കൃഷ്ണപ്രിയ അജി
കൊച്ചി: എന്തൊരു ദുരിതമാണിത്, ഒന്ന് കാലുകുത്താന്‍ പോലും പറ്റുന്നില്ല. ബസില്‍ കയറണമെങ്കില്‍ ഈ വെള്ളത്തിലൂടെ നടന്ന് വേണം പോകാന്‍. പണം കൊടുത്ത് യാത്രചെയ്യുന്ന ഞങ്ങളോട് സര്‍ക്കാരെന്തിനാണ് ഈ ക്രൂരത കാട്ടുന്നത്. തുറവൂരിലേക്ക് പോകാനെത്തിയ ഗാന്ധിനഗര്‍ സ്വദേശിനി ബബിതയുടെതാണ് ഈ വാക്കുകള്‍. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് യാത്രക്കാര്‍ക്ക് ദുരിതം വിതച്ച് ഓടയില്‍ നിന്നും സമീപത്തെ കനാലില്‍ നിന്നടക്കമുള്ള മലിന ജലം എത്തുന്നത്.
ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും മലിന ജലം നിറയുമ്പോള്‍ അധികൃതര്‍ കണ്ടഭാവം പോലും നടിക്കുന്നില്ല. ഓടയില്‍ നിന്നും കനാലില്‍ നിന്നുമുള്ള കറുത്ത് ദുര്‍ഗന്ധം വമിക്കുന്ന വെള്ളമാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളിലേക്ക് കയറുന്നത്.
വേലിയേറ്റത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ മലിനജലം നിറഞ്ഞിരുന്നു. ഇതോടെ ബസ് സ്റ്റാന്‍ഡിനുള്ളിലെ കടകളിലും ബസ് കാത്തിരിക്കുന്ന സ്ഥലങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും ഫലം ഉണ്ടായില്ല. വര്‍ഷങ്ങളായുള്ള അവസ്ഥ ഇതാണെന്നും പരാതി പറഞ്ഞ് മടുത്തെന്നും സ്റ്റാന്‍ഡിനുള്ളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ഷൗക്കത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: