മുണ്ടക്കയം: ഹൈറേഞ്ച് പാതയുടെ ആരംഭമായ 35-ാം മൈല്‍ മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്ത് അപകടം പതിവാകുന്നു. കഴിഞ്ഞയാഴ്ച അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് അപകടമാണ് ഉണ്ടായത്. ശബരിമല തീര്‍ഥാടനകാലമായതോടെ അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞദിവസം അമലഗിരിയില്‍ ഉണ്ടായ അപകടത്തില്‍ ആന്ധ്ര സ്വദേശികളായ രണ്ട് തീര്‍ഥാടകര്‍ മരണപ്പെട്ടു. വാഹനങ്ങളുടെ അമിതവേഗവും റോഡിന്റെ സുരക്ഷ കുറവും അപകടങ്ങള്‍ക്ക് കാരണമാകുമ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യങ്ങളിലും നടപടിയില്ല.
കുട്ടിക്കാനം മുതല്‍ താഴേക്കുള്ള 20 കിലോമീറ്റര്‍ ദൂരത്തിലാണ് അപകടങ്ങള്‍ പതിവാകുന്നത്. റോഡിന്റെ വശങ്ങളിലെ കൊക്കയുടെ സമീപം ബാരിക്കേഡുകള്‍ കാടുകയറിയ നിലയിലാണ്. വളവുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാത്ത രീതിയില്‍ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞുനില്ക്കുന്നു. കഴിഞ്ഞ പ്രളയ സമയത്ത് റോഡിന്റെ വശങ്ങള് ഇടിഞ്ഞു താഴ്ന്നു അപകട ഭീഷണിയായി നില്ക്കുന്ന ആറ് സ്ഥലങ്ങള്‍. വേഗം കുറച്ചു പോകണം എന്നുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാടുകയറിയും ചുവപ്പ് സിഗ്നല്‍ ലൈറ്റുകള്‍ മിഴിയടച്ചു നോക്കുകുത്തികളാകുന്നു.
36-ാം മൈലിലും കൊടികുത്തിക്ക് സമീപവും റോഡിന്റെ വശങ്ങള് ഇടിഞ്ഞ് ഗതാഗതം ഒറ്റവരിയില്‍ മാത്രമായി. ഇവയെല്ലാം സുരക്ഷാവീഴ്ചകളുടെ ചില കാഴ്ചകള്‍ മാത്രം.ശബരിമല സീസണ് ആരംഭിച്ചശേഷം ഹൈറേഞ്ച് പാതയില്‍ ഭീതിയോടെയാണ് പല വാഹനങ്ങളും കയറി പോകുന്നത്. ഇറക്കമിറങ്ങി വരുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ അമിതവേഗത്തിലാണ് എത്തുന്നത്. ഇത്തരത്തില്‍ അശ്രദ്ധമായി എത്തിയ വാഹനം ഇടിച്ചാണ് കഴിഞ്ഞദിവസം രണ്ട് തീര്‍ഥാടകര്‍ മരിച്ചത്. വാഹനങ്ങളുടെ വേഗം നിയന്ത്രിച്ചു വിടാനും അപകടങ്ങള്‍ ഒഴിവാക്കാനുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും ഫണ്ടില്ല എന്ന കാരണത്താല്‍ കഴിഞ്ഞദിവസം ഹൈറേഞ്ച് പാതയില്‍ മാത്രം പദ്ധതി നിര്‍ത്തലാക്കി. രണ്ടു വാഹനങ്ങള്‍ സദാസമയവും ദേശീയ പാതയില്‍ സഞ്ചരിച്ച് അപകടകരമായി പോകുന്ന തീര്‍ഥാടക വാഹനങ്ങളെ മുന്നറിയിപ്പ് നല്‍കുകയെന്നതും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതുമായിരുന്നു പദ്ധതി. അതും നിര്‍ത്തലാക്കിയതോടെ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാന്‍ പദ്ധതികള്‍ ഒന്നുമില്ല.
തീര്‍ഥാടനകാലത്ത് വര്‍ധിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അപകട പാതയുടെ ആരംഭ സ്ഥലങ്ങളായ കുട്ടിക്കാനത്തും 35-ാം മൈലിലും തീര്‍ഥാടക വാഹനങ്ങള്‍ തടഞ്ഞു മതിയായ നിര്‍ദ്ദേശം നല്‍കുക. വാഹനങ്ങള്‍ വേഗം കുറച്ചാണ് എത്തുന്നതെന്നു ഉറപ്പുവരുത്തുക. റോഡിന്റെ വശങ്ങള് ഇടിഞ്ഞ് ഇരിക്കുന്ന സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന എല്ലാ സിഗ്നല്‍ ലൈറ്റുകളും പ്രവര്‍ത്തിപ്പിക്കുക. റോഡിന്റെ ഇരുവശങ്ങളിലും കാടുകള്‍ വെട്ടി നീക്കാന്‍ നടപടി സ്വീകരിക്കുക. ഇത്രയും എങ്കിലും ചെയ്താല്‍ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: