാനിക്കുന്നില്ല, അവസാനിക്കാനും പാടില്ല.
ഇവിടെ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം വിവരം ചോര്‍ത്തിയ പോലീസുകാരന് ഒറ്റയ്ക്കല്ല എന്നതാണ്. ഇസ്ലാമിക തീവ്രവാദികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ പോലീസിലുണ്ടെന്നത് അനിഷേധ്യമാണ്. പോലീസ് സേനയില്‍ തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടര്‍ അവരെ പലതരത്തില്‍ സഹായിക്കുന്നതിന്റെ വിവരങ്ങള്‍ ഇതിനകം പുറത്തുവരികയുണ്ടായി. കുപ്രസിദ്ധമായ പാനായിക്കുളം സിമി തീവ്രവാദക്കേസില്‍ പിടിയിലായ ചിലരെ പ്രതികളാക്കാതെ സാക്ഷികളാക്കി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് രക്ഷപ്പെടുത്തിയ സംഭവമുണ്ട്. പോലീസ് ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. തീവ്രവാദ സംഘടനകളില്‍പ്പെട്ട ചില പ്രമുഖരുമായി ചില പോലീസുകാര്‍ സുഹൃദ് ബന്ധം സ്ഥാപിക്കുന്നതും, കൊലപാതകക്കേസിലും രാജ്യദ്രോഹ കേസിലുമൊക്കെ ഉള്‍പ്പെട്ട ഇത്തരക്കാരോട് മൃദുസമീപനം സ്വീകരിക്കുന്നതും മറ്റും പരസ്യമായ രഹസ്യമാണ്. തീവ്രവാദികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേസെടുക്കാതിരിക്കുക, കേസെടുത്താല്‍ തന്നെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുക, സാക്ഷികളെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴിമാറ്റിക്കുക ഇങ്ങനെയൊക്കെ പോലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നു. ഇതൊക്കെ മറച്ചുപിടിക്കാന്‍ വളരെ തന്ത്രപരമായാണ് തീവ്രവാദികള്‍ പെരുമാറുക. ആലപ്പുഴയിലെ രണ്‍ജീത് വധക്കേസിന്റെ പശ്ചാത്തലത്തില്‍, പോലീസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്നും കസ്റ്റഡിയിലെടുത്തവരെക്കൊണ്ട് പോലീസുകാര്‍ ജയ് ശ്രീറാം വിളിപ്പിക്കുന്നു എന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഇതിന്റെ ഭാഗമാണ്.
നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജനങ്ങളെ സംരക്ഷിക്കാനും സര്‍ക്കാരില്‍നിന്ന് ശമ്പളം പറ്റുന്ന പോലീസുകാര്‍ ഇതിനു കടകവിരുദ്ധമായി തീവ്രവാദികളുടെ കൂട്ടാളികളായി പ്രവര്‍ത്തിക്കുന്നു എന്ന സത്യത്തിലേക്കാണ് തൊടുപുഴ സംഭവം വിരല്‍ചൂണ്ടുന്നത്. കരുതലെന്ന നിലയില്‍ പോലീസ് ശേഖരിച്ച സംഘപരിവാര്‍ നേതാക്കളുടെ വിവരങ്ങള്‍ എന്തിനാണ് തീവ്രവാദികള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന് ശരിയായി അന്വേഷിക്കേണ്ടിയിരിക്കുന്നു. സംഘപരിവാര്‍ നേതാക്കളുടെ വീടും വീട്ടിലേക്കുള്ള വഴിയും അറിയാമെന്ന് ഇസ്ലാമിക തീവ്രവാദ സംഘടനയില്‍പ്പെട്ട ചിലര്‍ പരസ്യമായി ഭീഷണി മുഴക്കുന്നുണ്ടല്ലോ. ഇത്തരം വിവരങ്ങളും പോലീസ് നല്‍കിയതായിരിക്കുമോ? ഒരു കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ വീടു തേടിയെത്തി കൊലപ്പെടുത്തിയത് ഇപ്രകാരം നേരത്തെ ശേഖരിച്ചു വച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് എങ്ങനെ പറയാനാവും? ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ സിപിഎമ്മുമായി ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ സഖ്യവും തീവ്രവാദികള്‍ക്ക് ലഭിക്കുന്ന ഭരണകൂട സംരക്ഷണവും പോലീസിലെ ഒരു വിഭാഗത്തിനുള്ള പച്ചക്കൊടിയാണ്. തീവ്രവാദികളെ സഹായിച്ചാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന ഉറച്ചവിശ്വാസം ഇവര്‍ക്കുണ്ട്. ആപല്‍ക്കരമായ ഈ സാഹചര്യം അതീവ ഗുരുതരമായ സ്ഥിതിഗതികളിലേക്ക് നയിക്കും. ഇപ്പോള്‍ തന്നെ പോലീസിനെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുക്കുന്ന തീവ്രവാദികള്‍ നാളെ അവരെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാവും. കാക്കിക്കുള്ളിലെ ജിഹാദിയായ ഏതെങ്കിലുമൊരു പോലീസുകാരനെതിരെ നടപടിയുണ്ടായാല്‍ പോരാ. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ തന്നെ രംഗത്തിറങ്ങി സമഗ്രമായ അന്വേഷണം നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: