മുഹമ്മ: ഡോക്ടറുടെ സേവനമില്ലാത്തതിനാല്‍ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ രാത്രിചികിത്സ വീണ്ടും മുടങ്ങി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് താല്‍ക്കാലികമായി നിയമിച്ച ഡോക്ടറുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് രാത്രിചികിത്സയ്‌ക്ക് ആളില്ലാതായത്. ആയിരക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയില്‍ രാത്രിചികിത്സയുണ്ടാകില്ലെന്ന് കാട്ടി അധികൃതര്‍ പോസ്റ്റര്‍ പതിപ്പിച്ചു.
ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാല്‍ ദീര്‍ഘനാള്‍ ആശുപത്രിയിലെ രാത്രിചികിത്സ മുടങ്ങിയിരുന്നു. പിന്നീട് സര്‍ക്കാരും ബ്ലോക്ക് പഞ്ചായത്തും ഇടപെട്ടാണ് ഡോക്ടറുടെ സേവനവും രാത്രികാല ചികിത്സയും ഉറപ്പുവരുത്തിയത്. ഹൗസ് സര്‍ജന്‍മാരും രാത്രി ഡ്യൂട്ടിയ്‌ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയപടിയായി. അഞ്ച് ഡോക്ടര്‍മാരാണ് ഇവിടെ ചികിത്സയ്‌ക്ക് ഉണ്ടായിരുന്നത്. താല്‍ക്കാലിക ഡോക്ടറുടെ സേവന കാലാവധി പൂര്‍ത്തിയായി. വര്‍ക്ക് അറെയ്ഞ്ച്‌മെന്റിന്റെ ഭാഗമായി ഒരാള്‍ മറ്റൊരു സ്ഥലത്താണ്. ഒരു ഡോക്ടര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുമായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി. ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുമില്ല.
മുഹമ്മ, കഞ്ഞിക്കുഴി,തണ്ണീര്‍മുക്കം, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ സാധാരണക്കാരായ ആയിരക്കണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രമാണിത്. നൂറുകണക്കിന് രോഗികളാണ് ദിനവും ഇവിടെ ചികിത്സ തേടിയെത്തുന്നത്. കിടത്തി ചികിത്സയുമുള്ള ഇവിടെ രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തത് രോഗികളെ വലയ്‌ക്കുന്നുണ്ട്. അടിയന്തരഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിലുണ്ടാകുന്ന അത്യാഹിത കേസുകളില്‍ പ്രഥമശുശ്രൂഷ ലഭിക്കാതെ ആളുകള്‍ മരണപ്പെട്ട സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: