അടൂര്‍: കെ റെയിലിനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം പ്രായോഗിക തലത്തില്‍ എത്രത്തോളം വിജയകരമാകുമെന്നതില്‍ അണികള്‍ക്ക് ആശങ്ക. കെ-റെയിലിനെതിരെ ശക്തമായ സമരപരിപാടികളിലേക്ക് ഇറങ്ങാന്‍ ജില്ലാ നേതൃത്വത്തിന് കഴിയില്ല. പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനവും ഈ പദ്ധതിക്ക് എതിരാണ്.
പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്നതായിരുന്നു ജില്ലാ സമ്മേളനത്തില്‍ ഒരു വിഭാഗം ഉയര്‍ത്തിയത്. എന്നാല്‍ കെ. റെയില്‍ പ്രകടന പത്രികയിലെ വാഗ്ദാനമായതിനാല്‍ എങ്ങനെ ജില്ലയില്‍ മാത്രം സിപിഎം എതിര്‍ക്കും എന്നത് അണികളില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കെ.റെയില്‍ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പു സംബന്ധിച്ച് വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്. ഈ ജനരോഷത്തില്‍ ജനങ്ങള്‍ക്കൊപ്പം പാര്‍ട്ടി ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള അടവാണെന്നാണ് ജില്ല സമ്മേനത്തില്‍ കെ.റെയിലിനെതിരെ ഉയര്‍ത്തിയ വിമര്‍ശനമെന്നാണ് പൊതുവേയുള്ള നിരീക്ഷണം.
പത്തനംതിട്ട ജില്ലയില്‍ പള്ളിക്കല്‍, മല്ലപ്പള്ളി പ്രദേശങ്ങളിലാണ് സര്‍വ്വേ നടന്നിരിക്കുന്നത്. സിപിഎം ഭരിക്കുന്ന കാര്‍ഷിക ഗ്രാമമായ പള്ളിക്കല്‍ പഞ്ചായത്തില്‍ കെ-റയില്‍ വിരുദ്ധ സമരസമിതി നിരവധി പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു. സിപിഎം അനുഭാവികളും മുന്‍ നേതാക്കളും സമരത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സിപിഎം നേതൃത്വം ഇവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന പറഞ്ഞ പ്രകാരം മുന്‍ നിരയില്‍ നിന്നും പിന്നീട് പിന്മാറുകയായിരുന്നു.
ഇപ്പോള്‍ ജില്ലാ സമ്മേളനത്തില്‍ കെ. റെയിലിനെതിരെ പറയുന്നത് പ്രഹസന്നമെന്നാണ് ഇടതു അനുഭാവികള്‍ പറയുന്നത്. ഒപ്പം സംസ്ഥാന നേതൃത്വം പാര്‍ട്ടി അണികള്‍ക്ക് കെ. റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി വേണ്ട സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് അറിയിപ്പ് കൊടുത്തിരിക്കുന്നത്. ഇത് പ്രകാരം ഏരിയകമ്മറ്റികള്‍ ജനസമ്പര്‍ക്കം നടത്തണമെന്നും പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ ഇരട്ടതാപ്പിനെതിരെ ജനകീയ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. നന്ദിഗ്രാമും ബംഗാള്‍ അനുഭവവും മറക്കരുതെന്നും കെ-റെയില്‍ വിരുദ്ധ സമര സമിതി പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: