എം.കെ. പ്രദീപ്
വലിയഴീക്കലിലെ കായല്‍ക്കരയില്‍ അന്ത്യപ്രണാമമേകി പ്രാര്‍ത്ഥന ചൊല്ലി പ്രിയപ്പെട്ട രണ്‍ജീതിന് വിട ചൊല്ലുമ്പോള്‍ ഉള്ളില്‍ തറച്ചത് അദ്ദേഹത്തിന്റെ ഇളയമകള്‍ ഹൃദ്യയുടെ വിലാപമാണ്… പ്രാര്‍ത്ഥന ചൊല്ലിപ്പഠിപ്പിച്ച അച്ഛന് വേണ്ടി എനിക്ക് അന്ത്യപ്രാര്‍ത്ഥന ചൊല്ലേണ്ടി വന്നല്ലോ എന്ന ആ പൊന്നുമോളുടെ വിതുമ്പല്‍ ഉള്ളുലച്ചുകളഞ്ഞു. രണ്‍ജീത് ശ്രീനിവാസന് എന്ന സൗമ്യനും ശാന്തനുമായ സ്വയംസേവകന്, തന്റെ സംഘജീവിതത്തെ എത്രത്തോളം കുടുംബത്തിലേക്കും പകര്‍ന്നു എന്നതിന്റെ അടയാളം കൂടിയായിരുന്നു അത്. സംഘമായിരുന്നു രണ്‍ജീതിന് കുടുംബം. അതുപോലെതന്നെ സ്വന്തം കുടുംബത്തെയും അദ്ദേഹം സംഘപൂരിതമാക്കിത്തീര്‍ത്തിരുന്നു.
ചേതനയറ്റ പ്രിയതമന്റെ ഉള്ളം അന്ത്യനിമിഷത്തിലും തുടിച്ചിരുന്നത് എന്തിനുവേണ്ടിയായിരുന്നിരിക്കാം എന്ന് അറിയുന്നവളായിരുന്നു അദ്ദേഹത്തിന്റെ പത്നി ലിഷ. ‘എന്റെ രണ്ജിയെ ഗണവേഷം അണിയിക്കണം’ എന്ന ആ സഹോദരിയുടെ ഹൃദയവിലാപം മറക്കാനാകില്ല. ഒരു സംഘപരിപാടിക്ക് ഗണവേഷം ധരിച്ച് പോകുന്നതുപോലെ ചിതയിലേക്കും രണ്‍ജീത്തിനെ ആ കുടുംബം യാത്രയാക്കി. ഗണവേഷം നെഞ്ചോടുചേര്‍ത്ത് ധീരനായ ഒരു സ്വയംസേവകന്റെ വിടവാങ്ങല്‍…
രണ്‍ജീത് രണം ജയിച്ചവനാണ്. വിദ്വേഷവും വിഭാഗീയതയും അരങ്ങുവാഴുന്ന സമകാലീന ജീവിതത്തില്‍ സ്നേഹം കൊണ്ടും നിറഞ്ഞ ചിരി കൊണ്ടും എതിര്‍ക്കുന്നവരുടെയും ഹൃദയം കവര്ന്നവന്. ലളിതമായി ജീവിക്കുകയും സൗമ്യമായി സംസാരിക്കുകയും ചെയ്തവന്. ആലപ്പുഴ ബാറിലെ അഭിഭാഷക സുഹൃത്തുക്കള്‍ രണ്‍ജീത്തിന് നല്കിയ അന്ത്യാഞ്ജലിയില്‍ അതുണ്ട്. തങ്ങളുടെ പ്രിയസഹപ്രവര്‍ത്തകനെ ഇല്ലാതാക്കിയവര്‍ക്ക് വേണ്ടി വക്കാലത്ത് എടുക്കില്ലെന്ന് പ്രതിജ്ഞയെടുത്താണ് അഭിഭാഷകര്‍ ആ കടമ നിറവേറ്റിയത്. രാഷ്ട്രീയത്തിന് അതീതമായിരുന്നു ആ സ്നേഹബന്ധം.
മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച കാലത്താണ് ഞാന്‍ അദ്ദേഹത്തെ അടുത്തറിയുന്നത്. തീരദേശത്തെ ജനങ്ങളെ സംഘടിപ്പിക്കുകയും ദേശീയധാരയിലേക്ക് നയിക്കുകയുമായിരുന്നു പ്രവര്‍ത്തനത്തിന്റെ ഉന്നം. മത്സ്യപ്രവര്‍ത്തക സംഘത്തിന് ചുമതലയില്‍ അദ്ദേഹത്തെ പോലൊരാള്‍ വേണമായിരുന്നു. ആലപ്പുഴയിലെ മുന്‍നിര അഭിഭാഷകരിലൊരാളായ അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ സംഘടനയില്‍ ചുമതല ഏറ്റെടുക്കുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാല്‍ സംസാരിച്ചപ്പോള്‍, സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ രണ്‍ജീത് ആ ചുമതല ഏറ്റെടുത്തു.
ജില്ലാ ചുമതലയില്‍ രണ്‍ജീത് ശ്രീനിവാസന് എന്ന പത്രവാര്‍ത്ത കണ്ട പല അഭിഭാഷകസുഹൃത്തുക്കളും ഇത് വേണമായിരുന്നോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. ‘ഞാന്‍ പിറന്ന, എന്നെ ഞാനാക്കി വളര്‍ത്തിയ സമുദായത്തിനും പാരമ്പര്യത്തിനും വേണ്ടി എന്ത് ചെയ്യുന്നതും തികഞ്ഞ് അഭിമാനത്തോടെയായിരിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സുതാര്യമായിരുന്നു രണ്‍ജീത്തിന്റെ ജീവിതം. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് തീരുമാനിച്ചുറച്ച വ്യക്തിത്വം. ജീവിതത്തിന്റെ ആധുനിക സംവിധാനങ്ങള്‍ ചുറ്റും നിറയുമ്പോഴും ബോധപൂര്‍വം അദ്ദേഹം അതില്‍ നിന്ന് മാറി നടന്നു. ആരെയും ആശ്രയിക്കാതെ, സ്വാശ്രയമായി, ലളിതമായി ജീവിക്കാനാകണം എന്ന് ഒപ്പമുള്ളവരെ പഠിപ്പിച്ചു. സംഘടനയുടെ കണക്കുകള്‍ തയ്യാറാക്കുമ്പോള്‍ ഈ സുതാര്യത പ്രകടമായിരുന്നു. സ്വന്തം പോക്കറ്റില്‍ നിന്ന് പണം മടക്കി സംഘടനയ്ക്കായി യാത്ര ചെയ്തു. ഇതേപ്പറ്റി ചോദിക്കുന്നവരോട്, ‘ഇതെന്റെ കര്‍ത്തവ്യമാണ്, സമൂഹത്തിന് വേണ്ടി, സമൂഹം നല്കുന്ന പണമാണ്. ഇതെനിക്കുള്ളതല്ല’ എന്നായിരുന്നു രണ്‍ജീതിന്റെ മറുപടി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയോഗമുണ്ടായപ്പോഴും രണ്‍ജീത് പുറകിലേക്ക് മാറി. ”ഞാന്‍ മിനിമം ചെലവില്‍ ജീവിക്കുന്ന ഒരാളാണ്. സ്ഥാനാര്‍ത്ഥിയായും മറ്റും നില്ക്കുമ്പോള് അത്തരത്തില്‍ പണം ചെലവാക്കാന്‍ എന്റെ പക്കലില്ല. മാത്രമല്ല, പാര്‍ട്ടിയില്‍ അര്‍ഹരായ, യോഗ്യതയുള്ള മറ്റ് നിരവധി പേരുണ്ട്. ബിജെപിയുടെ ചുമതലക്കാര്‍ ധാരാളമുള്ളപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ശരിയല്ല” എന്നായിരുന്നു അന്ന് പ്രതികരണം. പക്ഷേ തെരഞ്ഞെടുപ്പില്‍ രണ്‍ജീത് നടത്തിയ മുന്നേറ്റം എതിര് മുന്നണികളെ അതിശയിപ്പിക്കുന്നതായിരുന്നു. മൂന്ന് മടങ്ങ് വോട്ട് വര്‍ധനയോടെയാണ് അഡ്വ. രണ്‍ജീത് ശ്രീനിവാസന് പാര്‍ട്ടിയുടെ സ്വാധീനമുറപ്പിച്ചത്.
കുടുംബത്തില്‍, തൊഴിലിടത്തില്‍, ഇടപെട്ട മേഖലകളിലൊക്കെ സംഘജീവിതത്തിന്റെ സൗമ്യത പകരുകയായിരുന്നു രണ്‍ജീത് ശ്രീനിവാസന്. മാതൃകയും പ്രേരണയുമായ ജീവിതം. അവസാനിക്കാത്ത ഓര്‍മ്മകള്‍ അനേകരില്‍ ജ്വലിപ്പിച്ചുനിര്‍ത്തിയാണ് രണ്‍ജീത് മടങ്ങിയത്. കൊലവാളുകള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയാത്ത ആദര്‍ശത്തിന്റെ വീറുണ്ട് ആ ഓര്‍മ്മകള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: