കൊച്ചി : രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയതില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കെ. മുരളീധരന്, കൊച്ചിയില്‍ കോണ്‍ഗ്രസ്സിന്റെ 137ാം സ്ഥാപക ദിനാഘോഷം ഉദാഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇത്തരത്തില്‍ ആര്യയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം മേയര്‍ക്ക് വിവരമില്ലെന്ന് ഇപ്പോള്‍ മനസ്സിലായി. മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി… അതിന് വിവരമില്ല… രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറുകയാണ്. ആരെങ്കിലും ചെയ്യുമോ. രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാല്‍ സ്പോട്ടില്‍ വെടിവയ്ക്കുക എന്നതാണ് നയം. കീന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മില്‍ ഇല്ലേ…?
വ്യാഴാഴ്ച രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പി.എന്‍. പണിക്കര്‍ പ്രതിമയുടെ അനാച്ഛാദച്ചടങ്ങില്‍ പങ്കെടുക്കാന്‍ പൂജപ്പുരയിലേക്ക് പോകും വഴി അദ്ദേഹത്തിന് ഒരുക്കിയ സുരക്ഷയില്‍ പാളീച്ചയുണ്ടായി. വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയര്‍ വിവിഐപി വാഹന വ്യൂഹത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം വരെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം സഞ്ചരിച്ചു. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് ഇടയില്‍ കയറി. തുടര്‍ന്ന് പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റാന്‍ ശ്രമിച്ചതെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായോയെന്ന് അറിയില്ല. രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിലേക്ക് തനിക്കും ക്ഷണം ഉണ്ടായിരുന്നെന്നും മേയര്‍ വിശദീകരിക്കുന്നു.
വിവിഐപി വാഹനവ്യൂഹത്തിനൊപ്പമാണ് മേയറുടെ വാഹനവും സഞ്ചരിച്ചത്. സംഭവത്തില്‍ സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്സ്അന്വേഷണം തുടങ്ങി. സുരക്ഷാ വീഴ്ചയെ കുറിച്ച് പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: