ന്യൂദല്‍ഹി: എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി രാജ്യത്ത് ഒറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ പാര്‍ലമെന്റ് നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിര്‍ദ്ദേശമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒറ്റരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതാണ് ലക്ഷ്യമെന്ന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ആധാറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഒറ്റ വോട്ടര്‍പട്ടിക തയ്യാറാക്കണമെന്ന ശുപാര്‍ശയെന്നാണ് വിലയിരുത്തല്‍. നിലവില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള വോട്ടര്‍പട്ടികയുടെ ചുമതല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടര്‍പട്ടിക തയ്യാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുക എന്നതാണ് പുതിയ ശുപാര്‍ശ മുമ്പോട്ട് വെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗമായിരിക്കും ആദ്യം വിളിക്കുക. പ്രതിപക്ഷ ബഹളത്തിനിടെയാണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: