തിരുവനന്തപുരം: കിഴക്കമ്പലത്തെ കിറ്റക്സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിലുണ്ടായ അതിക്രമങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് കിറ്റക്സിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കിൽ പരിശോധന നടത്തുമെന്ന് ലേബർ ഓഫീസർ അറിയിച്ചു.
നേരത്തെ 12 ലേറെ തവണ കിറ്റക്‌സിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പരിശോധന നടത്തിയിരുന്നു. നിരന്തര പരിശോധന ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ് കേരളത്തിലെ വ്യവസായം അവസാനിപ്പിക്കുകയാണെന്ന് കിറ്റക്‌സ് എംഡി സാബു എം.ജേക്കബ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനെയും നാട്ടുകാരെയും ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിനാണ് അന്വേഷണത്തിന്റെ ചുമതല.
162 അതിഥി തൊഴിലാളികളുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസും അറസ്റ്റും. പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പോലീസ് പറയുന്നു. പോലീസ് വാഹനങ്ങൾ തീ കത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: