പി.ഡി.ടി. ആചാരി
(ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍)
അടല്‍ ബിഹാരി വാജ്പേയിയുടെ പ്രസംഗം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് 1970ലാണ്. ദല്‍ഹിയിലെ കരോള്‍ബാഗ് എന്ന സ്ഥലത്തുവെച്ച് ജനസംഘം സംഘടിപ്പിച്ച ഒരു പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടായിരുന്നെങ്കിലും, കാണാനും പ്രസംഗം കേള്‍ക്കാനും സാധിച്ചത് അന്നായിരുന്നു. അന്ന് തമിഴ്നാട്ടില്‍ ദ്രാവിഡ കഴകം നടത്തിയ ഒരു പ്രകടനത്തില്‍ ഹിന്ദു ദേവന്മാരെയും, ദേവിമാരെയും ആക്ഷേപിച്ചതിനെതിരായി പ്രതിഷേധിക്കുന്നതിന് സംഘടിപ്പിച്ച യോഗമായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രസംഗം ഞാന്‍ ശ്രദ്ധയോടെ കേട്ടിരുന്നു ആദ്യാവസാനം. ആ വാഗ്ധോരണിയും ശൈലിയും വിഷയാവതരണത്തിലുള്ള പ്രത്യേകതയുമൊക്കെ എന്ന വളരെയധികം ആകര്‍ഷിക്കുകയുണ്ടായി. ആ വര്‍ഷംതന്നെ പാര്‍ലമെന്റില്‍ ഉദ്യോഗം ലഭിച്ച എനിക്ക് പിന്നീട് എല്ലായ്പ്പോഴും വാജ്പേയിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അവസരങ്ങള്‍ ഉണ്ടായി, എന്തോ നിയോഗം പോലെ.
വാസ്തവത്തില്‍ ഹിന്ദിഭാഷയില്‍ ഇത്ര മനോഹരമായി, ഇത്ര ശക്തമായി, ഇത്ര വൈചാരികമായ വ്യക്തതയോടുകൂടി, കാലുഷ്യരഹിതമായി, അഹിംസാത്മകമായി പ്രഭാഷണം നടത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയത് വാജ്പേയിയുടെ പ്രസംഗങ്ങള്‍ കേട്ടപ്പോഴാണ്. അദ്ദേഹം ലോക്സഭയില്‍ ചെയ്ത എല്ലാ പ്രസംഗങ്ങളും ഞാന്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുമായിരുന്നു. ഒരു നല്ല കവിത കേള്‍ക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു അത്. ആ ഭാഷയില്‍ ആരുംതന്നെ അത്ര മനോഹരമായി പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല.
വാജ്പേയിയുടെ രാഷ്ട്രീയ ജീവിതം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അരനൂറ്റാണ്ടിലേറെയുള്ള ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ അതാരംഭിക്കുന്നു. അമ്പതുകളില്‍ ചെറുപ്പക്കാരനായ ഈ വാഗ്മിയുടെ പ്രസംഗം കേള്‍ക്കാന്‍ നെഹ്റു സഭയില്‍ വന്നിരിക്കുമായിരുന്നു എന്ന് പാര്‍ലമെന്റിലെ പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. നെഹ്റുവിനെ നിശിതമായി വിമര്‍ശിക്കുന്ന ആ പ്രസംഗം കഴിഞ്ഞ് വെളിയില്‍ വരുമ്പോള്‍ ലോബിയില്‍വച്ച് നെഹ്റു അദ്ദേഹത്തെ അഭിനന്ദിക്കുമായിരുന്നു എന്ന് വാജ്പേയി തന്നെ പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നു. ഇന്നത്തെ തലമുറക്കും ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്കും അതു പെട്ടെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നും. പക്ഷെ, അത് ആ കാലഘട്ടത്തിന്റെയും, ഇന്ത്യയില്‍ ഒരു ഉന്നത നിലവാരമുള്ള ജനാധിപത്യ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിരുന്ന മഹാന്മാരായ മനുഷ്യരുടെയും ഒരു പ്രത്യേകതയായിരുന്നു. അങ്ങനെയൊരു സംസ്കാരത്തിന്റെ അടിത്തറയിലാണ് നമ്മുടെ ജനാധിപത്യം വളര്‍ന്നുവന്നത്. മനുഷ്യ സമത്വം, സാഹോദര്യം, സാമൂഹ്യനീതി, സ്വാതന്ത്ര്യം എന്നീ നൂതനങ്ങളായ ആശയങ്ങളെ സ്വാംശീകരിച്ച് വളര്‍ന്ന ഒരു തലമുറയായിരുന്നു വാജ്പേയിയുടേത്. ഈ ആശയങ്ങളുടെ ആഴവും വ്യാപ്തിയും മനസിലാക്കാനും, അവയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനും കഴിഞ്ഞ രാഷ്ട്രീയ നേതാക്കന്മാരിലൊരാളായിരുന്നു വാജ്പേയി. അതു ചെറിയ കാര്യമൊന്നുമല്ല. കാലത്തിന്റെ പ്രവാഹത്തില്‍ ആശയങ്ങളേയും വിശ്വാസ പ്രമാണങ്ങളേയും ഉപേക്ഷിച്ച് മനുഷ്യമനസ്സിന്റെ വിശാലതയില്‍ നിന്നു പിന്മാറി ഇടുങ്ങിയ ചിന്താധാരകളിലേക്കു ചുരുങ്ങിപ്പോയ അനേകം ആളുകള്‍ ഇവിടെയുണ്ടായിട്ടുണ്ട്. പക്ഷെ അടല്‍ ബിഹാരി വാജ്പേയി എന്ന വ്യക്തി ആദര്‍ശപരമായ, ചിന്താപരമായ വിശാലതകളിലെക്ക് നിരന്തരം വളര്‍ന്നുകൊണ്ടിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു. തന്റെ പ്രസ്ഥാനത്തെ, തന്റെ അഭിപ്രായങ്ങളുടെയും വിശ്വാസങ്ങളുടെയും താന്‍ ആര്‍ജിച്ച ജനാധിപത്യ സംസ്കാരത്തിന്റെയും ചട്ടക്കൂട്ടില്‍ ഒതുക്കിനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നുള്ളത് ചെറിയ നേട്ടമല്ല.
1977-ല്‍ അധികാരത്തില്‍ വന്ന ജനതാപാര്‍ട്ടി ഗവണ്മെന്റില് വാജ്പേയി വിദേശകാര്യമന്ത്രിയായിരുന്നു. മന്ത്രിയെന്ന നിലയില്‍ ആദ്യമായി അദ്ദേഹം ലോക്സഭയില്‍ ചെയ്ത പ്രസംഗം വിദേശകാര്യ വകുപ്പിനുവേണ്ടിയുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയായിട്ടാണ്. അദ്ദേഹത്തിന്റെ പ്രസംഗം ഇങ്ങനെയാണാരംഭിച്ചത്. ”ഭാരതത്തിന്റെ വിദേശനയത്തെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍ പണ്ഡിറ്റ്ജിയെ എങ്ങനെ മറക്കാന്‍ കഴിയും?” ഈ ഒറ്റവാചകത്തിലൂടെ, സ്വാതന്ത്ര്യസമരത്തിലൂടെ വളര്‍ന്നുവന്ന നേതൃത്വം കൈമാറിയ രാഷ്ട്രീയ സംസ്കാരം പൂര്‍ണമായി ഉള്‍ക്കൊള്ളാനും, വികാരവിചാരങ്ങളുടെ വിശാലതകളിലേക്കു വളരാനും തനിക്കു കഴിഞ്ഞു എന്ന് അദ്ദേഹം വിളിച്ചറിയിക്കുകയായിരുന്നു.
രാഷ്ട്രീയ പ്രതിയോഗികളുമായുള്ള ഇടപെടലുകളില്‍ അനാദൃശമായ ഒരു സാംസ്കാരിക വൈശിഷ്ട്യം അദ്ദേഹത്തില്‍ കാണാമായിരുന്നു. പ്രധാനമന്ത്രിയായി അദ്ദേഹം ചെയ്ത കാര്യങ്ങളില്‍, പ്രത്യേകിച്ചും, ശത്രുരാജ്യമായ അയല്‍രാജ്യത്തോടുള്ള സമീപനത്തില്‍, കശ്മീരിലെ ജനതയുമായുള്ള വിനിമയങ്ങളില്‍, കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വം അദ്ദേഹത്തെ അല്പം പോലും ബാധിച്ചിരുന്നില്ല.
വ്യക്തിപരമായി പറഞ്ഞാല്‍, അദ്ദേഹത്തിന് എന്നോട് വളരെ ഇഷ്ടമുണ്ടായിരുന്നു. രോഗശയ്യയിലായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുമായിരുന്നു. അവസാനകാലത്ത് ആളുകളെ തിരിച്ചറിയാന്‍ പ്രയാസമായിരുന്നെങ്കിലും, എന്നെ കാണുമ്പോള്‍ മുഖത്ത് സന്തോഷത്തിന്റെതായ ഒരു ഭാവം നിഴലിക്കുന്നതു കാണാമായിരുന്നു. കണ്ടിറങ്ങുമ്പോള്‍ ഒരു വലിയ മനുഷ്യനെ കണ്ടതിന്റെ സംതൃപ്തി എന്റെ മനസ്സിലുടലെടുക്കുമായിരുന്നു. നാല്പതു വര്‍ഷങ്ങള്‍ നീണ്ടുനിന്ന സുദീര്‍ഘമായ പാര്‍ലമെന്റിലെ എന്റെ ജീവിതത്തില്‍ ഈ വിധത്തിലുള്ള ഒരു സംതൃപ്തിയുടെ നിമിഷങ്ങള്‍ അധികമുണ്ടായിട്ടില്ല.
ആ മഹത് ജീവിതത്തെ രാജ്യം ഒരിക്കലും മറക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: