അമ്പലപ്പുഴ: അമ്പലപ്പുഴയിലെ പ്രമാദമായ രണ്ട് കേസുകളുടെ അന്വേഷണം പാതിവഴിയിലായി.തോട്ടപ്പള്ളിയില്‍ നിന്ന് സി.പി.എം പ്രവര്ത്തകന് കൂടിയായ മത്സ്യത്തൊഴിലാളി സജീവനെ കാണാതായ സംഭവത്തിന്റെയും കരൂരില്‍ നിന്ന് സ്പിരിറ്റ് പിടികൂടിയ കേസിന്റെ അന്വേഷണവുമാണ് നിലച്ചത്. സപ്തംബര്‍ 29 മുതല്‍ കാണാതായ സജീവിനെക്കുറിച്ച് അന്വേഷണം ശക്തമായി നടക്കുന്നുവെന്നായിരുന്നു പോലീസ് അവകാശപ്പെട്ടത്.ഇതിനിടെ സജീവന്റെ ഭാര്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും കോടതി നോട്ടീസുമയച്ചിരുന്നു.
സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും സജീവനെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ഇതിനിടെയാണ് അമ്പലപ്പുഴ കരൂരില്‍ നിന്ന് സ്പിരിറ്റ് ഉള്‍പ്പെടെയുള്ളവ പിടികൂടിയത്. സംഭവത്തില്‍ ഒന്നാം പ്രതി കാക്കാഴം നാലുപറ ശ്രീജിത്തിനായാണ് അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചത്.
കേസില്‍ പിടികൂടിയ രണ്ടാം പ്രതി കരുമാടി ലക്ഷം വീട് കോളനിയില്‍ രാഹുല്‍ റിമാന്റിലാണ്. കരൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് 750 ലിറ്ററോളം സ്പിരിറ്റും മദ്യം നിറക്കാനുപയോഗിച്ചിരുന്ന പതിനായിരത്തോളം പ്ലാസ്റ്റിക്ക് കുപ്പികളും വിദേശ മദ്യങ്ങളുടെ പേരുകളുള്ള ലേബലുകളും കണ്ടെത്തിയിരുന്നു.
സ്പിരിറ്റില്‍ നിറം ചേര്‍ത്ത മദ്യം അമ്പലപ്പുഴ, പറവൂര്‍ എന്നിവിടങ്ങളിലെ ബാറുകളിലും നിരവധി വീടുകളിലും വില്‍പ്പന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.ഇവ കണ്ടെത്തുന്നതിനായി രണ്ട് ബാറുകളിലെയും ഒരു മാസത്തിനിടക്കുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതായി കേസന്വേഷണച്ചുമതലയുള്ള ഡി.വൈ.എസ്.പി: സുരേഷ് കുമാര്‍ പറഞ്ഞു.രണ്ട് ബാറുകളിലും വ്യാപകമായി ഈ അനധികൃത മദ്യം വില്‍പ്പന നടത്തിയതായാണ് സൂചന. ഇവര്‍ക്ക് സ്പിരിറ്റ് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നാം പ്രതിയെ പിടികൂടിയാല്‍ മാത്രമേ ലഭിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: