കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്കെതിരെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താലിബാന്. ഇപ്രാവശ്യം സ്ത്രീകളുടെ യാത്രകളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാര് നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നാണ് താലിബാന് മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ്. സ്ത്രീകളുടെ ദീര്‍ഘദൂര യാത്രകള്‍ക്കാണ് ഇത്തരത്തില്‍ ബന്ധുക്കളായ പുരുഷന്മാര് കൂടെ ഉണ്ടായിരിക്കേണ്ടത്.
72 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാര് ഉണ്ടായിരിക്കേണ്ടത്. പുരുഷന്മാര് കൂടെ ഇല്ലെങ്കില്‍ ഇവരെ യാത്ര ചെയ്യാന്‍ അനുമതിക്കരുത്. യാത്രകളില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകള്‍ ഉറപ്പ് വരുത്തുകയും വേണമെന്ന് താലിബാന് മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിറിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യതു.
അഫ്ഗാനിസ്താനില്‍ അധികാരത്തിലെത്തിയതോടെ സ്ത്രീകള്‍ക്കെതിരെ നിരവധി നിയന്ത്രണങ്ങളാണ് താലിബാന് കൊണ്ടുവന്നത്. നേരത്തെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും താലിബാന് മന്ത്രാലയം ഉത്തരവിട്ടിരുന്നു. അതിനുശേഷം ടെലിവിഷന്‍ ചാനലുകളില്‍ കൂടി നാടകങ്ങളും വനിതാ അഭിനേതാക്കളുടെ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കരുതെന്നുമുള്ള നിര്‍ദേശവും കൊണ്ടുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: