തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമ്പോള്‍ തലസ്ഥാനത്തെ ഉന്നത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ ക്രിക്കറ്റ് കളിയില്‍. പ്രതിയെ പിടിക്കാനായി പോകുന്നതിനിടെ സഹ പ്രവര്‍ത്തകന്‍ മുങ്ങി മരിച്ചിട്ടും, ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകങ്ങള്‍ ഉണ്ടായിട്ടും ക്രിക്കറ്റ് കളിയുമായി ഉദ്യോഗസ്ഥ സംഘം മുന്നോട്ട് പോവുകയായിരുന്നു. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഞായറാഴ്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ക്രിക്കറ്റ് കളി സംഘടിപ്പിച്ചത്.
ട്രെയിനിങ് എഡിജിപി യോഗേഷ് ഗുപ്ത, ഡിസിപി വൈഭവ് സക്‌സേന അടക്കമുള്ളവര്‍ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നു. കളിയുടെ തിരക്കുണ്ടായിരുന്നത് കൊണ്ട് മരിച്ച പോലീസുദ്യോഗസ്ഥന്‍ ബാലുവിന്റെ പൊതുദര്‍ശനത്തിന് ശേഷമാണ് ഡിസിപി വൈഭവ് സക്‌സേന എസ്എപി ക്യാമ്പിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് സേനയ്്ക്കുള്ളില്‍ തന്നെ എതിര്‍പ്പ് ഉടലെടുത്തിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ച പരിപാടിയായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റിവെക്കാമായിരുന്നു എന്ന് പോലീസ് സേനക്കിടയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. മുങ്ങിമരിച്ച പോലീസുകാരന്റെ പോസ്റ്റുമോര്‍ട്ടം നടക്കുമ്പോള്‍ ക്രിക്കറ്റ് മത്സരം നടത്തിയതിലെ ഔചിത്യക്കുറവും സേനയിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ശനിയാഴ്‌ച്ചയാണ് കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാന്‍ പോയ എസ്എപി ക്യാമ്പിലെ പോലീസുകാരന്‍ ബാലു മുങ്ങിമരിച്ചത്. ബാലുവിന്റെ മൃതദേഹം എസ്എപി ക്യാമ്പിലെ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതുവരെ ഈ മത്സരം നീണ്ടു. ഇത് കൂടാതെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. വിഷയത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായും പറയുന്നുണ്ട്. അതീവ ജാഗ്രത പാലിക്കേണ്ട ഈ സമയത്താണ് പോലീസിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമുണ്ടായത്.
ശനിയാഴ്ച ആലപ്പുഴയില്‍ വ്യാപകമായി പോലീസ് തെരച്ചില്‍ നടന്നിരുന്നു. ഇതില്‍ പിടിക്കപ്പെടാതിരിക്കുന്നതിനായി ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം പ്രദേശത്തേയ്‌ക്ക് എത്തിയത് ആംബുലന്‍സിലാണ്. എസ്ഡിപിഐയുടേതാണ് ഇതെന്നും പാലക്കാട് നിന്നാണ് ഇത് എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തു നിന്നും സംഭവത്തില്‍ വീഴ്ചയുണ്ടായെന്നും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: