തിരുവല്ല: തിരുവല്ല നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്സിലെ മുറികള്‍ ആര്‍ക്കും വേണ്ടാതെ നശിക്കുന്നു. കാവുംഭാഗം ജങ്ഷന് സമീപം 1994-ല്‍ നിര്‍മിച്ച കെട്ടിടത്തിനാണ് ഈ ദുര്‍ഗതി. മുറികള്‍ ഉപയോഗശൂന്യമായതോടെ പ്രാവുകള്‍ കൂട് കൂട്ടി തുടങ്ങി.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറികള്‍ വാടകയ്ക്ക് പോയെങ്കിലും മുകളിലത്തെ മുറികള്‍ എടുക്കാന്‍ ആര്‍ക്കും താല്പര്യമില്ല. നഗരസഭയ്ക്ക് വന്‍തുക കെട്ടിവയ്ക്കണമെന്നതിനാലാണ് ആരും മുറികള്‍ ഏറ്റെടുക്കാത്തത്. ഒരു മുറിയുടെ ഡിപ്പോസിറ്റ് ഇനത്തില്‍ നഗരസഭ ചോദിക്കുന്നത് 75000 രൂപയാണ്. അതേ സമയം കെട്ടിടത്തില്‍ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ല.
കെട്ടിടത്തിലേക്ക് വൈദ്യൂതി കണക്ഷന് എടുക്കുന്നതിന് കുറഞ്ഞത് 20000 രൂപ വേണ്ടി വരുന്നതായി വയറിങ് തൊഴിലാളി പറഞ്ഞു. കൂടാതെ മുറികള്‍ വൃത്തിയാക്കുന്നതിനും വന്തു ചെലവാകും. എന്നാല്‍ കെട്ടിവയ്ക്കേണ്ട തുകയില്‍ ഇളവ് കൊടുക്കാന്‍ നഗരസഭ തയ്യാറല്ല.
മുറികള്‍ ഉപയോഗശൂന്യമായതോടെ പ്രാവുകള്‍ കൂടുകൂട്ടി കാഷ്ടിച്ച് വൃത്തികേടാക്കിയ നിലയിലാണ്. വാടക മുറികളുടെ ഷട്ടറുകളുടെ സ്പ്രിങ് തകര്‍ന്ന നിലയിലാണ.് കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്ത് വരുന്ന ഭിത്തിയുടെ ഒരു ഭാഗം കാലങ്ങളായി മഴവെള്ളം വീണ് ഈര്‍പ്പം പിടിച്ചിട്ടുണ്ട്. മുകളിലത്തെ നിലയില്‍ ഒരു സ്വകാര്യ ബാങ്കിന്റെ ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും നാല് മാസം മുന്‍പ് സ്ഥാപനം നിര്‍ത്തി പോയി. ഇപ്പോള്‍ ഒരു ജനസേവന കേന്ദ്രത്തിന്റെ ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിലേക്കുള്ള വാട്ടര്‍ കണക്ഷന് നാളുകള്‍ക്ക് മുന്‍പ് അധികൃതര്‍ വിച്ഛേദിച്ചിരുന്നു.ബാത്ത് റൂമില്ലാത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ക്കും സൗകര്യമില്ല.അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഓട നിര്‍മാണം മൂലം താഴത്തെ നിലയുടെ മുന്‍ഭാഗത്ത് വെള്ളം കെട്ടികിടക്കാനും തുടങ്ങിയിട്ടുണ്ട്്. കെട്ടിടം വാടകയ്ക്ക് എടുക്കാന്‍ ആവശ്യക്കാരുണ്ടെങ്കിലും നിക്ഷേപ തുകയുടെ കാര്യത്തില്‍ നഗരസഭ പിടിവാശിയിലാണ്. അപേക്ഷ നല്കിയാല് കൗണ്‍സില്‍ കൂടി ആലോചിച്ചു പറയാം എന്ന മറുപടിയാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇതോടെ ആവശ്യക്കാരന് സമയത്ത് മുറി ലഭിക്കുകയില്ല .വാടക മുറി ലഭിക്കണമെങ്കില്‍ തന്നെ മാസങ്ങള്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: