ന്യൂദല്‍ഹി: രാജ്യസഭയുടെ ശീതകാലസമ്മേളനം നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായി പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിനാല്‍ വിചാരിച്ചതിനേക്കാള്‍ കുറഞ്ഞ തോതില്‍ മാത്രമേ രാജ്യസഭാ നടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞൂള്ളൂവെന്നതില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു വീണ്ടും ദുഖാര്‍ത്തനായി.
ഇതിന് മുന്‍പ് മണ്‍സൂണ്‍ കാലത്തും സഭാസമ്മേളനം വിലപ്പെട്ട എത്രയോ മണിക്കൂറുകള്‍ നഷ്ടപ്പെടുത്തിയെന്ന വിഷയമുയര്‍ത്തി വെങ്കയ്യ നായിഡു പ്രതിപക്ഷത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ശീതകാലസമ്മേളനത്തിലും രാജ്യസഭ ഫലപ്രദമായി നടത്തിക്കൊണ്ടുവാന്‍ കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണെന്ന് അദ്ദേഹം വീണ്ടും വിലപിക്കുകയാണ്. ഫലപ്രദമായ ചര്‍ച്ചകളില്ല. പ്രസംഗങ്ങളില്ല. സഭാ നടപടികളുടെ മേല്‍ പ്രതിപക്ഷത്തിന്റെ ബോധപൂര്‍വ്വമായ തടസ്സപ്പെടുത്തല്‍ മാത്രമാണ് നടക്കുന്നത്. ഇതേച്ചൊല്ലിയാണ് രാജ്യസഭയില്‍ ഏറെക്കാലത്തെ അനുഭവപരിചയമുള്ള വെങ്കയ്യ നായിഡു ദുഖിതനായത്.
ബുധനാഴ്ച ലിസ്റ്റ് ചെയ്ത പേപ്പറുകളും റിപ്പോര്‍ട്ടുകളും മേശപ്പുറത്ത് വെച്ചയുടന്‍ സഭാംഗങ്ങളുമായി തനിക്ക് സന്തോഷപൂര്‍വ്വം പങ്കുവെയ്ക്കാന്‍ ഒന്നുമില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ‘സഭാസമ്മേളനം എങ്ങിനെ വ്യത്യസ്തവും മെച്ചപ്പെട്ടതും ആക്കാമെന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യണം. ഈ സഭാനടപടികളുടെ ഗതിവിഗതികളെക്കുറിച്ച് സുദീര്‍ഘമായി സംസാരിക്കാനില്ല. അതെന്നെ വിമര്‍ശനാത്മകമായി സംസാരിക്കാന്‍ പ്രേരിപ്പിക്കും,’ വെങ്കയ്യ നായിഡു പറഞ്ഞു.
‘റൂളിംഗുകളും നിയന്ത്രണങ്ങളും സഭാപ്രക്രികളും കൃത്യമായി പിന്തുടരേണ്ടതുണ്ട്, അതേ സമയം മാന്യതയും പതിവുകളും അന്തസ്സും ഉയര്‍ത്തിപ്പിടിക്കേണ്ടതുമുണ്ട്,’- അദ്ദേഹം പറഞ്ഞു.
സംഭവിച്ചതെല്ലാം തെറ്റാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം അംഗങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വിശാലതാല്‍പര്യത്തിന് ക്രിയാത്മകവും മികച്ചതുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നമ്മള് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 12 എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യമുയര്‍ത്തിയും ലഖിംപൂര്‍ ഖേരി അക്രമപ്രശ്നമുന്നയിച്ചും പ്രതിപക്ഷം ഉയര്‍ത്തിയ ബഹളം നിരവധി തവണ സഭാനടപടികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: