തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശംഖുമുഖം വിമാനത്താവളം റോഡ് നന്നാക്കാത്തതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത് ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത് കരാര്‍ കമ്പനിയുടെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍. ഇതു മനസ്സിലാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊട്ടിത്തെറിച്ചു. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യോഗം വിളിച്ചെങ്കില്‍ മാത്രമേ നിങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയുള്ളോ റോഡ് നിര്‍മ്മാണം കരാറെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥനോടു മന്ത്രി ചോദിച്ചു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് 221 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍. മന്ത്രി വിളിച്ച യോഗത്തില്‍ മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എന്‍ജിനീയറും പങ്കെടുത്തപ്പോള്‍, കമ്പനി അയച്ചതു ജൂനിയര്‍ ഉദ്യോഗസ്ഥനെയാണ്.
സാങ്കേതിക കാരണങ്ങളുടെ പേരില്‍ അറ്റകുറ്റപ്പണി ഇഴയുന്നതു ശ്രദ്ധയില്‍പെട്ടതോടെയാണു മന്ത്രിയുടെ നിയന്ത്രണം വിട്ടത്. ”പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണു മരാമത്തു വകുപ്പിന്റെ പ്രശ്നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും”മന്ത്രി പറഞ്ഞു. അതേസമയം, കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖംഎയര്പോര്ട്ട് റോഡ് ഫെബ്രുവരിയില്‍ പൂര്‍ണമായും വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: