മനോഹര്‍ ഇരിങ്ങല്‍
ചേതോഹരങ്ങളായ പാലക്കാടന്‍ മലനിരകളിലൊന്നാണ് കഞ്ചിക്കോട് വല്ലടിയിലെ അയ്യപ്പന് മല. കാടും നാടും കാത്ത് ഭഗവാന് അയ്യപ്പന് ഈ മലയില്‍ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. ആണ്ടിലൊരിക്കല്‍, ധനു 10ന് അയ്യപ്പന് മല ശരണമന്ത്രമുഖരിതമാകും. ഭഗവാന് കാണിക്കയായി വനവിഭവങ്ങളും കാര്‍ഷിക വിളകളുമായി ഭക്തര്‍ അന്ന് മലകയറും. വിദൂരസ്ഥലങ്ങളില്‍ നിന്നുവരെ നിരവധി വിശ്വാസികളാണ് അയ്യപ്പന്‍മല കയറാനായി എത്തുന്നത്.
കാട്ടുമൃഗങ്ങള്‍ സൈ്വരവിഹാരം നടത്തുന്ന കൊടുംവനത്തിനുള്ളില്‍ എത്തിച്ചേരുക ശ്രമകരമാണ്. കഞ്ചിക്കോട് നിന്ന് അയ്യപ്പന് മലയിലേക്ക് നാലു കിലോമീറ്റര്‍ ദൂരമുണ്ട്. ശബരിമല യാത്രയിലെന്ന പോലെ കാടും മേടും താണ്ടി വേണം ദുര്‍ഘടം നിറഞ്ഞ ഈ മലമുകളിലെത്താന്‍. അതുകൊണ്ട് ആരും പതിവായി അയ്യപ്പന് മലയിലെത്താറില്ല.
ക്ഷേത്രത്തിലെ പൂജയ്ക്കും ആരാധനയ്ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. ശബരിമലയിലെന്ന പോലെ കഠിന പ്രയത്നമുണ്ടെങ്കില്‍ മാത്രമേ വല്ലടിമല കയറിയും അയ്യപ്പ ദര്‍ശനം സാധ്യമാകൂ. അയ്യപ്പന്റെ ആരൂഢ സ്ഥാനം മാത്രമാണിവിടെയുള്ളത്. ദര്‍ശനത്തിനായി വിശ്വാസികള്‍ എന്നുമുതല്‍ വന്നു തുടങ്ങിയെന്നതിനെപ്പറ്റി ആര്‍ക്കും വ്യക്തമായ ധാരണയില്ല. തലമുറകളായി പറഞ്ഞുകേട്ട അറിവുകളേ ഇവിടത്തുകാര്ക്കുള്ളൂ.
മല കയറാനുള്ള വഴികള്‍ പൂജയ്ക്കു മുമ്പേ, നാട്ടുകാര്‍ വെട്ടിത്തെളിച്ചു വൃത്തിയാക്കാറുണ്ട്. വിശ്വാസങ്ങള്‍ക്കു കോട്ടം തട്ടാതെ ആചാരങ്ങള്‍ ഇവിടെ സംരക്ഷിച്ചു പോരുന്നു. ഇതേ വിശ്വാസങ്ങള്‍ മുറുകെ പിടിച്ച്, മലകയറി തിരുനടയിലെത്താന്‍ വര്‍ഷാവര്‍ഷം ധനുമാസം വരെ ഭക്തര്‍ കാത്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: