തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. 500 കോടിയോളം രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് കളവായി ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുത്ത് കോടികളുടെ നികുതി വെട്ടിപ്പിന് നേതൃത്വം നല്കിയ മലപ്പുറം ജില്ലയിലെ അയിലക്കാട് സ്വദേശിയായ യുവാവിനെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് തൃശ്ശൂരില്‍ അറസ്റ്റ് ചെയ്തു.
ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം കേരളത്തില്‍ നടന്ന വന്‍ നികുതി വെട്ടിപ്പ് കേസുകളില്‍ ഒന്നിലാണ് പ്രധാന പ്രതി അറസ്റ്റിലായിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടു പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കഴിഞ്ഞ മാസം നികുതി വെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിനാമി പേരുകളില്‍ ജിഎസ്ടി രജിസ്ട്രേഷന് എടുത്ത് പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ്, തൃശൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രതിയുടെ നേതൃത്വത്തില്‍ നികുതി വെട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി കമ്മിഷണര്‍ ജോണ്സന് ചാക്കോ, തൃശൂര്‍ (ഐബി) വിഭാഗം ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: