ആലപ്പുഴ: കായലും കടലും സാക്ഷി… അവസാന പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി ധീര ബലിദാനി അഗ്നിയില്‍ ലയിച്ചു. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ തീവ്രവാദികളുടെ വെട്ടേറ്റ് മരിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ നഗരസഭ എംഒ വാര്‍ഡ് വാര്‍ഡ് കുന്നും പുറത്ത് വീട്ടില്‍ രണ്‍ജീതിനെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് എത്തിയത്. രാവിലെ എട്ടോടെയാണ് പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത്. സംഘ പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം നൂറ് കണക്കിന് പേര് രാവിലെ തന്നെ മോര്‍ച്ചറിക്ക് മുന്നിലെത്തിയിരുന്നു. രണ്‍ജീതിന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള ബാഡ്ജ് ധരിച്ച് ഓരോ പ്രവര്‍ത്തകനും വേദനയോടെ പുറത്ത് കാത്തു നിന്നു.
11 മണിയോടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആശുപത്രി അധികൃതര്‍ മൃതശരീരം പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഭാരത മാതാവിന് ജയ് വിളികളോടെ പൂക്കള്‍ അര്‍പ്പിച്ചും മുല്ലമാലയിട്ടും അവര്‍ പ്രിയ സഹപ്രവര്‍ത്തകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി. തുടര്‍ന്ന് സംഘ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് പ്രവര്‍ത്തകര്‍ ആംബുലന്‍സിന് പിന്നില്‍ അണിനിരന്നു. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് പിന്നിലായി ആംബുലന്‍സും, ഇരുചക്രവാഹനങ്ങളും പിന്നാലെ കാറുകളും അണിനിരന്നു. വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം നിറചിരിയോടെയുള്ള രണ്‍ജീതിന്റെ ചിത്രം സ്ഥാപിച്ചിരുന്നു. ആദ്യം ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചു.
തുടര്‍ന്ന് വെള്ളക്കിണറിന് സമീപമുള്ള വീട്ടിലേക്ക് രണ്‍ജീതിന്റെ ചേതനയറ്റ ശരീരം എത്തിയപ്പോള്‍ കുടുംബാംഗങ്ങളുടെ കരച്ചിലിനു മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ കാഴ്ച്ചക്കാരും മുഖം പൊത്തി. വികാര നിര്‍ഭരമായ രംഗങ്ങളാണ് അവിടെ നടന്നത്. അച്ഛാ എന്നുള്ള മക്കളുടെ വിളി കണ്ടു നിന്നവര്‍ക്ക് പോലും താങ്ങാനായില്ല. മൂത്ത മകളെ ട്യൂഷനയച്ച ശേഷം വീട്ടിലേക്ക് വന്ന രണ്‍ജീതിന്റെ പിന്നാലെയെത്തിയ അക്രമികള്‍ ഇളയമകളുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. അച്ഛന്റെ മാറിലെ ചൂടേറ്റ് വളരേണ്ട പ്രായത്തില്‍… കണ്മുന്നില് അച്ഛന് വെട്ടേറ്റ് മരിച്ചതിന്റെ ഭീതിയിലായിരുന്നു ആ കുഞ്ഞുമക്കള്‍. കഴിഞ്ഞ നിമിഷം വരെ കൂടെയുണ്ടായിരുന്ന പ്രിയതമനെ നഷ്ടപ്പെട്ട തിന്റെ … സന്തം കണ്മുന്നില് മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതം താങ്ങാനാകാതെ ഭാര്യ ലിഷയും അമ്മയും തളര്‍ന്നിരുന്നു. ഒരു മണിയോടെ വിലാപയാത്രയോടെ മൃതദേഹം വലിയഴീക്കയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴയിലും അമ്പലപ്പുഴയിലും ഡാണാപ്പടിയിലും തൃക്കുന്നപ്പുഴയിലും പ്രവര്‍ത്തകരും നാട്ടുകാരും അടക്കം ആയിരങ്ങള്‍ ആണ് റോഡിനിരുവശവും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അണിനിരന്നത്. കുടുംബവീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാരും കൂട്ടുകാരും പ്രീയപ്പെട്ടവനെ കാണാന്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് പ്രാര്‍ത്ഥന ചൊല്ലി പ്രവര്‍ത്തകര്‍ പ്രണാമം അര്‍പ്പിച്ചതോടെ മൃതദേഹം ചിതയിലേക്കെടുത്തു. അനുജന് അഭിജിത്താണ് അന്ത്യകര്മ്മകള്ക്ക് ശേഷം ചിതയ്ക്ക് തീ കൊളുത്തിയത്. മക്കളായ ഭാഗ്യയും, ഹൃദ്യയും കൊച്ചച്ഛനോടൊപ്പം ചടങ്ങില്‍ പങ്കാളികളായി. വീടിന് കിഴക്കുവശത്തെ കായല്‍ അരികിലാണ് ചിതയൊരുക്കിയത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, രാജ്യസഭാ എംപി ശശികല പുഷ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, പി. രഘുനാഥ്, സംഘടനാ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, പന്തളം പ്രതാപന്, നാഗേഷ്, സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതി, ടി.പി. സിന്ധുമോള്‍, മേഖലാ പ്രസിഡന്റ് കെ. സോമന്, ഉപാദ്ധ്യക്ഷന്‍ അശ്വിനി ദേവ്, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ആര്‍എസ്എസ് സഹ പ്രാന്ത പ്രചാരകന്മാരായ സുദര്ശന്, ആര്. വിനോദ്, പ്രാന്ത സഹകാര്യവാഹ് പ്രസാദ് ബാബു, പ്രാന്ത വ്യവസ്ഥാ പ്രമുഖ് വി. ഉണ്ണി, പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്, പ്രൗഡപ്രമുഖ് ഗോവിന്ദന് കുട്ടി, ഗോസേവാ പ്രമുഖ് കൃഷ്ണന് കുട്ടി, പ്രാന്തകാര്യാലയപ്രമുഖ് എന്‍.കെ. പ്രദീപ്, സഹ ശാരീരിക് പ്രമുഖ് സജീവന്, സഹസമ്പര്‍ക്ക് പ്രമുഖ് സി. സി. ശെല്വന്, അയ്യപ്പസേവാസമാജം അഖിലേന്ത്യാവൈസ് പ്രസിഡന്റ് വി. കെ. വിശ്വനാഥന്, വിഭാഗ് പ്രചാരക് ചീ.വേ. ശ്രീനിഷ്, വിഭാഗ് കാര്യവാഹ് ഒ. കെ. അനില്‍, ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി സുശികുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്, എല്‍.പി. ജയചന്ദ്രന്, മുന്‍ സംസ്ഥാന വക്താവ് പി.ആര്. ശിവശങ്കരന്, വി. രാജേന്ദ്രന് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: