നൂറുവര്‍ഷത്തിനിടയില്‍ വന്ന ഏറ്റവും വലിയ മഹാമാരിയോട് നമുക്കു പോരാടന്‍ കഴിഞ്ഞത് എല്ലാവരുടേയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ്. നമ്മള് പ്രതിസന്ധിഘട്ടങ്ങളില്‍ പരസ്പരം ഒരു കുടുംബംപോലെ ഒത്തൊരുമയോടെനിന്നു. നമ്മുടെ നാട്ടില്‍ ഓരോരുത്തരെയും നാം കഴിവിനുമപ്പുറം സഹായിക്കാന്‍ പരിശ്രമിച്ചു. അതാണ് നമ്മെ വലിയ നേട്ടത്തില്‍ എത്തിച്ചത്. ഇന്ന് ലോകത്ത് വാക്സിനേഷന്റെ കണക്കുകള്‍ താരതമ്യപ്പെടുത്തിയാല്‍ നമ്മള് അഭൂതപൂര്‍വ്വമായ കാര്യമാണ് ചെയ്തത്, എത്ര വലിയ ലക്ഷ്യമാണ് നേടിയത് എന്ന് വ്യക്തമാകും. 140 കോടി ഡോസ് വാക്സിന് എന്ന കടമ്പ നാം കടക്കുന്നത് ഓരോ ഭാരതീയന്റെയും നേട്ടമാണ്. ഇത് ഓരോ ഇന്ത്യാക്കാരന്റെയും നമ്മുടെ നാട്ടിലെ വ്യവസ്ഥയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. ശാസ്ത്രത്തിലും ശാസ്ത്രജ്ഞരിലുമുള്ള വിശ്വാസമാണ് സൂചിപ്പിക്കുന്നത്. ഇത് നമ്മുടെ ഇച്ഛാശക്തിയുടെ ഏറ്റവും വലിയ തെളിവാണ്.
എന്നാല്‍, കൊറോണയുടെ പുതിയ വകഭേദം നമ്മുടെ പടിവാതിലില്‍ മുട്ടിവിളിച്ചുകഴിഞ്ഞു. ഈ മഹാമാരിയെ പരാജയപ്പെടുത്താനും നമ്മുടെ ഓരോരുത്തരുടേയും പരിശ്രമത്തിന് പ്രാധാന്യമുണ്ടെന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ‘ഓമിക്രോണ്‍’ വകഭേദത്തെക്കുറിച്ച് നമ്മുടെ ശാസ്ത്രജ്ഞര്‍ നിരന്തരമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും അവര്‍ക്ക് പുതിയ ഡാറ്റ കിട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു. ഈ അവസരത്തില്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി നമ്മുടെ ജാഗ്രതയും അച്ചടക്കവുമാണ്. നമ്മുടെ സാമൂഹ്യ ശക്തികൊണ്ട് അതിനെ പരാജയപ്പെടുത്താം എന്ന ഉറച്ചബോധത്തോടെ വേണം നാം 2022 എന്ന പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കേണ്ടത്.
കുട്ടികളും പരീക്ഷയും
എല്ലാ വര്‍ഷവും പരീക്ഷാക്കാലത്ത് ഇത്തരം വിഷയങ്ങളാണ് ഞാന്‍ കുട്ടികളോട് ചര്‍ച്ച ചെയ്യാറുള്ളത്. ഈ വര്‍ഷവും പരീക്ഷയുടെ മുന്നോടിയായി കുട്ടികളോട് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പദ്ധതി. ഇന്നു മുതല്‍ മൈ ഗവ്വ്.ഇന്നില്‍ രജിസ്ട്രേഷനും ആരംഭിക്കുകയാണ്. രജിസ്ട്രേഷന് ജനുവരി 20 വരെയുണ്ടാകും. ഇതിനായി 9-ാം ക്ലാസ്സു മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഓണ്‍ലൈന്‍ മത്സരവും സംഘടിപ്പിക്കും. ഇതില്‍ നിങ്ങള്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും. നമുക്കെല്ലാര്‍ക്കും ചേര്‍ന്നു പരീക്ഷ, കരിയര്‍, വിജയം തുടങ്ങി വിദ്യാര്‍ത്ഥിജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിശകലനം ചെയ്യാം.
മറുനാട്ടില്‍ നിന്നൊരു ശബ്ദം
അതിര്‍ത്തിക്കപ്പുറം വളരെ ദൂരെ നിന്നു വന്ന കാര്യമാണ് ഇനി ഞാന്‍ ‘മന് കീ ബാത്തി’ല്‍ പറയുന്നത്. ‘വന്ദേ മാതരം, എന്ന ഗാനമാണത്. ഭംഗിയുള്ള ശബ്ദശകലം എവിടെയുള്ളതാണ്, ഏതു നാട്ടില്‍നിന്നു വന്നതാണെന്നു നിങ്ങള്‍ തീര്‍ച്ചയായും വിചാരിക്കുന്നുണ്ടാകും. ഇതിന്റെ ഉത്തരം നിങ്ങളുടെ അതിശയം വര്‍ദ്ധിപ്പിക്കും. വന്ദേമാതരം അവതരിപ്പിച്ച ഈ വിദ്യാര്‍ത്ഥികള്‍ ഗ്രീസില്‍ നിന്നുള്ളവരാണ്. ഇവര്‍ അവിടെ ഇലിയയിലെ ഹൈസ്കൂളില്‍ പഠിക്കുന്നവരാണ്. അവര്‍ ഭാവം ഉള്‍ക്കൊണ്ട് ഭംഗിയായി ‘വന്ദേമാതരം’ അവതരിപ്പിച്ചത്, അത്ഭുതമുളവാക്കുന്നു; ഇതു പ്രശംസനീയമാണ്. ഇത്തരം ശ്രമങ്ങള്‍ രണ്ടു നാടുകളിലെ ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. ഞാന്‍ ഗ്രീസിലെ ഈ കുട്ടികളേയും അവരുടെ അധ്യാപകരേയും അഭിനന്ദിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഈ അവസരത്തില്‍ അവരുടെ ശ്രമത്തെ ഞാന്‍ പ്രശംസിക്കുന്നു.
ഡോക്ടര്‍ കുരേല വിഠലാചാര്യ
നമ്മുടെ രാജ്യം ധാരാളം അസാധാരണരായ പ്രതിഭകളുടെ നാടാണ്, അവരുടെ സവിശേഷപ്രവര്‍ത്തികള്‍ എന്തെങ്കിലും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതിനൊരുദാഹരണമാണ് തെലുങ്കാനയിലെ ഡോക്ടര്‍ കുരേല വിഠലാചാര്യ. അദ്ദേഹത്തിന് 84 വയസ്സുണ്ട്. എന്നാല്‍ സ്വന്തം സ്വപ്നം സാക്ഷാത്കരിക്കുന്ന കാര്യം വരുമ്പോള്‍ അദ്ദേഹം തന്റെ പ്രായത്തെപ്പറ്റി ചിന്തിക്കാറേ ഇല്ല. വലിയ പുസ്തകാലയം തുറക്കണമെന്നത് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. അന്ന് രാജ്യം സ്വതന്ത്രമായിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിച്ചു. കാലം പോയി വിഠലാചാര്യ ലക്ചററായി, തെലുങ്ക് ഭാഷയില്‍ ആഴമേറിയ പഠനം നടത്തി. ധാരാളം കൃതികള്‍ രചിച്ചു. ആറേഴുവര്‍ഷം മുമ്പ് അദ്ദേഹം വീണ്ടും ഒരിക്കല്‍ക്കൂടി തന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. സ്വന്തം പുസ്തകങ്ങളുടെ ഒരു പുസ്തകാലയം തുടങ്ങി. തന്റെ ജീവിതസമ്പാദ്യം അതില്‍ നിക്ഷേപിച്ചു. ക്രമേണ ആള്ക്കാര് ഇതുമായി ബന്ധപ്പെട്ടു സഹകരിക്കാന്‍ തുടങ്ങി. യദാദ്രി-ഭൂവനാഗിരി ജില്ലയിലെ രമണ്ണാപേട്ടിലുള്ള ഈ ലൈബ്രറിയില്‍ ഇപ്പോള്‍ രണ്ടു ലക്ഷം പുസ്തകങ്ങള്‍ ഉണ്ട്.
സംസ്കൃതം പഠിച്ച സെര്ബിയക്കാരന്
ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചറിയുവാന്‍ ലോകമെമ്പാടും താത്പര്യം വര്‍ദ്ധിക്കുകയാണ്. വിവിധ രാജ്യങ്ങളിലുള്ളവര്‍ നമ്മുടെ സംസ്കാരത്തെ അറിയുവാന്‍ മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുന്നു. ഇത്തരത്തിലുള്ള ഒരാളാണ് സെര്‍ബിയയിലെ ഡോ .മോമിര്‍ നികിച് എന്ന പണ്ഡിതന്. ഇദ്ദേഹം സംസ്കൃത-സെര്‍ബിയന്‍ ഡിക്ഷണറി തയ്യാറാക്കി. ഈ ഡിക്ഷണറിയിയില്‍ സംസ്കൃതത്തിലെ എഴുപതിനായിരത്തിലധികം വാക്കുകളുടെ തര്‍ജ്ജിമ സെര്‍ബിയന്‍ ഭാഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോ.നികിച് 70-ാം വയസ്സില്‍ സംസ്കൃതം പഠിച്ചു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കു വളരെ സന്തോഷം തോന്നും. മഹാത്മാഗാന്ധിയുടെ ലേഖനങ്ങളില്‍ നിന്നാണ് ഇതിനുള്ള പ്രേരണ അദ്ദേഹത്തിന് ലഭിച്ചത്. മംഗോളിയയിലെ 93 വയസ്സുള്ള പ്രൊഫ. ജെ. ഗേന്ദേധരം ഇതുപോലുള്ള മറ്റൊരാളാണ്. അദ്ദേഹം കഴിഞ്ഞ 4 ദശകങ്ങള്‍കൊണ്ട് ഇന്ത്യയിലെ 40 പുരാതന ഗ്രന്ഥങ്ങള്‍, മഹാകാവ്യങ്ങള്‍ മംഗോളിയന്‍ ഭാഷയില്‍ തര്‍ജ്ജിമ ചെയ്തു. നമ്മുടെ രാജ്യത്തിലും ഇതേ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് വളരെയധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ മുമ്പുള്ള ‘കാവി’ ചിത്രകലയെ അന്യം നിന്നുപോകാതെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഗോവയിലെ സാഗര്‍മുളെയുടെ പ്രയത്നത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞു. ‘കാവി’ ചിത്രകല ഭാരതത്തിലെ പ്രാചീന ചരിത്രത്തെ തന്നില്‍ ആവാഹിച്ചിരിക്കുന്നു. ‘കാവ്’ എന്നതിന്റെ അര്‍ത്ഥംതന്നെ ചുവന്ന മണ്ണ് എന്നാണ്. പ്രാചീനകാലത്ത് ചുവന്ന മണ്ണ് ഉപയോഗിച്ചാണ് ഈ ചിത്രകല ഉണ്ടാക്കിയിരുന്നത്. പോര്‍ച്ചുഗീസ് ഭരണകാലത്ത് ഗോവയില്‍ നിന്നും പലായനം ചെയ്തവര്‍ മറ്റു രാജ്യങ്ങളിലും ഈ അത്ഭുതചിത്രകല പ്രചരിപ്പിച്ചു. കാലക്രമത്തില്‍ ഈ ചിത്രകല അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, സാഗര്‍മുളെ ഈ കലക്ക് പുതുജീവന്‍ നല്കി. ജനങ്ങള്‍ മനസ്സുവെച്ചാല്‍, രാജ്യത്തുടനീളമുള്ള നമ്മുടെ പ്രാചീനകലകളെ സംരക്ഷിക്കാനും, രക്ഷിക്കാനുമുള്ള വികാരം ഒരു ജനകീയ വിപ്ലവമായി രൂപം പ്രാപിക്കാം. ഞാന്‍ ഇവിടെ ചില പ്രയത്നങ്ങളെക്കുറിച്ചുമാത്രമാണ് പറഞ്ഞത്. നമ്മുടെ രാജ്യത്തുടനീളം ഇങ്ങനെയുള്ള അനേകമനേകം ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. അവയെക്കുറിച്ചുള്ള വിവരങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ നമോ ആപ്പിലൂടെ എനിക്ക് എത്തിച്ചുതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: