കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ഐ ലീഗ് പുതിയ സീസണില്‍ വിജയത്തോടെ അരങ്ങേറി. ആദ്യ മത്സരത്തില്‍ ഗോകുലം എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയെ പരാജയപ്പെടുത്തി. പതിനഞ്ചാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ക്യാപ്റ്റന്‍ ശരീഫ് മുഹമ്മദാണ് ഗോകുലത്തിന് ആദ്യ വിജയം സമ്മാനിച്ചത്. ഗോകുലത്തിന്റെ റൊണാള്‍ഡ് സിങ്ങിനെ ബോക്സിന് അകത്തുവച്ച് ചര്‍ച്ചില്‍ ബ്രദേഴ്സ് താരം ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. സ്പോട്ട്
കിക്കെടുത്ത ശരീഫിന്റെ ശക്തമായ ഷോട്ട് ചര്‍ച്ചില്‍ ഗോളിക്ക് ഒരവസരം പോലും നല്‍കാതെ വലയില്‍ കയറി. ഐ ലീഗ് പുതിയ സീസണിലെ ആദ്യ ഗോളാണിത്. തുടര്‍ന്നു ആക്രമിച്ചു കളിച്ച ചര്‍ച്ചില്‍ ബ്രോതേഴ്സിനെ ഗോകുലം ഡിഫെന്‍ഡേര്‍സ് വളരെ സമര്‍ത്ഥമായി തടഞ്ഞു. ഇരുപത്തിയെട്ടാം മിനുറ്റില്‍ ചര്‍ച്ചില്‍ സമനില ഗോളിന് അരികെ വന്നു. ബ്രൈസ് മിറണ്ഡയുടെ അതുഗ്രന്‍ ഷോട്ട്, ഗോകുലത്തിന്റെ ഗോളി രക്ഷിത് ദാഗര്‍ ഡൈവ് ചെയ്തു തട്ടിമാറ്റുക ആയിരിന്നു.
ഗോകുലത്തിന്റെ സമാനും രണ്ടു സുവര്‍ണാവസരം കിട്ടി. പക്ഷെ ആദ്യ അവസരം ബാറില്‍ തട്ടി തെറിക്കുകയും രണ്ടാമത്തെ അവസരം ചര്‍ച്ചില്‍ ഗോളി ഷില്ട്ടന് പോള്‍ തടയുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഗോളിനായി ചര്‍ച്ചില്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും, കാമറൂണ്‍ താരം ബൗബയും ഡല്‍ഹി സ്വദേശി പവന് കുമാറും ചേര്‍ന്നു തടഞ്ഞു. മലയാളി താരങ്ങളായ ഉവായിസും അലക്സ് സജിയും പ്രതിരോധത്തില്‍ തിളങ്ങി. നേരത്തെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ ആരോസ് ട്രാവുവിനെ ഗോള്‍ രഹിത സമനിയില്‍ തളച്ചു. ചര്‍ച്ചില്‍ ബ്രദേഴ്സിനെ കീഴടക്കിയതോടെ ഗോകുലം കേരള എഫ്സി മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ട്രാവുവിനും ഇന്ത്യന്‍ ആരോസിനും ഒരു പോയിന്റ് വീതമാണുള്ളത്. അതേസമയം ചര്‍ച്ചില്‍ ബ്രദേഴ്സിന് പോയിന്റില്ല. ഗോകുലത്തിന്റെ അടുത്ത മത്സരം നെറോക്ക എഫ് സിക്കെതിരെ ഡിസംബര്‍ 30 ന് കല്യാണി സ്റ്റേഡിയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: