തൊടുപുഴ: ഭീഷണിയുള്ളതിനാല്‍, കരുതല്‍ വേണ്ടവരായി പരിഗണിച്ച് പോലീസ് ശേഖരിച്ചിരുന്ന ഉന്നത ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തി വിവരങ്ങള്‍ പോലീസുകാര്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്കി. തൊടുപുഴ മേഖലയില്‍ നിന്ന് മാത്രം ഇങ്ങനെ 135 പേരുടെ വിവരങ്ങള്‍ ഒരു പോലീസുദ്യോഗസ്ഥന് ചോര്‍ത്തി. ചാരപ്പണി നടത്തിയെന്ന അങ്ങേയറ്റം ഗൗരവകരമായ വിവരം അറിഞ്ഞിട്ടും പോലീസ് ഉന്നതര്‍ ഈ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടില്ല, മാത്രമല്ല ഇയാളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതും. സംസ്ഥാനത്ത് പലയിടത്തും ഇത്തരം ചോര്‍ത്തലുകള്‍ നടന്നിട്ടുണ്ടെന്ന സംശയം ശക്തമായിട്ടുമുണ്ട്.
ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസനെതിരെ പൊടുന്നനെ ആക്രമണമുണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇട നല്‍കുന്നതാണ് പോലീസുകാരുടെ ഇത്തരം ചാരപ്പണി. ഡിസംബര്‍ 3ന് തൊടുപുഴ മങ്ങാട്ടുകവലയില്‍വച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറെ പ്രവാചക വിരുദ്ധ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. മക്കളുടെ മുന്നില്‍വച്ചാണ് ബസില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി ആക്രമിച്ചത്. ഈ കേസില്‍ അന്വേഷണം നടത്തിയ പോലീസിനെ ഞെട്ടിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. സംഭവത്തിനു പിന്നിലെ വലിയ ഗൂഢാലോചന കണ്ടെത്തി അത് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ശേഖരിച്ചുവച്ച നിര്‍ണായകമായ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നത് കണ്ടെത്തിയത്. തൊടുപുഴയ്ക്ക് സമീപമുള്ള ഒരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് വര്‍ഷങ്ങളായി ചാരപ്പണി നടത്തുന്നുണ്ട്.
പോലീസ് ശേഖരിച്ച വിവരങ്ങള്‍ ഇയാള്‍ തന്റെ ഔദ്യോഗിക ഡൊമൈന്‍ ഐഡി ഉപയോഗിച്ച് ചോര്‍ത്തി ഇയാളുടെ തന്നെ ഫോണില്‍ നിന്നും പ്രതിയായ ഭീകര സംഘടനാ പ്രവര്ത്തകന് അയച്ചുകൊടുക്കുകയായിരുന്നു.
പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് പോലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ ഞെട്ടി. റിമാന്‍ഡില്‍ പോയ നാലു പ്രതികളും പിന്നീട് ജാമ്യത്തിലിറങ്ങി. ഇതില്‍ ഫോണില്‍ വിവരങ്ങള്‍ കണ്ടയാളെ ബുധനാഴ്ച വൈകിട്ട് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇതറിഞ്ഞ് നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് രാത്രി വൈകിയും സ്റ്റേഷന് മുന്നില്‍ തമ്പടിച്ചത്.
വിവാദ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി മൊഴി എടുത്തിട്ടുണ്ട്. വിഷയം ലഘൂകരിച്ച് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള നീക്കങ്ങളും സജീവമാണ്. മുമ്പ് മൂവാറ്റുപുഴയില്‍ ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവത്തിലും പ്രതികള്‍ക്ക് പോലീസിന്റെ സഹായം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: