തൃശ്ശൂര്‍: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ തൊഴിലാളികള്‍ ഈ മാസം 30ന് പണിമുടക്കും. ഇന്ധന വിലയും മറ്റ് ചെലവുകളും കൂടിയതിന് ആനുപാതികമായി ഓട്ടോ-ടാക്‌സി നിരക്കും പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്.
ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. അതിനാല്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനെക്കാള്‍ അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാഴികള്‍ ആവശ്യപ്പെടുന്നത്.
ഡീസല്‍ ലിറ്ററിന് 60 രൂപയുണ്ടായിരുന്ന കാലത്തെ അതേ നിരക്കാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. മുന്‍പ് ഒന്നര കിലോ മീറ്ററിന് 20 രൂപയും അതു കഴിഞ്ഞ് ഓരോ കിലോ മീറ്ററിനും 10 രൂപ വീതവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടു കിലോ മീറ്ററിന് 30 ഉം അതുകഴിഞ്ഞ് ഓരോ കിലോ മീറ്ററിനും 12 രൂപ വച്ചുമാണ് നിരക്ക്. ടാക്‌സി കാറുകള്‍ക്ക് അഞ്ചു കിലോ മീറ്ററിന് 175 രൂപയിലാണ് തുടക്കം. രണ്ടു വര്‍ഷം മുമ്പ് ഡീസലിന് 60 രൂപയായിരുന്നു. ഇപ്പോള്‍ അത് 91 ലെത്തി. പെട്രോള്‍ വിലയിലും ഗണ്യമായ വര്‍ധനവ് ഉണ്ടായി.
2018 ഡിസംബറിലാണ് ഇതിന് മുമ്പ് ഓട്ടോ-ടാക്‌സി നിരക്ക് ഏറ്റവുമൊടുവില്‍ കൂട്ടിയത്. ശേഷം പലതവണ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചെങ്കിലും നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല. നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യവുമായി ബസ് ഉടമകളും സര്‍ക്കാരിനെ സമീപിച്ചിരുന്നു. സമര പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് സമരം മാറ്റിവച്ചിരിക്കുകയാണ്. ഓട്ടോ തൊഴിലാളികളുടെ സമരത്തിന് സംയുക്ത ട്രേഡ് യൂണിയനുകളുടെ പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: