തിരുവനന്തപുരം: എസ്ഡിപിഐ തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാര്‍. ഭാരതീയ ജനതാ പാര്‍ട്ടിയും വിവിധ ക്ഷേത്രസംഘടനകളും ശിഷ്ടകാലം ഈ കുടുംബത്തിന്റെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അറിയിച്ചു.
അഡ്വ.രജ്ഞിത്ത് ശ്രീനിവാസനെ ജിഹാദി കൊലയാളി സംഘം വീട്ടില്‍ക്കയറി സ്വന്തം അമ്മയുടേയും പ്രിയ പത്നിയുടേയും പിഞ്ചുമക്കളുടേയും മുന്നിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം സമൂഹ മനസ്സാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഒരാദര്‍ശത്തിനുവേണ്ടി ജീവിച്ചു എന്നതിന്റെ പേരില്‍ മാത്രമാണ് നിരപരാധിയായ ആ ചെറുപ്പക്കാരന്റെ ജീവിതം ഹോമിക്കപ്പെട്ടത്. മികച്ച അഭിഭാഷകന് എന്ന നിലയില്‍ കഠിനാധ്വാനം ചെയ്താണ് അദ്ദേഹം തന്റെ കുടുംബത്തെ സംരക്ഷിച്ചുപോന്നിരുന്നത്. പ്രായമായ അമ്മയേയും ആറിലും ഒന്‍പതിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളേയും അകാലത്തില്‍ വിധവയാക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രിയ പത്നിയേയും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്വവുമാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
ഉദാരമതികളായ പ്രിയ സഹപ്രവര്‍ത്തകരും ദേശസ്നേഹികളും അഭ്യുദയകാംക്ഷികളും തങ്ങളാലാവുന്ന സഹായങ്ങള്‍ കുടുംബത്തിന് എത്തിച്ച് നല്‍കണമെന്നും അദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം, മണ്ണഞ്ചേരിയിലും ആലപ്പുഴ നഗരഹൃദയത്തിലും കൊലപാതകങ്ങള്‍ നടന്നപ്പോള്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് മറുപടിയുമായി പോലീസ്. രണ്ടാമതായി കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകം പോലീസ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. രണ്‍ജീതിനെ അത്തരത്തില്‍ അക്രമികള്‍ ലക്ഷ്യമിട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള സൂചന ലഭിച്ചിരുന്നെങ്കില്‍ അതു തടയാമായിരുന്നു.
മണ്ണഞ്ചേരിയില്‍നിന്ന് അകലെയായതിനാല്‍ ആലപ്പുഴനഗരത്തില്‍ കാര്യമായ പോലീസ് പരിശോധനയില്ലായിരുന്നു. നഗരത്തില്‍ പോലീസ് ശ്രദ്ധ എത്താന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാകണം അക്രമികള്‍ നഗരത്തില്‍ താമസിക്കുന്ന നേതാവിനെ ലക്ഷ്യമിട്ടതെന്നാണു കരുതുന്നത്. മാത്രമല്ല, സ്ഥലപരിചയമില്ലാത്തവര്‍ക്ക് ഈ വീട് കണ്ടെത്തുക പ്രയാസമാണ്. ഒട്ടേറെ വീടുകളുള്ള സ്ഥലമാണിത്. അക്രമിസംഘത്തിനു വീടുകണ്ടെത്താന്‍ കൃത്യമായ സഹായം പ്രാദേശികമായി ലഭിച്ചെന്നാണു വിലയിരുത്തല്‍. അതിരാവിലെയായതിനാല്‍ റോഡിലും പരിസരങ്ങളിലും ആളും കുറവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: