കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നല്‍കുന്നത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍
- സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാരുടെ ചിത്രം ഒഴിവാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ഒരു വാദം. എന്നാല്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ വയ്ക്കാമെന്നാണ് സുപ്രീം കോടതിയുടെ വിധി.
- അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്
‘മരുന്നും കര്‍ശന നിയന്ത്രണങ്ങളും, നമുക്കൊരുമിച്ച് കൊവിഡിനെ തോല്‍പ്പിക്കാം: പ്രധാനമന്ത്രി നരേന്ദ്ര മോദി’യെന്ന വാക്കുകള്‍ സര്‍ട്ടിഫിക്കറ്റിലുണ്ട്. ഇത് വായിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് വാദം. രാജ്യം ഒന്നൊന്നര കൊല്ലമായി കൊവിഡ് മഹാമാരിയുടെ പിടിത്തത്തിലാണ്. നമ്മുടെ വിദഗ്ധരുടെ ശ്രമഫലമായി നമുക്ക് വാക്സിന് നിര്‍മ്മിക്കാന്‍ സാധിച്ചു. വിദേശത്തു നിന്നുള്ള വാക്സിന് ഇറക്കുമതി ചെയ്യാനും സാധിച്ചു. ജനസംഖ്യ 140 കോടിയിലേക്ക് എത്തുകയാണ്.
രോഗം നിര്‍മ്മാജ്ജനം ചെയ്യാനുള്ള ഏകമാര്‍ഗം വാക്സിനേഷനാണ്. ആ സമയത്ത് പ്രധാനമന്ത്രിയുടെ ചിത്രം സഹിതം ഇത്തരമൊരു സന്ദേശം നല്‍കിയതില്‍ എന്താണ് കുഴപ്പം. ഇതെങ്ങനെയാണ് വ്യക്തിയുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാകുന്നത്. പ്രധാനമന്ത്രി ഓടുപൊളിച്ച് പാര്‍ലമെന്റില്‍ കയറിയതല്ല. ജനവിധി ലഭിച്ചാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ഇന്ത്യന്‍ ജനാധിപത്യത്തെ ലോകം വാഴ്ത്തുന്നുണ്ട്. തെരഞ്ഞെടുപ്പുവരെ ജനങ്ങള്‍ക്ക് രാഷ്ട്രീയം വച്ച് പ്രചാരണം നടത്താം. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും അതിന്റെ നേതാവും ജയിച്ചു കഴിഞ്ഞാല്‍, പിന്നെ അദ്ദേഹം ആ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവല്ല, രാജ്യത്തിന്റെ നേതാവാണ്. സര്‍ക്കാരിന്റയും പ്രധാനമന്ത്രിയുടെയും നയങ്ങളോട് എതിര്‍പ്പുണ്ടാകാം, രാഷ്ട്രീയ ഭിന്നതയുണ്ടാകാം. അവ ജനാധിപത്യപരമായ രീതിയില്‍ വേണം ഉന്നയിക്കാന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ ഭിന്നതകള്‍ പ്രചരിപ്പിച്ച് ജനവിധിയിലൂടെ പ്രധാനമന്ത്രിയെ മാറ്റാം. പ്രധാനമന്ത്രിയായിക്കഴിഞ്ഞാല്‍, എക്സോ വൈ യോ ആയിക്കോട്ടെ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ആ പദവി ഓരോ പൗരന്റെയും അഭിമാനവുമായിരിക്കണം. പൗരന്മാരുടെ വിശ്വാസം കൂട്ടാന്‍, പ്രധാനമന്ത്രിയുടെ ചിത്രം സഹിതം കൊവിഡിനെതിരെ സന്ദേശം നല്‍കിയതില്‍ അതെങ്ങനെയാണ് ഹര്‍ജിക്കാരന്റെ സ്വകാര്യതയെ ബാധിക്കുന്നത്. ഒരു പൗരന് ഉയര്‍ത്തേണ്ട വാദമേയല്ല ഇത്.
- ഹര്ജിക്കാരന് ഉത്തരമില്ലായിരുന്നു
ജവഹര്‍ലാല്‍ നെഹ്റു ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സംസ്ഥാനതല മാസ്റ്റര്‍ കോച്ചാണ് താന്‍ എന്നാണ് ഹര്‍ജിക്കാരന്റെ വാദം. ആ സ്ഥാപനത്തിന് ഒരു പ്രധാനമന്ത്രിയുടെ പേരാണ്. ഇക്കാര്യം ആരാഞ്ഞപ്പോള്‍ ഹര്ജിക്കാരന് ഉത്തരമില്ലായിരുന്നു.
- ജനങ്ങളുടെ ആത്മവീര്യം ശക്തമാക്കാനുള്ള സന്ദേശമാണിത്
സന്ദേശങ്ങള്‍ നിര്‍ബന്ധിതമായി കേള്പ്പിക്കുന്നുവെന്നാണ്( വായിപ്പിക്കുന്നു)വെന്നാണ് വാദം. ഇത് സ്ഥാപിക്കാന്‍ മിയാമി ലോ സ്കൂളിലെ കരോളിന് മാലാ കോര്ബിന് എന്നയാളുടെ ലേഖനത്തിന്റെ ചില ഭാഗങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തി. ആ ലേഖനം ഞാന്‍ (ജഡ്ജി) വായിച്ചു. രാജ്യതാല്പര്യം ആവശ്യപ്പെടുന്നുവെങ്കില്‍, സന്ദേശങ്ങള്‍ നിര്‍ബന്ധിച്ച് കേള്‍പ്പിക്കാമെന്ന് അതിലും പറയുന്നുണ്ട്. രാജ്യത്തിനുവേണ്ടിയുള്ള, മഹാമാരിക്കെതിരെ ജനങ്ങളുടെ ആത്മവീര്യം ശക്തമാക്കാനുള്ള സന്ദേശമാണിത്. ഇത് അടിച്ചേല്പ്പിക്കുകയൊന്നുമല്ല.ഇതര രാജ്യങ്ങളിലെ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ ഇല്ലെന്നാണ് മറ്റൊരു വാദം. ഉത്തരം പോലും അര്‍ഹിക്കാത്ത വാദമാണിത്. പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കുന്നത് ആ രാജ്യമാണ്.
- പ്രധാനമന്ത്രിയെ പൗരന്മാര് ബഹുമാനിക്കണം
എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്നും അവരെ വിശ്വസിക്കരുതെന്നുമാണ് ഒരു വിഭാഗം പൗരന്മാരുടെ ധാരണ. ഹര്‍ജിക്കാരന്റെ വാദങ്ങളും ഇതേ ധാരണയില്‍ നിന്നുള്ളതാണ്. ഇത്തരം വാദങ്ങളെ സാമാന്യവത്കരിക്കാനാവില്ല. രാഷ്ട്രീയക്കാര്‍ക്ക് എന്താണ് കുഴപ്പം? കോടതി ചോദിച്ചു. ചെറിയ ശതമാനം രാഷ്ട്രീയക്കാര്‍ക്ക് മോശം ചരിത്രമായിരിക്കാമുള്ളത്. അതിന്റെ പേരില്‍ മുഴുവന്‍ പേരെയും അവഗണിക്കേണ്ടതില്ല. നവീനമായ ആശയങ്ങളിലൂടെ നമ്മുടെ രാജ്യത്തെ കെട്ടിപ്പടുക്കുന്നവരാണ് അവര്‍.
എക്സിക്യൂട്ടീവ്( ഭരണാധികാരി) ജുഡീഷ്യറി, ലജിസ്ലേച്ചര്‍ എന്നിവ ഭരണഘടന പ്രകാരമുള്ള ഇന്ത്യയുടെ മൂന്ന് അവയവങ്ങളാണ്. പാര്‍ലമെന്ററിയന്‍ തെറ്റു കാണിച്ചാല്‍ അത് പരിശോധിക്കാന്‍ ജുഡീഷ്യറി( നിയമസംവിധാനം) ഉണ്ട്. ജഡ്ജി തെറ്റു കാണിച്ചാല്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാന്‍ നമുക്ക് പാര്‍ലമെന്റ് ഉണ്ട്. ഇതാണ് നമ്മുടെ ഭരണഘടനയുടെ സൗന്ദര്യം. രാഷ്ട്രീയക്കാര്‍ നേരിട്ട് ജനങ്ങളുടെ അടുത്തു പോയാണ് സമയം ചെലവിടുന്നത്. അവരില്‍ യോഗ്യരാവയരെ ജനങ്ങള്‍ തെരഞ്ഞെടുക്കും. പാര്‍ലമെന്റിലേക്ക് അയക്കും. ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടി അഞ്ചു വര്‍ഷത്തേക്ക് പ്രധാനമന്ത്രിയെ നിയമിക്കും. പ്രധാനമന്ത്രി ബിജെപിക്കാരനെന്നോ കോണ്‍ഗ്രസുകാരനെന്നോ ആര്‍ക്കും പറയാനാവില്ല. പ്രധാനമന്ത്രിയെ ബഹുമാനിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. പ്രധാനമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടുകളില്‍ ഭിന്നാഭിപ്രായം ഉണ്ടാകാം. അദ്ദേഹം ജനങ്ങളുടെ ക്ഷേമത്തിന്ഒന്നും ചെയ്യുന്നില്ലെന്നും പറയാം. പക്ഷെ പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും അടങ്ങിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നാണക്കേടിന്റെ ആവശ്യമില്ല. ഇത് മൗലികാവകാശങ്ങളിലുള്ള കടന്നു കയറ്റവുമല്ല. അടിയന്തരമായി തടയേണ്ട വാദങ്ങളാണ് ഇത്.
- ജനാധിപത്യത്തിന്റെ ചരിത്രം ഹര്ജിക്കാരന് പഠിക്കണം
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം ഹര്ജിക്കാരന് പഠിക്കേണ്ടതാണ്. അതിന്റെ സൗന്ദര്യം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തിന്റെ അര്‍ത്ഥം എന്തെന്ന് ഒരു കുട്ടി ചോദിച്ചപ്പോള്‍ അത് ഒരു ഓട്ട മത്സരം ആണെന്നാണ് ബാപ്പുജി പറഞ്ഞത്. ആദ്യമെത്തുന്നയാള്‍ രാജ്യത്തെ നയിക്കും. ഇതില്‍ തോറ്റവരും ജയിച്ചവരും ഇല്ലെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്താടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി, നെഹ്റു പ്രധാനമന്ത്രിയായി. 489 സീറ്റുകളില്‍ 364 സീറ്റുകള്‍ അവര്‍ക്കാണ് ലഭിച്ചത്. 16 സീറ്റുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായിരുന്നു രണ്ടാമത്, പ്രതിപക്ഷ നേതൃ പദവി ലഭിക്കാനുള്ള സീറ്റുകള്‍ ഇല്ലാതിരുന്നിട്ടും നെഹ്റു എ.കെ. ഗോപാലനെയാണ് പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന അടല്‍ ബിഹാരി വാജ്പേയിയെയാണ് ജനീവ സമ്മേളനത്തില്‍ കശ്മീര്‍ സംബന്ധിച്ച് മറുപടി നല്കാന് അയച്ചത്. ഇതു കണ്ട് അയല്‍രാജ്യം പോലും അമ്പരന്നുവെന്നാണ് വാജ്പേയി പാര്‍ലമെന്റിലെ പ്രസംഗത്തില്‍ പറഞ്ഞത്. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് നമ്മുടെ ജനാധിപത്യം. പരസ്പര ബഹുമാനം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതില്ലാതെ വരുന്ന ദിനം നമ്മുടെ ജനാധിപത്യത്തിന്റെ കരിദിനമാണ്.
- ബാലിശമായ ഹര്‍ജി; വലിയ പിഴ തന്നെ വേണം
പരിഹാസ്യമായ വാദങ്ങളുമായി കോടതിയില്‍ എത്തുമ്പോള്‍ വലിയ പിഴ തന്നെ വേണം ഈടാക്കാന്‍. പ്രധാനമന്ത്രിയുടെ ചിത്രമുള്ള സര്‍ട്ടിഫിക്കറ്റ് സ്വകാര്യതയിലുള്ള കടന്നു കയറ്റമാണെന്ന് ഒരു പൗരന് തന്നെ ഹൈക്കോടതിയില്‍ വാദിക്കുന്നു. ഒരു പൗരനില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രധാനമന്ത്രിക്ക് നല്കുന്ന ബഹുമാനം ഹര്ജിക്കാരന് കാണണം. ബഹുമാന്യനായ( ഓണറബിള്‍) പ്രധാനമന്ത്രിയെന്നാണ് അവര്‍ വിളിക്കുക.
ഒരു ലക്ഷം രൂപയെന്ന തുക ഒരു സാധാരണക്കാരന് വളരെ വലുതാണെന്ന് അറിയാം. എങ്കിലും സാഹചര്യങ്ങളും മറ്റും നോക്കിയാല്‍ ഇതു തന്നെ വേണം ചുമത്താന്‍. ഇത്തരം ഹര്‍ജികള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം ഹര്ജിക്കാരന് അറിയണം. ആയിരങ്ങള്‍ നീതിക്ക് കാത്തു നില്‍ക്കുകയാണ്. അതിനാല്‍ കേസുകള്‍ കഴിയും വേഗം തീര്‍പ്പാക്കാനാണ് കോടതികളുടെ ശ്രമം. ആ സമയത്താണ് ഇത്തരം ബാലിശമായ ഹര്‍ജികളുമായി കോടതിയില്‍ എത്തുന്നത്. വലിയ പിഴ ചുമത്തി തന്നെ വേണം അവ തള്ളാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: