സന്തോഷ് രാജശേഖരന്
എണ്‍പത് വയസു കഴിഞ്ഞ വിശ്വമൂര്ത്തിയെന്ന നാടകനടന്റെ ഹൃദയസ്പര്‍ശിയായ ജീവിതരേഖയുടെ ശക്തമായ അവതരണമാണ് നടചരിതം എന്ന നാടകം. നാടകത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ച വിശ്വമൂര്‍ത്തിയെ ഏറ്റവും നല്ല നടനുള്ള നാടിന്റെ ഔദ്യോഗിക അംഗീകാരം തേടിയെത്തുമ്പോഴാണ് അയാളുടെ കുടുംബവും ജന്മനാടും അഭിമാനത്തോടെ തിരിച്ചറിയുന്നത്. അതിനിടെ അയാള്‍ക്ക് സംഭവിച്ചത് മുഴുവന്‍ കനത്ത നഷ്ടങ്ങളായിരുന്നു.
നാടക ഗവേഷക വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളിലൂടെ സ്പഷ്ടമായ ഓര്‍മകളിലേക്കും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കും നാടകപ്രിയരെ കൂട്ടിക്കൊണ്ടുപോകുന്ന നടചരിതം, രചയിതാവായ സുധാകരന് ശിവാര്‍ത്ഥിയുടെ ആത്മകഥാംശത്തെ സമര്‍ത്ഥമായി കടംകൊണ്ട് രൂപപ്പെട്ടിരിക്കുന്നു. തീവ്ര അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നാടകമാണിത്.
നടീനടന്മാര് എല്ലാംതന്നെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയും സ്റ്റേജില്‍ ചലനസ്വാതന്ത്ര്യം ഉപേക്ഷിച്ച് കഥാപാത്രങ്ങളായി തന്നെ നാടകം വായിച്ച് അഭിനയിക്കുകയും ചെയ്യുന്ന ‘റീഡേഴ്സ് ഡ്രാമ’ എന്ന പുത്തന്‍ ആശയമാണ് അവതരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഔദ്യോഗിക നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നതിനുവേണ്ടികൂടിയാണ് നടചരിതം റീഡേഴ്സ് ഡ്രാമ എന്ന സങ്കേതം സ്വീകരിച്ച് അരങ്ങിലെത്തിക്കുന്നത്. കഴിഞ്ഞ നവംബര്‍ 30ന് തിരുവനന്തപുരം തൈക്കാട് സൂര്യ ഗണേശത്തില്‍ ആദ്യവേദി വിജയകരമാക്കിയ നടചരിതം കൂടുതല്‍ നാടകാസ്വാദകരിലെത്തിക്കുന്നതിന് ഭാരത്ഭവന്റെ ഈ ഉദ്യമം സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: