തിരുവനന്തപുരം: തുടര്‍ച്ചയായുള്ള രാഷ്‌ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടില്‍. ഭീകരവാദ സ്വഭാവമുള്ള കൊലപാതക പരമ്പരകള്‍ സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ത്തിരിക്കുകയാണ്. പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. പിണറായി വിജയന്‍ അധികാരത്തിലേറിയ ശേഷം 40 ഓളം രാഷ്‌ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ കൊലക്കത്തിക്ക് ഇരയായത് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ നാലു കൊലപാതകങ്ങളാണ് രാഷ്‌ട്രീയ പശ്ചാത്തലത്തോടെ നടന്നത്. ഇതിലെല്ലാം പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാഷ്‌ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തടയാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. വീണ്ടും അധികാരത്തിലെത്തിയിട്ടും രാഷ്‌ട്രീയ കൊലപാതകങ്ങളെ നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ല. പോലീസിന്റെ നിഷ്‌ക്രിയാവസ്ഥയും വിമര്‍ശിക്കപ്പെടുകയാണ്. സിപിഎം സമ്മേളനങ്ങളില്‍ പോലും സര്‍ക്കാരിനെതിരേ ഉയരുന്ന പ്രധാന വിമര്‍ശനം ആഭ്യന്തര വകുപ്പിനെ കുറിച്ചായിരുന്നു. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് ഭീകരവാദസ്വഭാവം കൈവന്നിട്ടും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി പലതും ബോധപൂര്‍വ്വം ആഭ്യന്തര വകുപ്പ് കണ്ണടച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി.
സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് ഭീകരവാദ പശ്ചാത്തലമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും ക്രിക്കറ്റ് കളിയുമായി പോലീസ് ഉല്ലസിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പുരാവസ്തു തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ജോണ്‍സണ്‍ മാവുങ്കലുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം പോലീസ് സേനയ്‌ക്കാകെ നാണക്കേടുണ്ടാക്കി. പോലീസ് സ്‌റ്റേഷനു സമീപം തന്നെ ബിജെപി നേതാവ് കൊലചെയ്യപ്പെട്ടത് പോലീസ്‌വീഴ്ചയുടെ ആഘാതം വലുതാക്കി. വിമര്‍ശനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പോലീസിനെ പൂര്‍ണമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.
സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘കാവല്‍’ എന്ന പുതിയ പദ്ധതി പോലീസ് പ്രഖ്യാപിച്ചതിന്റെ രണ്ടാംദിവസമാണ് ആലപ്പുഴയില്‍ ബിജെപി നേതാവായ രണ്‍ജീത്തിനെ എസ്ഡിപിഐ കൊലചെയ്തത്. തിരുവനന്തപുരം പോത്തന്‍കോട്ട് നടന്ന കൊലപാതകത്തിന് പിന്നാലെയാണ് സംഘടിത അക്രമങ്ങള്‍ക്ക് തടയിടാനുള്ള പദ്ധതിയായ കാവലുമായി പോലീസെത്തിയത്. പോലീസ് വിമര്‍ശിക്കപ്പെടുമ്പോഴും സേനയുടെ കൈകള്‍ കെട്ടിയിരിക്കുകയാണെന്നതരത്തിലുള്ള അക്ഷേപവും ഉയര്‍ന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: