കെ-റെയിലിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തിറങ്ങുകയാണ്. മുഖ്യമന്ത്രി അഭിമാനപ്രശ്നമായെടുത്തിരിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ നല്കിയ വിശദീകരണങ്ങളൊന്നും ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ ബോധവല്‍ക്കരണം. കെ-റെയില്‍ പദ്ധതിക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണം കളവാണെന്ന് റെയില്‍വേ മന്ത്രിയെ കണ്ട് സംസാരിച്ചശേഷം കേന്ദ്രമന്ത്രി വി. മുരളീധരന് വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും നോട്ടീസ് നല്‍കാതെ, വിവരം ധരിപ്പിക്കുകപോലും ചെയ്യാതെ ആളുകളുടെ വീടുകള്‍ കയ്യേറി സ്ഥലമേറ്റെടുത്തതായി കാണിച്ചുകൊണ്ടുള്ള കല്ലിടല്‍ തുടരുകയാണ്. തീര്‍ത്തും ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ ഈ നടപടി കോടതി തടയുകയും ചെയ്തിരിക്കുന്നു. പദ്ധതി അപ്രായോഗികവും ഇതിനു പിന്നില്‍ ഭൂമാഫിയയുടെ സാമ്പത്തിക താല്‍പ്പര്യവുമാണെന്ന വിമര്‍ശനവുമായി ശാസ്ത്ര സാഹിത്യപരിഷത്ത് രംഗത്തുവന്നുകഴിഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും എതിര്‍ക്കുകയാണ്. കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി പദ്ധതിക്കെതിരെ സിപിഎമ്മിലെ ചില പ്രാദേശിക ഘടകങ്ങളില്‍നിന്നും വിമര്‍ശനമുണ്ട്. കേരളത്തിന് വന്‍ കടബാധ്യത വരുത്തിവയ്ക്കുന്നതും പരിസ്ഥിതിയെ നശിപ്പിക്കുന്നതുമായ ഈ ജനവിരുദ്ധ പദ്ധതിക്ക് നിതി ആയോഗും റെയില്‍വേ ബോര്‍ഡും അനുമതി നല്‍കരുതെന്ന് ഭാരതീയ വിചാരകേന്ദ്രവും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ നാലുപാടുനിന്നുമുള്ള പ്രതിഷേധത്തില്‍ പ്രതിരോധത്തിലായതാണ് ബോധവല്‍ക്കരണവുമായി രംഗത്തിറങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്.
പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാത പഠനമോ നടത്താതെ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് എന്തുകൊണ്ടാണെന്ന് സിപിഎമ്മോ സര്‍ക്കാരോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ രണ്ട് പഠനങ്ങളും നടത്തിയാല്‍ പദ്ധതി നടപ്പാക്കാനാവില്ല എന്നതുതന്നെ കാരണം. ഡിറ്റേയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്-ഡിപിആര്‍ പോലുമില്ലാത്ത പദ്ധതിക്ക് തുടക്കം കുറിക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന പദ്ധതിക്കുവേണ്ടി നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ നികത്തേണ്ടിവരും. വലിയ തുരങ്കങ്ങള്‍ നിര്‍മിക്കേണ്ടിവരും. കേരളത്തിന് ഒരിക്കലും താങ്ങാനാവാത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇതു സൃഷ്ടിക്കുക. ഈ വസ്തുതകള്‍ക്കു നേരെ മുഖംതിരിച്ചുകൊണ്ട് കെ-റെയില്‍ ഹരിതപദ്ധതിയായിരിക്കുമെന്ന് യാതൊരു ലജ്ജയുമില്ലാതെ കള്ളപ്രചാരണം നടത്തുകയാണ് സിപിഎം ചെയ്യുന്നത്. കേരളത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വരുമ്പോള്‍ പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നത് രാഷ്ട്രീയപ്രേരിതമായാണെന്നു വരുത്തിത്തീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുന്‍കാലത്ത് വികസനത്തിന്റെ പാതയില്‍ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുമായിരുന്ന പല പദ്ധതികളെയും രാഷ്ട്രീയപ്രേരിതമായി എതിര്‍ത്തിട്ടുള്ള ഒരു പാര്‍ട്ടിയാണ് സിപിഎം. എന്നിട്ടാണ് ഇപ്പോള്‍ എന്തോ വെളിപാടുണ്ടായിരിക്കുന്നതുപോലെ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ഒരു പദ്ധതി അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ പാര്‍ട്ടി ശ്രമിക്കുന്നത്. ജനങ്ങളെ ബോധ്യപ്പെടുത്തുന്നതു പോയിട്ട് വര്‍ഷങ്ങളായി കൂടെയുള്ള ചില ഇടതു ബുദ്ധിജീവികളെപ്പോലും മനസ്സിലാക്കിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നതല്ലേ വാസ്തവം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിമര്‍ശനം തന്നെ ഉദാഹരണം.
വികസനത്തിന്റെ നായകനായി സ്വയം ഉയര്‍ത്തിക്കാട്ടി വിമര്‍ശനങ്ങളെ നിര്‍വീര്യമാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്. പ്രധാനമന്ത്രിക്ക് കത്തെഴുതിക്കളയും എന്നൊക്കെ പിണറായി പറയുന്നത് താനും നരേന്ദ്ര മോദിയെപ്പോലെ വികസനത്തിന്റെ വക്താവാണെന്ന പ്രതീതി സൃഷ്ടിക്കാനാണ്. ഗെയ്ല് പദ്ധതി നടപ്പാക്കിയത് വികസന കാര്യത്തിലുള്ള തന്റെ ഇച്ഛാശക്തിക്ക് തെളിവായി മുഖ്യമന്ത്രി അവകാശപ്പെടുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തൊലിക്കട്ടികൊണ്ടാണ്. ഗെയ്ല് പദ്ധതിയെ ഇസ്ലാമിക തീവ്രവാദികളുമായി ചേര്‍ന്ന് രൂക്ഷമായി എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. പുതുവൈപ്പ് മുതല്‍ മംഗലാപുരം വരെ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ഈ പദ്ധതിക്കെതിരെ ഇസ്ലാമിക തീവ്രവാദികള്‍ വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുകയാണ് സിപിഎം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ്, പ്രധാനമന്ത്രി മോദി നല്കിയ അന്ത്യശാസനം മൂലമാണ് പിണറായി സര്‍ക്കാര്‍ ഗെയ്ല് പദ്ധതിക്ക് അനുകൂലമായത്. പിണറായി വിജയന് വികസനം എന്നു പറയുമ്പോഴൊക്കെ ആ വാക്കിനര്‍ത്ഥം അഴിമതി എന്നാണ്. ഇരുപതിനായിരത്തോളം കുടുംബങ്ങളെ കുടിയിറക്കിയും, ലക്ഷക്കണക്കിനാളുകളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ടും കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ പിണറായി വിജയന് എന്ന ഭരണാധികാരി കാണിക്കുന്ന താല്‍പ്പര്യത്തിനു പിന്നില്‍ അഴിമതി മാത്രമാണെന്ന് ആവര്‍ത്തിച്ചു പറയേണ്ടിയിരിക്കുന്നു. കടമെടുത്ത് സമാഹരിക്കുന്ന പദ്ധതി തുകയുടെ വിഹിതവും, റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍നിന്ന് ലഭിക്കാനിരിക്കുന്ന കമ്മീഷനുമാണ് പിണറായിയെയും സിപിഎമ്മിനെയും പ്രലോഭിപ്പിക്കുന്നതെന്ന് വ്യക്തം. സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത, സമ്പന്നരുടെ മിന്നല്‍യാത്രകള്‍ക്ക് ഉപകരിക്കുന്ന ഈ പദ്ധതിയെ എതിര്‍ക്കേണ്ടത് ഉത്തരവാദിത്വബോധമുള്ള ഓരോ കേരളീയന്റെയും കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: