പന്തളം: പാറപൊട്ടിച്ചു നീക്കി അഗാധ ഗര്‍ത്തങ്ങളായി മാറിയ പാറക്കുളങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. മിക്ക സ്ഥലങ്ങളിലും കുളങ്ങളുടെ കരയില്‍കൂടി ആളുകള്‍ക്ക് സഞ്ചരിക്കാന്‍ വഴിയുണ്ടെങ്കിലും ഇതിന് സംരക്ഷണ വേലിയോ മുന്നറിയിപ്പ് ബോര്‍ഡോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ല. ഇത്തരത്തിലുള്ള മാമ്പിലാലി തെക്ക് പാറക്കുളത്തിലാണ് കഴിഞ്ഞ ദിവസം യുവാവിന്റെ ജീവന് പൊലിഞ്ഞത്.
ക്രിസ്മസ് കരോള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജിജോ ജോസ് ആണ് ബൈക്കില്‍ നിന്നും തെറിച്ചുവീണത്. ജിജോ സഞ്ചരിച്ചിരുന്ന ബൈക്ക് കരയില്‍ത്തന്നെ കിടന്നു. അന്‍പതടിയിലധികം താഴ്ചയുള്ള വെള്ളക്കെട്ടില്‍ നിന്നും അഞ്ചു മണിക്കൂറോളം സമയം തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പാറപൊട്ടിക്കല്‍ നിന്നതോടെ ആരും ശ്രദ്ധിക്കാതെ കിടക്കുന്ന സ്ഥലമായി ഇത് മാറി.
കരയില്‍ പാറക്കുളത്തോടുചേര്ന്ന് പുല്ല് വളര്‍ന്ന് നില്ക്കുന്നതിനാല് പരിചയമില്ലാത്തവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. തുമ്പമണ്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുരമ്പാല പറക്കുന്നില്‍ പാറക്കുളവും ഇത്തരത്തില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്.
തോരാതെ പെയ്ത മഴയില്‍ പാറമടയില്‍ വെള്ളം നിറഞ്ഞതോടെ പ്രദേശ വാസികള്‍ ആശങ്കയിലായി. ചെറിയ ഡാമിന് സമാനമാണ് ഈ പാറക്കുളം. മഴക്കാലത്ത് വെള്ളം നിറഞ്ഞു കവിയുന്നതിനാല്‍ സമീപത്തെ ഇരുപതോളം വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിക്കൊണ്ടിരുന്നു. ജനങ്ങളുടെ ആവശ്യപ്രകാരം നഗരസഭാ കൗണ്‍സിലര്‍ ഉഷാ മധുവിന്റെ നേതൃത്വത്തില്‍ പാറക്കുളത്തില്‍ മീന്‍ വളര്‍ത്തുന്ന കരാറുകാരനുമായി ബന്ധപ്പെട്ട് വെള്ളം പമ്പ്ചെയ്ത് പുറത്തേക്കൊഴുക്കിക്കളയാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതിനായി ഭീമമായ വൈദ്യുതി ചാര്‍ജാണ് കരാറുകാരന് അടയ്ക്കേണ്ടി വന്നത്. പിന്നീട് മെമ്പറുടെ നേതൃത്വത്തില്‍ എംഎല്‍എ, മത്സ്യഫെഡ് അധികൃതര്‍ എന്നിവരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ല.
സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷണ വേലികെട്ടിയും വെള്ളം വറ്റിച്ചും പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പന്തളം നഗരസഭയുടെയും ജനങ്ങളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: