ഡോ. സുകുമാര്‍, കാനഡ
ഒരാള്‍ സത്യാന്വേഷിയാവാന് തീരുമാനിച്ചാല്‍ അയാള്‍ക്കു മുന്നില്‍ രണ്ടുവഴികളാണുള്ളത്. ഒന്ന് താരതമ്യേന എളുപ്പമാണെന്ന് പറയാം. അത് ഏതെങ്കിലും വിശ്വാസപരമായ മതങ്ങളുടെ ചട്ടക്കൂടില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ച് അന്ധമായി അതിന്റെ സിദ്ധാന്തങ്ങള്‍ അണുവിട തെറ്റാതെ പിന്തുടരുകയെന്നതാണ്. രണ്ടാമത്തേത് കുറച്ച് ബുദ്ധിമുട്ടുള്ള ആത്മാന്വേഷണത്തിന്റെ പാതയാണ്. ഇതില്‍ നമുക്ക് മുന്‍പ് കടന്നുപോയിട്ടുള്ളവരുടെ ആത്മീയയാത്രയുടെ കഥകള്‍ തുറന്ന മനസ്സോടെ പഠിക്കാനുള്ള മനസ്സും സാധകന് കൂടിയേ തീരൂ.
സനാതനധര്‍മ്മമനുസരിച്ച് സാധകന് ഒരു പ്രത്യേകമാര്‍ഗ്ഗം മാത്രം അന്ധമായി പിന്തുടരണമെന്ന വാശി ആര്‍ക്കുമില്ല. അനേകം പൂക്കളില്‍ നിന്നും തേന്‍ ശേഖരിക്കുന്ന ശലഭങ്ങളെപ്പോലെയാണ് ഭാരതത്തിലെ ആത്മാന്വേഷികള്‍.ഇതുകൊണ്ടാണ് നമുക്ക് 33 കോടി ദേവന്മാരും ദേവതമാരുമുള്ളത്. ഇവയില്‍ മനുഷ്യരൂപത്തില്‍ മാത്രമല്ല പക്ഷിമൃഗാദിരൂപങ്ങളിലും വൃക്ഷലതാദി ഗണത്തിലുമുള്ള ദേവസങ്കല്‍പ്പങ്ങള്‍ നമുക്കുണ്ട്. മാത്രമല്ല വെറും കല്ലുംമരക്കഷണവും മണ്ണും ദേവതകളായികരുതാന് നമുക്ക് മടിയില്ല. അങ്ങനെ എണ്ണമറ്റ ദേവതകളാണ് നമ്മെ പ്രചോദിപ്പിക്കാന്‍ സങ്കല്‍പ്പത്തില്‍ സൃഷ്ടിച്ചു വച്ചിരിക്കുന്നത്. പ്രകൃതി തന്നെ നമുക്ക് ദേവതയാണ്. നദിയും മലയും കടലും അങ്ങനെ തന്നെ. എന്നാല്‍ സനാതനധര്മ്മതത്വത്തില് ഇപ്പറഞ്ഞ എണ്ണമറ്റ നാമരൂപങ്ങള്‍ എല്ലാം ഒരേയൊരു പരംപൊരുളിന്റെ പ്രകടിതഭാവങ്ങള്‍ മാത്രമാണ്.’ഏകംസത്,വിപ്രാബഹുധാവദന്തി’ എന്നതാണ് നമ്മുടെ ആപ്തവാക്യം. ‘സത്യമൊന്ന്. ജ്ഞാനികള്‍ അതിനെ പലവിധത്തില്‍ വിശദീകരിക്കുന്നു’എന്നാണതിന്റെ സാരം.
ഭാരതീയതത്വശാസ്ത്രത്തിലെ ആറ് ശാഖകള്‍, ഷഡ്ദര്ശനങ്ങള് എന്നറിയപ്പെടുന്നു. ബൗദ്ധം, ചര്‍വാകം, നൈയ്യായികം, ജൈനം, സാംഖ്യം, യോഗ എന്നിവയാണീ ആറ് ശാഖകള്‍. ഇവയില്‍ അദൈ്വതികളും ദൈ്വതികളുമുണ്ട്. അതിനു രണ്ടിനുമിടയ്ക്കുള്ള മറ്റനേകം മതങ്ങളുമുണ്ട്.നമ്മുടെ സുപ്രധാന ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും വേദവിജ്ഞാനമുത്തുകളുടെ വിശദ വിവരണത്തിനായി, പൊതുജനത്തിനുവേണ്ടി എഴുതി പ്രചരിപ്പിച്ചിട്ടുള്ള കഥകളാണ്. ഇവയെപ്പറ്റി ‘ന തു പരമാര്‍ത്ഥ്യം’ എന്ന് വ്യാസഭഗവാന് തന്നെ പറഞ്ഞിട്ടുണ്ട്. അതായത് കഥകളെ അപ്പടി തന്നെ വിശ്വസിക്കേണ്ടതില്ല എന്നും അവ നമുക്ക് പകരുന്ന ആശയങ്ങള്‍ക്കാണ് പ്രാധാന്യം എന്നുമാണതിന്റെ ആശയം. ഈ വാക്യമുദ്ധരിച്ച് പുരാണേതിഹാസങ്ങളെ ഇകഴ്ത്താന്‍ ചിലരെങ്കിലും തുനിയുന്നുണ്ട്. എന്നാല്‍ രാമായണഭാരതങ്ങള് തികച്ചും സത്യകഥനങ്ങളാണെന്ന് കരുതുന്നവരോടും, എല്ലാം വെറുംകെട്ടുകഥകളാണ് എന്ന മതമുള്ളവരോടും, സനാതനധര്‍മ്മത്തിന് വഴക്കില്ല. എന്നാല്‍ ഇതിഹാസപുരാണകഥകള്‍ ധര്മ്മസംസ്ഥാപന കര്‍മ്മത്തില്‍ നമുക്ക് വഴികാട്ടികളായി നിലകൊള്ളുന്നു എന്നത് വാസ്തവമത്രേ. ആ കഥകള്‍ക്ക് ധാര്‍മ്മികമായ ലക്ഷ്യങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. അയ്യപ്പചരിതവും അത്തരത്തിലുള്ള കഥകളില്‍നിന്നും എടുത്തിട്ടുള്ള പ്രചോദനപരമായ ഒരുത്തമ ഉപാഖ്യാനമത്രേ. ‘കഥകളില്‍ നിന്നും കാര്യമെന്ന’ അമൃത് കറന്നെടുക്കല്‍ സാധകന്റെ സാധനയുടെ ഭാഗമത്രേ.
ഏതൊരു പാറക്കഷണത്തിലും ഒരു ദേവതയെ കാണാനും കാണാതിരിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. ഏതു ദേവതാരൂപത്തിലും ദിവ്യതയെ പൂജിക്കാനും സനാതനധര്‍മ്മത്തില്‍ സാധകന് അധികാരമുണ്ട്. കാരണം എല്ലാപാതകളും ഒരേയൊരു ലക്ഷ്യത്തിലേക്കാണ് അവനെ നയിക്കുന്നതെന്ന് നമുക്കുറപ്പുണ്ട്. എന്നാല്‍ ഒരുവന്റെ സാധനയിലുള്ള ശ്രദ്ധയും ഭക്തിയുമാണ് അവന്റെ സപര്യയെസാര്ത്ഥകമാക്കുന്നത് എന്നും നാമറിയണം. സാധനാസപര്യയുടെ ആര്ജ്ജവമനുസരിച്ച് സാധകന്റെ അനുഭവങ്ങള്‍ക്ക് വ്യത്യാസവുമുണ്ടായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: