തിരുവനന്തപുരം: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് കൊല്ലപ്പെട്ട ദിവസം ആയുധധാരികളായ പോപ്പുലര്‍ ഫ്രണ്ടുകാരുമായി കസ്റ്റഡിയിലെടുത്ത ആംബുലന്‍സ് എന്തുകൊണ്ടാണ് പൊലീസ് വിട്ടുകൊടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിന് പരവതാനി വിരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
തൃത്താലയില്‍ നിന്നും വന്ന ആംബുലന്‍സാണ് എസ്ഡിപിഐ നേതാവിന്റെ മൃതദ്ദേഹവും വഹിച്ച് ആലപ്പുഴയിലെത്തിയത്. ആലപ്പുഴയില്‍ എസ്ഡിപിഐക്ക് നിരവധി ആംബുലന്‍സുകളുണ്ടായിട്ടും പാലക്കാട് ജില്ലയിലെ തൃത്താലയിലെ ഇറുമ്പകശ്ശേരിയില്‍ നിന്ന് ആംബുലന്‍സ് വന്നതെങ്ങനെയാണ്? രണ്‍ജിത്തിന്റെതിന് സമാനമായ വധശ്രമം ഇറുമ്പകശ്ശേരിയില്‍ രണ്ട് വര്‍ഷം മുമ്പ് നടന്നിരുന്നു. ബിജെപി പ്രവര്‍ത്തകനായ മനോജിനെ ചുറ്റിക ഉപയോഗിച്ച് കയ്യും കാലും തല്ലിയൊടിക്കുകയാണ് ചെയ്തത്.
അതേ രീതിയിലാണ് രണ്‍ജിത്ത് അക്രമിക്കപ്പെട്ടത്. അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാമിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് സിപിഎമ്മുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സ്വകാര്യയോഗങ്ങളില്‍ എസ്ഡിപിഐ തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. സലാം പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവായ ഇപ്പോഴത്തെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വന്ന ശേഷം വ്യാപകമായ ആക്രമണങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്. രണ്‍ജിത്തിന്റെ കൊലപാതകത്തില്‍ പിഎഫ്‌ഐഎസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ട്. എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷന്റെ പങ്ക് പൊലീസ് അന്വേഷിക്കണം.
വാഹന പരിശോധനയും റെയിഡും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പരസ്യം കൊടുത്തത് പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകളെ രക്ഷിക്കാനാണ്. പരസ്യം കൊടുത്ത ശേഷം വാഹനം പരിശോധിച്ചാല്‍ ഏതെങ്കിലും പ്രതികളെ കിട്ടുമോ? രണ്‍ജിത്ത് മരിക്കുന്നതിന്റെ തലേ ദിവസം അര്‍ദ്ധരാത്രി പ്രകോപനപരമായ പ്രകടനം നടന്നിട്ടും ഒരു കേസ് പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സഞ്ജിത്തിന്റെ കേസില്‍ മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ 16 ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പ്രതിപക്ഷത്ത് കെ.സുധാകരനും വിഡി സതീശനും പോപ്പുലര്‍ ഫ്രണ്ടിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണ്. മതഭീകരവാദത്തിനെതിരെ ബിജെപി പൊതുവേദിയുണ്ടാക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സമീപ കാലത്തെ കൊലപാതകങ്ങളെല്ലാം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വത്സന്‍ തില്ലങ്കേരിക്കെതിരായ ഗൂഢാലോചന രണ്ട് പതിറ്റാണ്ടായി തുടരുന്നതാണ്. വത്സന്‍ തില്ലങ്കേരിയെ ലക്ഷ്യം വെക്കുന്നത് നിഗൂഡമാണ്. അദ്ദേഹത്തെ അപായപ്പെടുത്താനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കം മനസില്‍ വെച്ചാല്‍ മതി. ജോസഫ് മാഷുടെ കൈവെട്ടിയപ്പോള്‍ മണ്ണഞ്ചേരിയില്‍ പിഎഫ്‌ഐക്കാര്‍ പായസവിതരണം നടത്തി. ക്ഷേത്രമതിലില്‍ പോസ്റ്ററും കൊടിയും കെട്ടി കലാപമുണ്ടാക്കാന്‍ ശ്രമിച്ചു.
നന്ദുവിന്റെ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്കെതിരെ വികലാംഗനാക്കും എന്ന പരസ്യ ഭീഷണി മുഴക്കി. ശബരിമല സമരകാലത്ത് പ്രക്ഷോഭത്തെ ആക്രമിച്ചു. മണ്ണഞ്ചേരിയില്‍ സിപിഎമ്മിലെ ഹിന്ദുക്കള്‍ക്കെതിരെയും ആക്രമണം നടക്കുന്നുണ്ട്. ഈ കേസുകളിലെല്ലാം സിപിഎം എംഎല്‍എയുടെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. പൊലീസ് ജയ്ശ്രീരാം വിളിപ്പിച്ചുവെന്ന ആരോപണം പോപ്പുലാര്‍ ഫ്രണ്ട് ഉയര്‍ത്തിയത് നാടകമാണ്. കൊലപാതകം നടന്നിട്ട് ഇത്രയും സമയമായിട്ടും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഒരു പരിശോധനയും നടത്താന്‍ പൊലീസ് തയ്യാറാവുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍, ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: