തിരുവല്ല: സമന്വയ പോര്‍ട്ടല്‍ യൂസര്‍ ഐഡിയും പാസ് വേര്‍ഡും അനുവദിക്കാത്തതിനാല്‍ സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് താത്ക്കാലിക നിയമനങ്ങള്‍ നടത്താന്‍ കഴിയുന്നില്ല.അപേക്ഷ സമര്‍പ്പിച്ചിട്ടും മാനേജുമെന്റ് മാറ്റത്തിന് അംഗീകാരം കൊടുക്കാത്ത സ്കൂളുകള്‍ക്കാണ് സമന്വയ അനുവദിക്കാത്തത്. ഇത് മൂലം സ്കൂളുകളുടെ നടത്തിപ്പ് അവതാളത്തിലായി.
2017-ല്‍ നല്കിയ മാനേജര്‍ മാറ്റത്തിനുള്ള അപേക്ഷ 5 വര്‍ഷമായിട്ടും അംഗീകരിച്ചു കൊടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസ് തയ്യാറായിട്ടില്ല. അതോടൊപ്പം അപേക്ഷകള്‍ നിരസിച്ചിട്ടുമില്ല. മാനേജര്‍ മാറ്റം അംഗീകരിക്കാത്തതിനാല്‍ ചില സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അവതാളത്തിലായിരിക്കുകയാണ്.സമന്വയ പോര്‍ട്ടല്‍ അനുവദിക്കാത്തതിനാല്‍ താത്കാലിക നിയമനവും മരവിച്ചു.മാനേജര്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ ലഭിച്ചാല്‍ ഓരോ കാരണം പറഞ്ഞു വൈകിപ്പിക്കുകയാണ് പതിവ്. ഇതിനിടയില്‍ ഏജന്റുമാര്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ കാര്യങ്ങള്‍ വേഗത്തിലാകുമെന്ന പരാതിയും ഉയരുന്നുണ്ട്.
അംഗീകൃത സംഘടനകളുടെ പേരിലുള്ള സിംഗിള്‍ മാനേജ്മെന്റ് സ്കൂളുകളാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്.സംഘടനകളുടെ തലപ്പത്ത് മാറ്റം വരുമ്പോള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാനേജര്‍ മാറ്റം നടക്കേണ്ടതുണ്ട്. ഇതിനായി സംഘടനകളുടെ മീറ്റിങ് രേഖകളും, മാനേജ്മന്റ് മാറ്റം പ്രതിപാദിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷയും മതി. എന്നാല്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ആദ്യം വസ്തുവകകളുടെ ആധാരം ആവശ്യപ്പെടും. തുടര്‍ന്ന് വിവിധ കാരണങ്ങള്‍ പറഞ്ഞു വര്‍ഷങ്ങളോളം മാനേജര്‍ മാറ്റം തടഞ്ഞു വയ്ക്കും.ഇതിനെതിരെ ഡിപിഐയില്‍ പരാതി ഉന്നയിച്ച മാനേജ്മെന്റുകളുടെ പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉത്തരവുണ്ടായിട്ടും ഡിഇഒ ഓഫീസ് അനുസരിക്കാന്‍ തയ്യാറായില്ല.
നിയമനങ്ങള്‍ സമന്വയ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം. സമന്വയ പോര്‍ട്ടല്‍ നിലവില്‍ വന്നിട്ടും നാളിതുവരെ അതിന്റെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ലഭിക്കാത്ത മാനേജ്മെന്റുകള്‍ക്ക് സ്ഥിരം നിയമനം മാത്രമല്ല താത്ക്കാലിക നിയമനം പോലും നടത്താന്‍ കഴിയുന്നില്ല.ഇതോടെ ഇത്തരം സ്കൂളുകളില്‍ അധ്യാപകരില്ലാത്ത അവസ്ഥയാണ്.താത്കാലിക നിയമനം നടക്കാതായതോടെ പത്താം ക്ലാസ്സില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ ഉള്‍പ്പടെ വിഷമ വൃത്തത്തിലായി.പത്തനംതിട്ട ഡിഇഒയുടെ ഭരണ കാര്യങ്ങളില്‍ ചില ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാരുടെ നിര്‍ദേശം അനുസരിച്ച് ഇടപെടുന്നതായി വ്യാപകമായ പരാതി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: