കൊല്ലം: സംസ്ഥാനത്ത് അടുത്തിടെ ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. സ്റ്റേഷന് പരിധിയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക, ജില്ലാ, സംസ്ഥാന നേതാക്കളുടെ വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു.
വിവരങ്ങള്‍ സിറ്റി, റൂറല്‍ പോലീസ് മേധാവികള്‍ക്ക് കൈമാറും. ആവശ്യമെങ്കില്‍ മുന്‍കരുതലിന്റെ ഭാഗമായി നേതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തും. സംസ്ഥാനത്തെ നിലവിലെ സാഹചര്യം നേരിട്ട് ബോധ്യപ്പെടുത്തും. സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്റ്റേഷനിലെ പ്രധാന ഉദ്യോഗസ്ഥന് നേതാക്കളെ ധരിപ്പിക്കും. നേതാക്കളുമായി പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധം പുലര്‍ത്തും. ക്രിമിനല്‍ സ്വഭാവമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ സംരക്ഷണം ഒരുക്കരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
സംഘര്‍ഷ സാധ്യത മേഖലകളില്‍ മുന്‍കൂര്‍ അറസ്റ്റ് ഉള്‍പ്പടെ ഉണ്ടാകും. നേതാക്കളുടെ ഫോണ്‍ കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ശക്തമായ നടപടികളിലൂടെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്ന് ജില്ലയില്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
വാറന്റ് ഉള്ളവരെ ഉള്‍പ്പെടെ പിടികൂടും. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടയ്ക്കും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ഇന്റലിജന്‍സും ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സംഘര്‍ഷ സാധ്യത മേഖലകളില്‍ രാത്രി കാലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: