അനശ്വരം സനാതനം
പ്രൊഫ. കെ. കെ. കൃഷ്ണന് നമ്പൂതിരി
എല്ലാ മതവിശ്വാസികള്‍ക്കിടയിലും അനേകം ആചാരങ്ങള്‍ നിലവിലുണ്ട്. ഒരാള്‍ അനുഷ്ഠിക്കുന്ന ആചാരങ്ങളുടെ പ്രത്യേകത നിരീക്ഷിച്ചാണ് അയാളുടെ മതം ഏതെന്ന് സാധാരണ ജനങ്ങള്‍ നിര്‍ണയിക്കാറുള്ളത്. ‘ആചാര പ്രഭവോ ധര്‍മ്മഃ’ എന്നത് തികച്ചും സത്യമാണ്. ഹൈന്ദവധര്‍മത്തിന്റെ അവശ്യഘടകങ്ങളായി അനേകം ആചാരാനുഷ്ഠാനങ്ങളുണ്ട്. സമുദായങ്ങളുടേയും വര്‍ണങ്ങളുടേയും ആശ്രമങ്ങളുടേയും പാരമ്പര്യത്തിന്റെ ഭാഗമായി ഹൈന്ദവര്‍ അനുവര്‍ത്തിക്കുന്ന നിരവധി ആചാരങ്ങളുണ്ട്. ധര്‍മശാസ്ത്രങ്ങളിലും സ്മൃതികളിലും ഇവയില്‍ പ്രധാനപ്പെട്ട പല ആചാരങ്ങളും അനുഷ്ഠാനക്രമങ്ങളും വിവരിച്ചിട്ടുണ്ട്.
വേദാംഗമായ കല്പശാസ്ത്രത്തില്‍ ആചാരങ്ങളെ പ്രതിപാദിക്കുന്ന നാലു തരം സൂത്രങ്ങള്‍ കാണാവുന്നതാണ്. ശ്രൗതസൂത്രങ്ങള്‍, ഗൃഹ്യസൂത്രങ്ങള്‍, പിതൃമേധസൂത്രങ്ങള്‍, ധര്‍മസൂത്രങ്ങള്‍ എന്നിവയാണ് ആ നാലു സൂത്രങ്ങള്‍. യാഗങ്ങളുടെ സമയം, അനുഷ്ഠാനം തുടങ്ങിയ വിധികളാണ് ശ്രൗതസൂത്രങ്ങളില്‍. (യജ്ഞവേദികളുടെയും ഹോമകുണ്ഡങ്ങളുടെയും ആകൃതിയും വിസ്താരവും കണക്കും മറ്റും പ്രതിപാദിക്കുന്ന ‘സുല്ബ’ സൂത്രങ്ങള്‍ എന്നു പറയുന്ന ഒരു വിഭാഗവും ശ്രൗതസൂത്രങ്ങളുടെ തന്നെ ഭാഗമായാണ് പരിഗണിച്ചു വരുന്നത്.).ഷോഡശാചാരങ്ങളെ അഥവാ ഷോഡശകര്മ്മങ്ങളെപ്പറ്റി വളരെ വിശദമായി പ്രതിപാദിക്കുന്നവയാണ് ഗൃഹ്യസൂത്രങ്ങള്‍. അനേകം ആചാര്യന്മാര് ഗൃഹ്യസൂത്രങ്ങള്‍ രചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. അക്കാരണത്താല്‍ ഗൃഹ്യസൂത്രങ്ങളുടെ വിഭാഗം വളരെ വിപുലമാണ്. ഇവയില്‍ ഭൂരിപക്ഷം ആചാരങ്ങളും അഥവാ സംസ്ക്കാരങ്ങളും ബ്രാഹ്മണാദി വര്ണങ്ങള്ക്കു മാത്രം അനുഷ്ഠേയമാണ്. മരണാനന്തര ക്രിയങ്ങളെപ്പറ്റി വിവരിക്കുന്നതാണ് പിതൃമേധസൂത്രങ്ങള്‍. ഇവയില്‍ പലതും ‘അപരഷോഡശക്രിയകള്’ എന്ന നിലയില്‍ ഗൃഹ്യസൂത്രങ്ങളിലും പെടുത്താവുന്നവയാണ്). സജ്ജനങ്ങള്‍ അനുഷ്ഠിക്കേണ്ട ദാനാദി ധര്മ്മാചാരങ്ങളെപ്പറ്റി പ്രതിപാദിക്കുന്നവയാണ് ധര്‍മ്മസൂത്രങ്ങള്‍.
ലക്ഷണശാസ്ത്രങ്ങള്മേല്പ്പറഞ്ഞ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ജ്യോതിശ്ശാസ്ത്രം, ശകുനശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, സാമുദ്രിക ലക്ഷണശാസ്ത്രം എന്നിങ്ങനെ പല ശാസ്ത്രശാഖകളും ഭാരതത്തില്‍ വളര്‍ന്നു വികസിച്ചിട്ടുണ്ട്. ഇവയില്‍ ചിലതിന്റെയെങ്കിലും ശാസ്ത്രീയത സന്ദിഗ്ധ കോടിയില്‍ പെടുന്നതുമാകുന്നു. ഇങ്ങനെയുള്ള ശാസ്ത്ര ശാഖകളില്‍ ലൗകിക ജ്യോതിഷം അടക്കം പലതും ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട് വളര്‍ന്നു വന്നവയാണ്. ഇവയില്‍ പലതും പ്രാചീന വൈദിക ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലാണ് വികസിച്ചു വന്നത്.
ലൗകികജ്യോതിഷം അഥവാ കേവലം ജ്യോതിഷം എന്നു മാത്രം പറഞ്ഞു പോരുന്ന ശാസ്ത്രശാഖ വളരെ വികസിതമാണ്. ജ്യോതിഷത്തിന് ഗണിതജ്യോതിഷമെന്നും ഫലിതജ്യോതിഷമെന്നും രണ്ട് വിഭാഗങ്ങളുണ്ട്. ഗണിതജ്യോതിഷം പ്രത്യക്ഷത്തില്‍ കാണാവുന്ന ചില ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ വളര്‍ന്നിട്ടുള്ളതാണ്. പഞ്ചാംഗവിഷയങ്ങളും ഗ്രഹണാദികളും ആചരിക്കുന്നത് ഗണിതജ്യോതിഷത്തിന്റെ വെളിച്ചത്തില്‍ കണക്കുകള്‍ കൂട്ടിയാണ്. എന്നാല്‍ ഫലിത ജ്യോതിഷത്തിന്റെ ഭാഗമായ പ്രവചനങ്ങള്‍ ജ്യോതിശാസ്ത്ര വിദ്വാന്മാരുടെ പാണ്ഡിത്യത്തെ ആശ്രയിച്ചാണ് ഫലിക്കുകയും ഫലിക്കാതിരിക്കുകയും ചെയ്യുക. തത്സംബന്ധിയായി ജാതകാദികള്, മുഹൂര്‍ത്തങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും ഭാഗികമായും ആചരിക്കുന്നവരുണ്ട്. പൊതുവേ പറഞ്ഞാല്‍ ഹൈന്ദവര്‍ ജ്യോതിശ്ശാസ്ത്രാചാരങ്ങളില് വിശ്വാസമുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: