മുംബൈ: അതിരുവിട്ട ഹിന്ദു വിരുദ്ധ തമാശകളുടെ പേരില്‍ വിവാദപുരുഷനായ സ്റ്റാന്റപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് മുംബൈയില്‍ വേദിയൊരുക്കി എന്‍സിപിനേതാവ് ശരത് പവാറും കോണ്‍ഗ്രസും.
മഹാരാഷ്ട്രയില്‍ മുംബൈയില്‍ മുനവര്‍ ഫറൂഖിക്ക് പ്രകടനം നടത്താന്‍ വേദി നല്കി ഒരിയ്ക്കല്‍ കൂടി കോണ്‍ഗ്രസും ശരത് പവാറും തങ്ങളുടെ ഹിന്ദുവിരുദ്ധത പരസ്യമാക്കിയിരിക്കുകയാണ്. നേരത്തെ കര്ണ്ണാടകമുള്പ്പെടെയുള്ള ബിജെപി ഭരണസംസ്ഥാനങ്ങള്‍ ഹിന്ദുവിരുദ്ധ സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് വേദി നിഷേധിച്ചിരുന്നു. ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ ബിജെപി എതിര്‍പ്പിനെ തുടര്‍ന്ന് മുനവര്‍ ഫറൂഖിയ്ക്ക് ഉപേക്ഷിയ്ക്കേണ്ടതായി വന്നിരുന്നു.
ഡിസംബര്‍ 18ന് മുംബൈയില്‍ മുനവര്‍ ഫറൂഖിയുടെ ‘ഫ്രം ഡോംഗ്രി ടു നോവേര്‍’ എന്ന പേരിലുള്ള സ്റ്റാന്റപ് കോമഡി പരിപാടി നടന്നിരുന്നു. ഇതിന് പിന്നില്‍ കോണ്‍ഗ്രസാണ് കരുക്കള്‍ നീക്കിയത്. പരിപാടി നടത്താനായി പൊലീസിന് കോണ്‍ഗ്രസ് കത്തെഴുതിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും നിരോധിക്കപ്പെട്ട പരിപാടി ഇവിടെ നടത്തണമെന്നാണ് കോണ്‍ഗ്രസ് കത്തില്‍ അപേക്ഷിച്ചിരുന്നത്. ഭരണഘടന അനുശാസിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് മുനവര്‍ ഫറൂഖിക്ക് അനുകൂലമായി കോണ്‍ഗ്രസ് പൊലീസിനെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുനവര്‍ ഫറൂഖിയുടെ പരിപാടി നടന്ന ഹാള്‍ ശരത് പവാറിന്റെ നിയന്ത്രണത്തിലുള്ളതാണെന്ന് അറിയുന്നു. വൈബി ചവാന് സെന്ററിലാണ് ഈ പരിപാടി അരങ്ങേറിയത്. ഹിന്ദുവിനെ വെറുക്കുന്ന മുനവര്‍ ഫറൂഖിക്ക് വേണ്ടി കോണ്‍ഗ്രസും ശരത് പവാറും വാദിച്ചതില്‍ അത്ഭുതമില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: