പാലക്കാട്: കുഞ്ഞമ്പുവേട്ടന്റെ കയ്യില്‍ ആധുനിക നിര്‍മാണോ പകരണങ്ങളോ ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യമോ ഒന്നും തന്നെയില്ല. തൂമ്പയും മണ്‍വെട്ടിയും കൊണ്ട് കുന്നും മലയും തുരക്കുകയാണ് ഈ മനുഷ്യന്. കുടിനീരു തേടി ഭൂമിയുടെ ആഴങ്ങള്‍ തുരന്ന് നീരുറവ കണ്ടെത്തിയത് ഏതാണ്ട് 1500ല്‍ പരം തുരങ്കങ്ങളിലാണ്. ദാഹനീരിനുവേണ്ടിയുള്ള ഈ മനുഷ്യന്റെ യാത്രയ്ക്ക് നീണ്ട 45 വര്‍ഷത്തെ ചരിത്രമുണ്ട്.
അമ്മാവന് കണ്ണനില്‍ നിന്നും കണ്ടു പഠിച്ചതാണ് മണ്ണു തുരന്ന് തുരങ്കമുണ്ടാക്കുന്ന വിദ്യ. പതിനഞ്ചാം വയസ്സില്‍ ആദ്യ തുരങ്കമുണ്ടാക്കി, അടുത്തുള്ള വീട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കണ്ടു. പിന്നീട് കുഞ്ഞമ്പുവേട്ടന്റെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും മണ്ണിലും വെള്ളത്തിലും പടവെട്ടി ജയിച്ചുകൊണ്ടാണ്. ആദ്യ തുരങ്കത്തിനു നൂറു മീറ്ററില്‍ താഴെ മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂവെന്ന് കുഞ്ഞമ്പു ഓര്‍മ്മിക്കുന്നു. കാസര്‍കോട് ജില്ലയില്‍ തന്നെ ആയിരത്തിലേറെ തുരങ്കങ്ങള്‍ പണിതിട്ടുണ്ട്. കണ്ണൂരിലും കര്‍ണ്ണാടകയിലുമൊക്കെയായി ഭൂമിയുടെ ആഴങ്ങളില്‍ ആഴ്ന്നുകിടക്കുകയാണ് ഈ അത്ഭുത പ്രതിഭയുടെ അടയാളങ്ങള്‍.
ഇന്ന് ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിക്കാര്‍ക്ക് കുഞ്ഞമ്പു ജലദേവതയ്ക്കു തുല്യനാണ്. നീരുറവ കിട്ടാത്ത കിണറുകളോ കുളങ്ങളോ വരണ്ടുണങ്ങുന്ന പാടങ്ങളോ പറമ്പുകളോ ഇല്ലാത്ത ഗ്രാമം, കുണ്ടംകുഴിയിലെന്നല്ല പരിസര ജില്ലയില്‍ പോലുമുണ്ടാവില്ല.
വെള്ളത്തിന്റെ സ്രോതസ് കണ്ടെത്തി തുരങ്കം പൂര്‍ത്തിയാകുമ്പോഴേക്കും ഒന്നോ രണ്ടോ മാസങ്ങളെടുക്കും. കുഴിയിലെ മണ്ണും കല്ലും പാളയില്‍ കെട്ടിവലിച്ചാണ് പുറത്തുകളയുന്നത്. ചിലപ്പോള്‍ സഹായത്തിന് ആളെ വിളിക്കാറുമുണ്ട്. അര കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ വരെ കുഞ്ഞമ്പു തുരന്നെടുത്തിട്ടുണ്ട്. കഷ്ടിച്ച് ഒരാള്‍ക്ക് കടന്നുപോകാനുള്ള വലിപ്പമുള്ളവ. ശുദ്ധവായുവിന്റെ ഏറ്റക്കുറച്ചില്‍ മനസിലാക്കുന്നത് ടോര്‍ച്ച് വെളിച്ചത്തിനനുസരിച്ചാണെന്ന് ഇദ്ദേഹം പറയുന്നു.
ലോകത്തു തന്നെ തൂമ്പയും മണ്‍വെട്ടിയും മാത്രം ആയുധമാക്കി മണ്ണുതുരന്ന് ഇത്രയേറെ തുരങ്കങ്ങള്‍ നിര്‍മിച്ച ഒരു മനുഷ്യന് വേറെയുണ്ടോ എന്നു തന്നെ സംശയമാണ്. അറുപത്തൊമ്പതിലും ചുറുചുറുക്കോടെ മണ്ണ് തുരന്നു കുടിനീര് തിരയുന്ന കുഞ്ഞമ്പുവിന് ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ… ഈ മണ്ണും വെള്ളവും ആരും മലിനമാക്കരുത്.
കുഞ്ഞമ്പുവിനും ഭാര്യ ശാരദയ്ക്കും കൂടി മൂന്നുമക്കളാണ്. രണ്ടു പെണ്മക്കള്. ദയാമണിയും രജനിയും. ഇരുവരുടെയും വിവാഹം കഴിഞ്ഞു. ഇളയവന് രതീഷ്കുമാര്‍ തെയ്യം ശില്പ്പകലാകാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: