പതിറ്റാണ്ടുകളായി വാഴ്ത്തിപ്പാടുന്ന കേരള മോഡല്‍ വികസനത്തിന്റെ ബാക്കിപത്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി. ഇവിടെ നടന്ന ആള്‍ക്കൂട്ടക്കൊല പ്രദേശത്തിന്റെ ദാരിദ്ര്യത്തിലേക്കും വികസനരാഹിത്യത്തിലേക്കും വെളിച്ചം വീശുകയുണ്ടായി. ആവര്‍ത്തിക്കപ്പെടുന്ന ശിശുമരണങ്ങളാണ് അട്ടപ്പാടി അടുത്തിടെ വാര്‍ത്തകളില്‍ നിറയാന്‍ കാരണം. ഒന്‍പത് വര്‍ഷത്തിനിടെ 135 ശിശുമരണങ്ങള്‍ സംഭവിച്ചത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജന്മഭൂമി നാല് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ‘അട്ടപ്പാടിയിലെ ശിശുരോദനങ്ങള്’ എന്ന പരമ്പര ഈ ആദിവാസി മേഖലയുടെ യഥാര്‍ത്ഥ പ്രശ്നങ്ങളും അട്ടപ്പാടിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പറഞ്ഞുകേള്‍ക്കാത്ത വസ്തുതകളും പുറത്തു കൊണ്ടുവന്നു. അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യയില്‍ വന്നിരിക്കുന്ന ഗണ്യമായ കുറവാണ് ഇതിലൊന്ന്. വംശനാശത്തിലേക്ക് നയിക്കുന്ന ഈ മാറ്റത്തിന് അനധികൃത കുടിയേറ്റവും മതംമാറ്റവുമൊക്കെ കാരണങ്ങളാണ്. ഇതിനു പിന്നില്‍ സംഘടിത ശക്തികളാണെന്നതിനാല് അധികൃതര്‍ കണ്ണടയ്ക്കുകയാണ് പതിവ്. അട്ടപ്പാടിയിലെ ആദിവാസികള്‍ വോട്ടു ബാങ്കല്ലാത്തതിനാല്‍ രാഷ്ട്രീയ-ഭരണ നേതൃത്വം ഇതൊന്നും ഗൗരവത്തിലെടുക്കാറില്ല. ജനസംഖ്യയില്‍ വന്നിട്ടുള്ള ഈ കുറവ്, ഭൂമി അന്യാധീനപ്പെടുന്നതുള്പ്പെടെ മറ്റെന്തൊക്കെ പ്രശ്നങ്ങളാണ് ആദിവാസികള്‍ക്ക് വരുത്തിവച്ചിട്ടുള്ളത് എന്ന കാര്യം പഠിക്കേണ്ടതുണ്ട്.
പൊതുവെ കരുതപ്പെടുന്നതില്‍ നിന്ന് പല നിലയ്ക്കും വ്യത്യസ്തമാണ് അട്ടപ്പാടിയിലെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെന്ന് ജന്മഭൂമി പരമ്പരയില്‍ നിന്നു വ്യക്തമാവുന്നു. പദ്ധതികളുടെ നീണ്ട പരമ്പര തന്നെ ഉണ്ടായിട്ടും വികസനം പടിക്കുപുറത്താണ്. പദ്ധതികള്‍ പ്രഖ്യാപിക്കുകയും പണം അനുവദിക്കുകയുമൊക്കെ ചെയ്യുമ്പോഴും ഇവയുടെ നിര്‍വഹണത്തില്‍ അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല. ആദിവാസികള്‍ ചോദിക്കാനും പറയാനും ശേഷിയില്ലാത്തവരായതിനാല്‍ വികസന പദ്ധതിയിലൂടെ വളരുന്നത് അഴിമതിയാണ്. ഇത് ചോദ്യം ചെയ്യുന്നവരെ ക്രൂരമായി ഒറ്റപ്പെടുത്തും. അവര്‍ക്ക് അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരും. വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണ്ടതിലേറെ നിലവിലുള്ളപ്പോഴും ആദിവാസികളെ വിദ്യാസമ്പന്നരാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. വിദ്യാഭ്യാസത്തിന്റെ കുറവ് ജീവിതത്തെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്നു. അവസരങ്ങള്‍ ധാരാളമുണ്ടെങ്കിലും അതുപയോഗിച്ച് ചുറ്റുപാടുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ല. പലരും ലഹരിക്കടിമകളാവുന്നതിനാല് ഇവരോട് ആര്‍ക്കും എന്തുമാവാമെന്ന സ്ഥിതിയാണ്. ലഹരിവസ്തുക്കള്‍ വന്‍തോതില്‍ എത്തിച്ചുകൊടുക്കാനും ആളുകളുണ്ട്. ആരോഗ്യസംവിധാനങ്ങള്‍ വേണ്ടത്രയുള്ളപ്പോഴും അവ ഉപയോഗപ്പെടുത്തുന്നില്ല. അരിവാള്‍ രോഗം ക്രമാനുഗതമായി വര്‍ധിച്ചുവരുന്നതിന്റെ കാരണം ഇതാണ്. ജനിതക കാരണങ്ങളാല്‍ ഉണ്ടാകുന്ന ഈ രോഗമുള്ളവര്‍ വിവാഹിതരാവരുതെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല. ആദിവാസികളെ സ്വയംപര്യാപ്തരാക്കുന്നതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. സമൂഹ്യ അടുക്കള പോലുള്ള സംവിധാനങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു. ആരും പണിക്കു പോകുന്നില്ല. അധ്വാനിക്കാന്‍ പ്രേരിപ്പിച്ച് കൃഷിയിലും മറ്റും ഏര്‍പ്പെടുത്തിക്കൊണ്ടല്ലാതെ അട്ടപ്പാടിയെ ഇപ്പോഴത്തെ ദുരിതാവസ്ഥയില്‍നിന്ന് മോചിപ്പിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: