ചെറിയ സംസ്ഥാനമാണ് കേരളം. അതിനെ രണ്ടാക്കുന്നതാണ് കെ. റെയില്‍ എന്ന് വിദഗ്ധര്‍ തന്നെ പറയുന്നു. മെട്രോമാന് ഇ.ശ്രീധരന് പറഞ്ഞതും ഇതുതന്നെ. വേണ്ടത്ര പഠനമോ പരിസ്ഥിതി പ്രശ്നങ്ങളോ പരിഗണിച്ചില്ല. വലിയ വികസനമാണ് കെ-റെയില്‍ ഉണ്ടാക്കുക എന്നാണ് അവകാശവാദം. ഇതുപറഞ്ഞ് കേരളീയരെ ബോധവല്‍ക്കരിക്കാന്‍ സിപിഎം തീരുമാനിച്ചത്രെ.
ഇക്കഴിഞ്ഞ 18.8.2021ന് കേരള സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. കേരള റെയില്‍ ഡവ. കോര്പ്പറേഷന് എന്ന പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച ഒരു സംവിധാനത്തിന്റെ കീഴില്‍, കാസര്‍കോഡിനും തിരുവനന്തപുരത്തിനും ഇടയില്‍ 540 കി. മീ. ദൂരത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ റെയില്‍വേ പാതയ്ക്ക് വേണ്ടി, 2500 ഏക്കറോളം വരുന്ന ഭൂമി അക്വയര്‍ ചെയ്യാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയും ആയതിന് വേണ്ടി, 200 ഓളം ലാന്റ് അക്വിസിഷന്‍ ഉദ്യോഗസ്ഥ തസ്തികകള്‍ സൃഷ്ടിച്ചുമാണ് മേല്‍പ്പറഞ്ഞ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അവരുടെ ശമ്പളം, ഓഫീസ് ചെലവുകള്‍ എന്നീ ഇനങ്ങളില്‍ പതിമൂന്നര കോടി രൂപ ഒരു വര്‍ഷ കാലത്തേക്ക് വകയിരുത്താനും, താല്‍ക്കാലികമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്ന് കടമെടുക്കാനും ഉത്തരവ് പ്രകാരം തീരുമാനിച്ചിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അംഗീകാരത്തിന് വിധേയമായിട്ടാണ് എന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്രവുമായി ഇക്കാര്യത്തില്‍ ഇതഃപര്യന്തം എന്തെങ്കിലും കത്തിടപാടുകള്‍ നടത്തിയതായി ഒരു സൂചനയും ഉത്തരവിലില്ല എന്നിരിക്കെ, കേന്ദ്ര അംഗീകാരം കിട്ടുമോ എന്നുറപ്പില്ലാതെ അക്വിസിഷന്‍ നടപടികള്‍ ആരംഭിക്കാന്‍ അനേകം ഉദ്യോഗസ്ഥ തസ്തികകള്‍ സൃഷ്ടിക്കുന്നതും വന്‍തുക ചെലവിനത്തില്‍ വകയിരുത്തുന്നതും അക്വിസിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതും അത്യന്തം ദുരൂഹവുമാണ്. അതിന്റെ പിന്നില്‍ വന്‍ രാഷ്ട്രീയ അഴിമതി അനുമാനിക്കേണ്ടതുണ്ട്. പദ്ധതിയുടെ നടത്തിപ്പിന്റെയും, ആയത് നടപ്പായാല്‍ കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്ക് ഒട്ടും സ്വീകാര്യമല്ലാത്തതും അപ്രായോഗികമായ ഒരു വികസന പദ്ധതിയാണിത് എന്ന് സംശയലേശമെന്യേ വിലയിരുത്താം.
വന്‍ അഴിമതിയിലേക്കും, നികുതിപ്പണ ചോര്‍ച്ചയിലേക്കും വഴിവെക്കുന്നതാണ് പദ്ധതി. കേന്ദ്രത്തിന്റെ ധനസഹായത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സര്‍വ ജനക്ഷേമ പദ്ധതികളുടെയും പിതൃത്വം തങ്ങള്‍ക്കാണെന്നവകാശപ്പെട്ടുകൊണ്ട്, കോടിക്കണക്കിന് രൂപയുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് പ്രചരണം നടത്താന്‍ ഇടതു സര്‍ക്കാറും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കാണിക്കുന്ന ദുഃസ്സാമര്‍ത്ഥ്യത്തെ നേരിടാന്‍ കേരളത്തില്‍ ബിജെപി പ്രചരണ സംവിധാനം പ്രാപ്തമല്ല എന്നാണനുഭവം. എന്നിട്ടും, ഭരണഘടനാ ബാധ്യതയില്‍ കവിഞ്ഞ്, കേരളത്തിന് നിര്‍ലോപം ധനസഹായം നല്കാന് കേന്ദ്രം ജാഗരൂകമാണെന്നത് അത്ഭുതമാണ്. ഇങ്ങനെ ലഭിക്കുന്ന പണം വക മാറ്റി ഗണ്യമായ ഭാഗം മാര്‍ക്സിസ്റ്റ് പാര്‍ട്ടി അക്കൗണ്ടിലെത്തുമ്പോള്‍, ആ പണക്കൊഴുപ്പിന്റെ ബലത്തില്‍ അവര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് ഇരയാവുന്നത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് വലിയ വിധി വൈപരീത്യമാണ് കെ.റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്കിയാല് സംഭവിക്കുന്നതും മറ്റൊന്നല്ല. വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ഈ സ്ഥിതി വിശേഷത്തില്‍, അനുഭാവികള്‍ക്കുണ്ടാവുന്ന നിരാശ ചില്ലറയല്ല.
പദ്ധതി നടപ്പാവുന്നത്, കേരളത്തിന്റെ സമസ്ത മേഖലയിലും വന്നുഭവിക്കുന്ന സര്‍വനാശത്തിന് കാരണമാവും. ഈ പദ്ധതിയുടെ വിപരീത ഫലത്തെപ്പറ്റി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഇടത് സര്‍ക്കാരിന്റെ അഴിമതിയെ വിമര്‍ശിക്കാന്‍ ലഭിച്ച ഏറ്റവും വലിയ ആയുധമാണ്. പദ്ധതി നടപ്പാവുകയാണെങ്കില്‍ മാടായിപ്പാറയിലെ 2 മഹാക്ഷേത്രങ്ങള്‍ക്കും ഭൂസ്വത്തുക്കള്‍ക്കും അവിടുത്തെ നിസ്സീമമായ പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിനും സംഭവിക്കാനിരിക്കുന്നത് വലിയ അപകടമാണ്. ക്ഷേത്രങ്ങള്‍ക്കും അവയുടെ ഭൂസ്വത്തുക്കള്‍ക്കും ഹൈന്ദവ ഭക്തരുടെ വിശ്വാസങ്ങള്‍ക്കും സംഭവിക്കാനിരിക്കുന്ന വിപത്തിനെ കരുതിയെങ്കിലും, മാടായിപ്പാറയിലൂടെയുള്ള പാതാ നിര്‍ദ്ദേശം മാറ്റാന്‍ പ്രത്യേകിച്ചും, പദ്ധതിക്കെതിരെ പൊതുവിലും നിലപാട് കൈക്കൊണ്ട്, അതിന് അനുമതി നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാറിലും റെയില്‍വേ ബോര്‍ഡിലും സമ്മര്‍ദ്ദം ചെലുത്താനാണ് ശ്രദ്ധിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: