കൊല്ലം: രണ്ട് വര്‍ഷത്തിനിടയില്‍ മൂന്നു തവണയാണ് ലക്ഷ്മിനട-നീലാംതോട്ടത്ത് കോര്‍പ്പറേഷന്‍ അധികൃതര്‍ റോഡ് കുത്തിപ്പൊളിച്ചത്. ഈ പ്രദേശത്തെ റോഡ് രണ്ടുവര്‍ഷം മുമ്പാണ് കോണ്‍ക്രീറ്റ് ചെയ്തത്. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്തതില്‍ അപാകത ഉണ്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും കുത്തിപ്പൊളിച്ചു നന്നാക്കി. യാതൊരു കുഴപ്പവുമില്ലാതിരുന്ന റോഡില്‍ കഴിഞ്ഞ മാസമാണ് വീണ്ടും കോണ്‍ക്രീറ്റ് മാറ്റി ഇന്റര്‍ലോക്ക് ഇടാനെന്ന പേരില്‍ വീണ്ടും ജെസിബി ഉപയോഗിച്ച് പൊളിച്ചത്. കോണ്‍ക്രീറ്റ് പൊളിക്കുന്നതിനിടയില്‍ വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പുകളും തകര്‍ത്തു.
കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് പൈപ്പ് കണക്ഷന്‍ നന്നാക്കി തരുമെന്ന ധാരണയിലിരുന്ന പ്രദേശത്തുള്ളവര്‍ വെള്ളം കിട്ടാതെ വലഞ്ഞു. പിന്നീട് സ്വന്തം പണം ഉപയോഗിച്ച് ചിലര്‍ പൈപ്പുകള്‍ പുനഃസ്ഥാപിച്ചു. അപ്പോഴും പണം ചെലവഴിക്കാനില്ലാത്തവരുടെ വീടുകളിലെ കുടിവെള്ളം കോര്‍പ്പറേഷന്‍ അധികൃതര്‍ മുട്ടിച്ചിരിക്കുകയാണ്. കുടിവെള്ള കണക്ഷന്റെ പൈപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ 1.80 ലക്ഷം രൂപയുടെ പുതിയ കരാര്‍ നല്‍കിയിരിക്കുകയാണന്നും പണിതുടങ്ങാന്‍ ഇനിയും കാലതാമസം വരും എന്നാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പറയുന്നത്. പാത പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ വാഹനങ്ങള്‍ വീട്ടിലേക്ക് കയറ്റാനാകാതെ പ്രധാന റോഡിന്റെ വശങ്ങളിലാണ് പാര്‍ക്ക് ചെയ്യുന്നത്. അടിയന്ത സാഹചര്യങ്ങളില്‍ ആശുപത്രിയിലേക്ക് പോകേണ്ടുന്ന കിടപ്പു രോഗികളെപ്പോലും ആശുപത്രിയില്‍ എത്തിക്കാനാകുന്നില്ല. വീടുകളില്‍ വാഹനങ്ങള്‍ കയറ്റാനാകാത്തതിനാല്‍ റോഡില്‍
പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് സാമൂഹ്യവിരുദ്ധര്‍ കേടുപാടുകള്‍ വരുത്തുന്നുമുണ്ട്. നൂറ്റി ഇരുപതോളം കുടുംബങ്ങളാണ് അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ദുരിതത്തിലായത്. പ്രദേശവാസികളുടെ പ്രതിഷേധം വകവയ്‌ക്കാതെയാണ് റോഡ് നശിപ്പിച്ചത്. ഒരു കുഴപ്പവുമില്ലാത്ത റോഡ് എന്തിന് പൊളിച്ചെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: