തൃശ്ശൂര്‍: ബെവ്കോയില്‍ മദ്യം വാങ്ങാനെത്തിയ യുവാവ് മദ്യകുപ്പികള്‍ അടിച്ചു തകര്‍ക്കുകയും വനിതാ ജീവനക്കാരിക്കു നേരെ കുപ്പിച്ചില്ലു കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പുതൂര്‍ക്കര തൊയകാവില്‍ അക്ഷയ്(24) നെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
അയ്യന്തോള്‍ പഞ്ചിക്കലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ യുവാവ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിക്കു നേരെ പ്രകോപനപരമായി സംസാരിച്ചതില്‍ നിന്നാണു തുടക്കമെന്നു ജീവനക്കാര്‍ പറയുന്നു. മുപ്പതിലേറെ വിദേശമദ്യ ബീയര്‍ കുപ്പികള്‍ ഇയാള്‍ എറിഞ്ഞുടച്ചു. 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണു ബവ്കോ അധികൃതരുടെ കണക്ക്. ബീയര്‍ കുപ്പികളുടെ മൂടി തുറന്നു സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ നിന്നു യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
4 വനിതാ ജീവനക്കാരും 2 പുരുഷ ജീവനക്കാരുമാണ്ജോലിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കു നേരെ ഭീഷണി മുഴക്കിക്കൊണ്ടു യുവാവ് സൂപ്പര്‍ മാര്ക്കറ്റിനുള്ളിലൂടെ തലങ്ങും വിലങ്ങും നടന്നു മദ്യക്കുപ്പികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ചോദ്യംചെയ്ത വനിതാ ജീവനക്കാരിയെ ഉന്തുകയും കുപ്പിച്ചില്ല് ഉയര്‍ത്തി വധഭീഷണി മുഴക്കുകയും ചെയ്തു. ബീയര്‍ തുറന്ന് പരസ്യമായി മദ്യപിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അറസ്റ്റിലായ പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതിലും ബവ്കോ ജീവനക്കാര്‍ക്കു പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: