ന്യൂദല്‍ഹി: ആയിരം കിലോഗ്രാം വരെ ഭാരം വഹിച്ച്, 500 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുപാളയത്തില്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന പ്രളയ് മിസൈല്‍ ഇന്ത്യ ബുധനാഴ്ച വിജയകരമായി പരീക്ഷിച്ചു. വേഗതയും കൃത്യതയുമാണ് പ്രളയ് മിസൈലിന്റെ സവിശേഷത.
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ (എസ്ആര്‍ബിഎം) വിഭാഗത്തില്‍പ്പെടുന്നതാണ് പ്രളയ്. ഒഡിഷ തീരത്തെ പ്രതിരോധ സംവിധാനത്തില്‍ നിന്നായിരുന്നു ബുധനാഴ്ച പരീക്ഷണവിക്ഷേപണം നടത്തിയത്.ചൈനയുടെ ഡോംഗ്ഫെംഗ് 12, റഷ്യയുടെ 9കെ720 ഇസ്കന്ദര്‍ എന്നീ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമായാണ് പ്രളയിനെ താരതമ്യം ചെയ്യുന്നത്.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) ആണ് പ്രളയ് വികസിപ്പിച്ചെടുത്തത്. എപിജെ അബ്ദുള്‍ കലാം ദ്വീപിലെ നാലാം കോംപ്ലക്സില്‍ നിന്നും ബുധനാഴ്ച രാവിലെ 10.15നായിരുന്നു പരീക്ഷണ വിക്ഷേപണം. ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കൃത്യതയാണ് പ്രളയ് ബാലിസ്റ്റിക് മിസ്സൈലിന്റെ സവിശേഷത. ദൗത്യം അതിന്റെ എല്ലാ ലക്ഷ്യങ്ങളും സാക്ഷാല്‍ക്കരിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാ ഉപസംവിധാനങ്ങളും തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിച്ചു. ലക്ഷ്യസ്ഥാനങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിച്ച് കപ്പലുകള്‍ മിസൈലിന്റെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
നിരവധി പുതിയ സാങ്കേതികവിദ്യകള്‍ പ്രളയില്‍ പരീക്ഷിച്ചിട്ടുണ്ട്. പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ് മിസൈലിന് കരുത്ത് പകരുന്നത്. 1000 കിലോ വരെയുള്ള ഭാരം വഹിച്ച് മിസൈല്‍ 500 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കും. ആധുനിക നാവിഗേഷന്‍ സംവിധാനവും എവിയോണിക്സും ഘടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു താല്‍ക്കാലിക ലോഞ്ചറില്‍ നിന്നു വരെ ഈ മിസൈല്‍ വിക്ഷേപിക്കാനാകുമെന്നത് യുദ്ധസാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും.
പുതിയ തലമുറയില്‍ പെട്ട കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഈ മിസൈലില്‍ ആധുനിക സാങ്കേതികവിദ്യകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡിആര്‍ഡിഒ ചെയര്മാന് ഡോ.ജി. സതീഷ് റെഡ്ഡി പറഞ്ഞു. ഒന്നു രണ്ടു പരീക്ഷണങ്ങള്‍ കൂടി കഴിഞ്ഞാല്‍ പ്രളയ് ഇന്ത്യന്‍ സേനയുടെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: