തേഞ്ഞിപ്പലം: അറുപത്തിയഞ്ചാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനിക്കാനിരിക്കെ പാലക്കാട് കിരീടത്തിലേക്ക്. മൂന്നാം ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ പാലക്കാട് 17 സ്വര്‍ണവും 16 വെള്ളിയും 15 വെങ്കലവുമടക്കം 352 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
21 സ്വര്‍ണവും 10 വെള്ളിയും എട്ട് വെങ്കലവുമടക്കം 295.5 പോയിന്റുമായി എറണാകുളമാണ് രണ്ടാമത്. 16 സ്വര്‍ണവും 9 വെള്ളിയും 10 വെങ്കലവുമടക്കം 262.5 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും 10 സ്വര്‍ണവും 16 വെള്ളിയും 10 വെങ്കലവുമടക്കം 229.5 പോയിന്റുമായി കോട്ടയം നാലാം സ്ഥാനത്തുമുണ്ട്.
ഇന്നലെ പത്ത് പുതിയ മീറ്റ് റെക്കോഡുകളാണ് പിറന്നത്. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം ലോങ്ജമ്പില്‍ കോഴിക്കോടിന്റെ മുബസിന മുഹമ്മദ്, ഡിസ്കസ് ത്രോയില്‍ കാസര്‍കോടിന്റെ അനുപ്രിയ. വി.എസ്, അണ്ടര്‍ 20 വനിതാ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ ആന്‍ റോസ് ടോമി, 10000 മീറ്റര്‍ നടത്തത്തില്‍ എറണാകുളത്തിന്റെ സാന്ദ്ര സുരേന്ദ്രന്, ഹൈജമ്പില്‍ എറണാകുളത്തിന്റെ മീര ഷിബു, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആലപ്പുഴയുടെ സച്ചു മാത്യു, ബോള്‍ ത്രോയില്‍ വയനാടിന്റെ തേജസ് ചന്ദ്രന്, അണ്ടര്‍ 16 വിഭാഗം 300 മീറ്ററില്‍ കോഴിക്കോടിന്റെ ടി. ആഘോഷ്, ഹെക്സാത്തലണില് മലപ്പുറത്തിന്റെ ഇര്ഫാന് മുഹമ്മദ്, 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കിരണ്‍. കെ എന്നിവരാണ് ഇന്നലെ റെക്കോഡിന് അവകാശികളായത്.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ കോഴിക്കോടിന് വേണ്ടി ഇറങ്ങിയ ലക്ഷദ്വീപുകാരി മുബസിന മുഹമ്മദ് 5.90 മീറ്റര്‍ ചാടിയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. തൃശൂരിന്റെ ഇ.എസ്. ശിവപ്രിയയുടെ 5.68 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്. അണ്ടര്‍ 16 പെണ് ഡിസ്കസ് ത്രോയില്‍ 37.23 മീറ്റര്‍ എറിഞ്ഞാണ് കാസര്‍കോടിന്റെ അനുപ്രിയ റെക്കോഡിന് അവകാശിയായത്. 2017-ല്‍ തൃശൂരിന്റെ പി.എ. അതുല്യ സ്ഥാപിച്ച 36.51 മീറ്ററിന്റെ റെക്കോഡാണ് തിരുത്തിയത്. അണ്ടര്‍ 20 പെണ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോടിന്റെ അപര്‍ണ റോയ് സ്ഥാപിച്ച 14.2 സെക്കന്‍ഡിന്റെ റെക്കോഡ് മറികടന്നാണ് തൃശൂരിന്റെ ആന്‍ റോസ് ടോമി റെക്കോഡ് സ്വന്തമാക്കിയത്. 14.22 സെക്കന്‍ഡാണ് പുതിയ സമയം. കഴിഞ്ഞ ദിവസം 100 മീറ്ററിലും സ്വര്‍ണം നേടിയ ആന്‍ ഇരട്ട സ്വര്‍ണത്തിന് അവകാശിയായി. ഇതേ വിഭാഗം 10,000 മീറ്റര്‍ നടത്തത്തില്‍ എറണാകുളത്തിന്റെ സാന്ദ്ര സുരേന്ദ്രന് 49 മിനിറ്റ് 57 സെക്കന്‍ഡില്‍ നടന്നെത്തിയാണ് റെക്കോഡിന് അവകാശിയായത്.
പാലക്കാടിന്റെ നീന. കെ.ടി 2015-ല്‍ സ്ഥാപിച്ച 53 മിനിറ്റ് 19.60 സെക്കന്‍ഡിന്റെ റെക്കോഡാണ് സാന്ദ്ര സ്വന്തം പേരിലാക്കിയത്. ഹൈജമ്പില്‍ എറണാകുളത്തിന്റെ മീരാ ഷിബു 1.72 മീറ്റര്‍ ചാടി റെക്കോഡ് സ്വന്തമാക്കി. 2016-ല്‍ എറണാകുളത്തിന്റെ ലിബിയ ഷാജി സ്ഥാപിച്ച 1.71 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്.
അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 13.26 മീറ്റര്‍ എറിഞ്ഞ് ആലപ്പുഴയുടെ സച്ചു മാര്ട്ടിന് റെക്കോഡിന് അവകാശിയായി. മലപ്പുറത്തിന്റെ മുഹമ്മദ് നിഷാം സ്ഥാപിച്ച 11.36 മീറ്ററിന്റെ റെക്കോഡാണ് തകര്‍ന്നത്. ഈ ഇനത്തില്‍ ആദ്യ നാല് സ്ഥാനക്കാരും നിലവിലെ റെക്കോഡ് മറികടന്നു. ബോള്ത്രോയില് വയനാടിന്റെ തേജസ് ചന്ദ്രന് 67.04 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോഡ് സ്വന്തമാക്കി. വയനാടിന്റെ തന്നെ വിഷ്ണു. പി.കെ സ്ഥാപിച്ച 66.65 മീറ്ററിന്റെ റെക്കോഡാണ് തിരുത്തിയത്. അണ്ടര്‍ 16 ആണ് 300 മീറ്ററില്‍ പി. അഭിരാം സ്ഥാപിച്ച 37.81 സെക്കന്‍ഡിന്റെ റെക്കോഡ് കോഴിക്കോടിന്റെ ആഘോഷ്. ടി തിരുത്തി.
37.31 സെക്കന്‍ഡാണ് പുതിയ സമയം. വെള്ളി നേടിയ മലപ്പുറത്തിന്റെ അലന് മാത്യുവും നിലവിലെ റെക്കോഡ് മറികടന്നു. ഹെക്സാത്തലണില് 2946 പോയിന്റ് നേടിയാണ് മലപ്പുറത്തിന്റെ ഇര്ഫാന് മുഹമ്മദ് റെക്കോഡിന് അവകാശിയായത്. 2020-ല്‍ കോട്ടയത്തിന്റെ റോഷന് റോയ് സ്ഥാപിച്ച 2845 പോയിന്റിന്റെ റെക്കോഡ് പഴങ്കഥയായി. 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കിരണ്‍. കെ 10.90 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ നിലവിലെ റെക്കോഡ് ജേതാവ് വയനാടിന്റെ വിമല്‍. എ.ബി രണ്ടാമതായി. 1.30 സെക്കന്‍ഡായിരുന്നു വിമലിന്റെ പേരിലുള്ള റെക്കോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: