തൊടുപുഴ: തൊടുപുഴ എംഎല്‍എ പി.ജെ. ജോസഫിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയിട്ടുള്ള ഏക വ്യക്തിയാണ് പി.ടി. തോമസ്. അതിന് പിന്നിലൊരു മധുരപ്രതികാരത്തിന്റെ കഥയുണ്ട്. ഇരുവരും തമ്മിലുള്ള ആദ്യപോരാട്ടം 1996ലായിരുന്നു. തൊടുപുഴ എപിജെ അബ്ദുല്‍ കലാം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പാതിരാത്രിയോളം നീണ്ട വോട്ടെണ്ണല്‍ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ജോസഫ് ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാനം വരെ ശുഭപ്രതീക്ഷയുണ്ടായിരുന്ന പി.ടി. തോമസ് ചുരുക്കം ചില പ്രവര്‍ത്തകരോടൊപ്പം ഇവിടെ തുടര്‍ന്നു.
പുലര്‍ച്ചെ ഫലം പുറത്തുവിടുമ്പോള്‍ സ്കൂളിന് മുമ്പിലുള്ള റോഡാകെ എതിര്‍പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സംഘര്‍ഷമുണ്ടാകുമെന്നും സ്കൂളിന്റെ മതിലുചാടി ടിബി വഴി രക്ഷപ്പെടാമെന്നും പോലീസിന്റെ നിര്‍ദേശം. പോകുന്നെങ്കില്‍ സ്കൂളിന്റെ മുന്‍വാതിലിലൂടെ തലയുയര്‍ത്തി തന്നെയെന്ന് പി.ടിയും. ഒടുവില്‍ പോലീസ് അകമ്പടിയോടെ പുറത്തെത്തിയെങ്കിലും ആള്‍ക്കൂട്ടം അസഭ്യംവിളിച്ചു, ആരോ ചെരുപ്പുകൊണ്ടും കൈ കൊണ്ടും അടിച്ചു.
ഒടുവില്‍ ഒരു വിധത്തില്‍ പുറത്തെത്തുമ്പോള്‍ തോമസ് മനസിലുറപ്പിച്ചു, എന്തു വന്നാലും അടുത്തതവണ തൊടുപുഴ പിടിച്ചിരിക്കും. അന്നേറ്റ അപമാനം അഞ്ച് വര്‍ഷം മനസില്‍ കത്തിക്കൊണ്ടിരുന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ശക്തനായി മാറിയ തോമസിന് പാര്‍ട്ടി പീരുമേടും ഉടുമ്പന്‍ചോലയുമെല്ലാം വച്ചുനീട്ടി. വിജയസാദ്ധ്യത കുറഞ്ഞ തൊടുപുഴ തന്നെ പി.ടി. തെരഞ്ഞെടുത്തു. വാശിയേറിയ പോരാട്ടത്തില്‍ കരുത്തനായ കേരള കോണ്‍ഗ്രസ് നേതാവിനെ 6125 വോട്ടിന് തോമസ് തറപറ്റിച്ചു. പിന്നീട് ജോസഫ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമ്പോള്‍ ഇടുക്കിയിലെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും അതിനെയെല്ലാം തണുപ്പിച്ചതും പി.ടി. തോമസായിരുന്നു.
പ്രകൃതി സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കൈയേറ്റക്കാരാണ് അതിനെ എതിര്‍ക്കുന്നതെന്നും ക്രൈസ്തവ സഭ നേതാക്കളുടെ മുഖത്ത് നോക്കി പി.ടി. പറഞ്ഞു. ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി നേരിട്ട് കൊമ്പ് കോര്‍ത്തു. സഭ രൂപം കൊടുത്ത ഹൈറേഞ്ച് സംരക്ഷണ സമിതിയെ രംഗത്തിറക്കി പി.ടി. തോമസിനെ വേട്ടയാടി. അവര്‍ അദ്ദേഹത്തിന്റെ ശവമഞ്ച ഘോഷയാത്ര വരെ നടത്തി. ഇതോടെ പി.ടി. തോമസ് ഇടുക്കിയില്‍ നിന്നും കുടിയിറക്കപ്പെട്ടു. 2009ല്‍ 74,796 വോട്ടിന് ഇടുക്കി ലോകസഭാ മണ്ഡലം പിടിച്ചെടുത്ത പി ടിക്ക് 2014ല്‍ സീറ്റ് നിഷേധിക്കപ്പെട്ടു. പകരക്കാരനായെത്തിയ ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണത്തില്‍ പോലും സിറ്റിംഗ് എംപിയായിരുന്നിട്ടും തോമസിനെ അടുപ്പിച്ചില്ല.
2014ല്‍ കാസര്‍ഗോഡ് ടി. സിദ്ധിഖിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള യാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതം മുതലാണ് ശരീരം പി.ടിയെ തളര്‍ത്തി തുടങ്ങിയത്. ഇതോടെ ശാരീരികമായി തളര്‍ന്ന പി.ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ ഒരു ഫീനിക്സ് പക്ഷിയെ പോലെ തൃക്കാക്കരയില്‍ നിന്ന് നിയമസഭയിലേക്ക് ഉയര്‍ത്തെഴുന്നേറ്റ പി.ടിയെ കോണ്‍ഗ്രസുകാര്‍ പോലും അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഒരു ഘട്ടത്തില്‍ തള്ളിപ്പറഞ്ഞെങ്കിലും ഇടുക്കിയ്ക്ക് എന്നും പിടിയുടെ ഇടനെഞ്ചിലിടമുണ്ടായിരുന്നു. ഇടുക്കിയിലെ ഏത് പരിപാടിക്കും അദ്ദേഹം ഓടിയെത്തുമായിരുന്നു. ഗ്രൂപ്പ് ഭേദമന്യേ ജില്ലയിലെ കോണ്‍ഗ്രസുകാരുടെയും വികാരമാണ് പി.ടി. തോമസ്. എക്കാലവും ഇടുക്കിയിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായിരുന്നു പി.ടി. ഒരു മാസം മുമ്പ് ജ്യേഷ്ഠ സഹോദരന് ഔസേപ്പച്ചന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് അനാരോഗ്യം വകവച്ച് അവസാനമായി ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: